ഡി.വൈ.എഫ്.ഐ മുന്‍ നേതാവിനെ രക്ഷിക്കാന്‍ പൊലിസ് വാദിയെ പ്രതിയാക്കി
കൊച്ചി: ഡി.വൈ.എഫ്.ഐ മുന്‍ നേതാവിനെ ഗുണ്ടാക്കേസില്‍ നിന്ന് രക്ഷിക്കാന്‍ വാദിയെ പൊലിസ് പ്രതിയാക്കിയതായി കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് യുവസംരംഭകയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഡി.വൈ.എഫ്.ഐ മുന്‍ നേതാവ് കറുകപ്പള്ളി സിദ്ദീഖിനെ രക്ഷിക്കാന്‍ 2012ല്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ പൊലിസ് ഒത്തുകളിച്ചെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. തലശ്ശേരി സ്വദേശിയും കൊച്ചിയില്‍ 15 വര്‍ഷമായി സ്ഥിരതാമസക്കാരനുമായ നിസാര്‍ അഹമ്മദ് 2012 ല്‍ കൊച്ചി നോര്‍ത്ത് പൊലിസ് സ്റ്റേഷനില്‍ നല്കിയ പരാതിയിലാണ് അട്ടിമറി നടന്നത്. താന്‍ നടത്തിവന്ന ബാഗ് കച്ചവടത്തില്‍ പങ്കാളിയായിക്കൊണ്ട് മര്‍ദിച്ച് പണം തട്ടിയെന്നായിരുന്നു നിസാര്‍ അഹമ്മദിന്റെ പരാതി. ആദ്യം 14 ലക്ഷം രൂപയുടെ ഓഫിസ് സാമഗ്രികള്‍ കൈക്കലാക്കിയെന്നും രണ്ട് ചിട്ടികളുള്പ്പെടെ പല രീതിയില്‍ 30ലക്ഷം രൂപ കൈക്കലാക്കിയപ്പോഴാണ് താന്‍ ചതി മനസിലാക്കിയതെന്നും നിസാര്‍ അഹമ്മദ് പരാതിയില്‍ പറഞ്ഞിരുന്നു. ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് കര്‍ണപുടം പൊട്ടി ചികിത്സ തേടേണ്ടിവന്നു.
സിദ്ദീഖിന്റെ ഭീഷണിയെ തുടര്‍ന്ന് ആദ്യം പരാതി നല്കിയില്ലെങ്കിലും മര്‍ദനം അതിക്രൂരമായപ്പോള്‍ പൊലിസിനെ സമീപിക്കുകയായിരുന്നു. പരാതിയില്‍ അന്വേഷണം നടത്തിയ പൊലിസ് ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം നടന്ന അന്വേഷണം ഇത് അട്ടിമറിക്കുന്ന തരത്തിലായിരുന്നെന്നാണ് കണ്ടെത്തല്‍. പരാതിക്കാരന് കളവ് പറഞ്ഞ് കേസെടുപ്പിച്ചെന്നാണ് പൊലിസ് കോടതിയില്‍ നല്കിയ അന്തിമറിപ്പോര്‍ട്ടിലുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോള്‍ സഹായിക്കാനാണ് സിദ്ദീഖ് ബിസിനസില്‍ പങ്കാളിയായതെന്നും വില നിശ്ചയിച്ചാണ് ഓഫിസ് സാമഗ്രികള്‍ സിദ്ദീഖിന് നല്‍കിയതെന്നുമായിരുന്നു പൊലിസിന്റെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."