ജലാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് ഭൂജല സെസ് ഈടാക്കാനൊരുങ്ങുന്നു
തിരുവനന്തപുരം: ജലാധിഷ്ഠിത വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ഭൂജല സെസ് ഈടാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഭൂഗര്‍ഭ ജലചൂഷണം തടയുന്നതിനും, ഭൂജല ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുമാണ് തീരുമാനം. ഇതിനായി 2002ലെ ഭൂജല നിയന്ത്രണവും ക്രമീകരണവും നിയമം ഭേദഗതി ചെയ്യും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ഭേദഗതി ബില്‍ കൊണ്ടു വരാനാണ് ലക്ഷ്യമിടുന്നതെന്നും ഭൂജലവകുപ്പധികൃതര്‍ സുപ്രഭാതത്തോടു പറഞ്ഞു.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് എത്ര കുപ്പിവെള്ള കമ്പനികളാണെന്ന് വ്യക്തമായ കണക്കില്ല. എന്നാല്‍, 115 കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. കുറച്ചു കമ്പനികള്‍ വ്യവസായം ആരംഭിച്ചിട്ടില്ലെന്നാണറിവ്. അനുമതിയില്ലാതെയും കുപ്പിവെള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിയമപരമായും അല്ലാതെയും പ്രവര്‍ത്തിക്കുന്ന കുപ്പിവെള്ള കമ്പനികള്‍ ഊറ്റുന്ന ഭൂജലത്തിന് അളവോ, മാനദണ്ഡങ്ങളോ, നിയന്ത്രണമോയില്ല.
എന്നാല്‍, ഭൂജല സെസ് ഉള്‍പ്പെടുത്തി നിയമഭേദഗതി കൊണ്ടുവന്നാല്‍ കുപ്പിവെള്ള കമ്പനികളുടെ എണ്ണവും, അവര്‍ ഉപയോഗിക്കുന്ന ഭൂജലത്തിന്റെ അളവും അറിയാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. പത്തുവര്‍ഷംകൊണ്ട് കേരളത്തിലെ ഭൂഗര്‍ഭജലത്തിന്റെ അളവ് മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ടെന്നാണ് അതോറിറ്റിയുടെ കണ്ടെത്തല്‍. സ്ഥിരമായി വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഭൂമിയുടെ ഉപരിതലത്തില്‍ ഇല്ലാതായതും, അമിത ഭൂജല ചൂഷണവുമാണ് ശോഷണത്തിന് പ്രധാനകാരണങ്ങള്‍. നെല്‍കൃഷി, തടയണകള്‍, കൃഷി സ്ഥലങ്ങള്‍, കണ്ടല്‍ക്കാടുകള്‍ എന്നിവയുടെ അഭാവം ഭൂഗര്‍ഭ ജലവിതാനത്തെ ബാധിച്ചിട്ടുണ്ട്. ഇതിനു പുറമേയാണ് കുപ്പിവെള്ള വ്യവസായത്തിന്റെ കടന്നുകയറ്റം.
സര്‍ക്കാര്‍ തന്നെ കുപ്പിവെള്ള കമ്പനി ആരംഭിക്കാന്‍ ആലോചിക്കുകയാണ്. കുപ്പിവെള്ള കമ്പനികള്‍ ഫാക്ടറികളില്‍ നിര്‍മിക്കുന്ന കിറണുകള്‍ വഴി ഭൂഗര്‍ഭ ജലം ഊറ്റിയെടുക്കുമ്പോള്‍ സാധാരണക്കാരുടെ കിണറുകളില്‍ വെള്ളം കിട്ടാതാകും. വന്‍ കുതിരശക്തിയുള്ള മോട്ടോറുകള്‍ ഘടിപ്പിച്ചാണ് കമ്പനികള്‍ ഭൂജലം ഊറ്റുന്നത്. അനിയന്ത്രിതമായി കിണറുകള്‍ കുഴിക്കുന്നതും ജലം ഊറ്റുന്നതും തടയാനാണ് അതോറിറ്റി ആരംഭിച്ചതെങ്കിലും എല്ലാ ജില്ലകളിലും ഇപ്പോള്‍ കുപ്പിവെള്ള കമ്പനികള്‍ ഇടംപിടിച്ചിട്ടുണ്ട്. ഉന്നതരുടെ ശുപാര്‍ശയിലാണ് കുപ്പിവെള്ള വ്യവസായ സംരംഭകര്‍ ഭൂജല വകുപ്പില്‍ നിന്നും അനുമതി നേടിയെടുക്കുന്നത്.
സംസ്ഥാനത്ത് 35 ലക്ഷത്തോളം കിണറുകളുണ്ടെന്നാണ് കണക്ക്. കൃഷിക്കും, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നവയാണിത്. കുഴല്‍ കിണറുകള്‍ വേറെയും. വെള്ളക്കച്ചവടത്തിനായി കമ്പനികള്‍ കുഴിക്കുന്ന കിണറുകളുണ്ട്. ഒരു കമ്പനി തന്നെ അഞ്ചില്‍ കൂടുതല്‍ വലിയ കിണറുകള്‍ കുഴിച്ചാണ് വെള്ളം ഊറ്റുന്നത്. കേരളത്തില്‍ ഭൂഗര്‍ഭ ജല ചൂഷണം അമിതമായതിനാല്‍ അതോറിറ്റി രണ്ടു വര്‍ഷത്തിലൊരിക്കല്‍ ജലത്തിന്റെ അളവു പരിശോധിക്കുന്നുണ്ട്.
പരിശോധനയില്‍ അമിത ചൂഷണം നടക്കുന്ന സ്ഥലങ്ങളെ സംരക്ഷിത പ്രദേശമായി നോട്ടിഫൈ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."