500,1000 രൂപ നോട്ടുകളുടെ നിരോധനം; ട്രോളുകളിലും വിമര്‍ശനങ്ങളിലും നിറഞ്ഞ് സോഷ്യല്‍ മീഡിയ
കോഴിക്കോട്: 500,1000 രൂപ നോട്ടുകളുടെ ഓര്‍ക്കാപുറത്തുള്ള നിരോധനത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയകളില്‍ ട്രോളുകള്‍ സജീവം. നിരോധനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. ജനപ്രിയ സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്കിലും വാട്‌സാപ്പിലുമാണ് ചര്‍ച്ചകളും ട്രോളുകളും നിറഞ്ഞൊഴുകുന്നത്.
100,50,10,20 നോട്ടുകള്‍ക്ക് പെട്ടെന്നുണ്ടായ ജനപ്രീതിയും 500,1000 രൂപയ്ക്ക് കടലാസിന്റെ വിലപോലുമില്ലാത്തതും മോദിയുടെ പുതിയ നിലപാടുമാണ് ട്രോളുകളുടെ രൂപത്തില്‍ പെയ്തിറങ്ങിയത്.
അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന അതേ ദിവസം തന്നെയാണ് ഇന്ത്യയില്‍ നോട്ടുകളുടെ നിരോധനവും. അതിനാല്‍ തന്നെ അമേരിക്കയില്‍ വോട്ടെണ്ണലാണെങ്കില്‍ ഇവിടെ നോട്ടെണ്ണലാണെന്നും പരിഹാസമുയര്‍ന്നു. ഇന്ന് മുതല്‍ 500,1000 രൂപ നോട്ടുകള്‍ക്ക് കടലാസിന്റെ വിലയാണെന്ന തരത്തില്‍ തന്നെയാണ് ചില ഓണ്‍ലൈന്‍ മീഡിയകളും നേരത്തെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ഇനിയുള്ള കുറച്ചു ദിവസങ്ങളില്‍ 100,50 നോട്ടുകളുടെ അഹങ്കാരവും ഇവ നിരോധിച്ച വാര്‍ത്തയറിഞ്ഞ് സന്തോഷിക്കുന്ന പിച്ചക്കാരനുമെല്ലാം ട്രോളുകളില്‍ നിറയുന്നു. നാളെ മുതല്‍ ബാങ്കുകളിലുണ്ടാകാന്‍ പോകുന്ന തിരക്കും കള്ളപ്പണക്കാര്‍ പണം പള്ളിക്കും അമ്പലത്തിനും സംഭാവന ചെയ്യുന്നതും കടം തരാനുള്ളവര്‍ ഒരു സുപ്രഭാതത്തില്‍ കടം തിരിച്ചു തരുന്നതും കടം ചോദിക്കാതെ കടം തരുന്നതുമെല്ലാം ട്രോളുകളിലുണ്ട്.
അതേ സമയം, മോദിയുടെ പുതിയ നയം കള്ളപ്പണത്തെ തടയില്ലെന്നും നാട്ടിലെ സാധാരണക്കാരെ വെട്ടിലാക്കാനും രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നും രൂക്ഷ വിമര്‍ശനവുമുണ്ട്. വന്‍കിട കള്ളപ്പണക്കാരുടെ പണമെല്ലാം വിദേശബാങ്കുകളിലും നാട്ടിലുള്ളവരുടെ പണം സ്വര്‍ണത്തിലും ഭൂമിയിലും നിക്ഷേപിച്ചിരിക്കുകയാണെന്നും അതിനാല്‍ തന്നെ അത്തരക്കാരെ ഇത് ബാധിക്കില്ലെന്നുമാണ് ചിലര്‍ വാദിക്കുന്നത്. ജെ.എന്‍.യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനവും ഭോപ്പാല്‍ കൂട്ടക്കൊലയും വിമുക്ത ഭടന്റെ ആത്മഹത്യയും മൂലം ഭരണകൂടത്തിനെതിരേയുള്ള ജനരോഷം തണുപ്പിക്കാനും മാധ്യമങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണിതെന്നും ആരോപണമുണ്ട്. എന്നാല്‍ ഇപ്പോഴാണ് മോദി ഒരു യഥാര്‍ത്ഥ പ്രധാമന്ത്രിയായതെന്നും മോദിയുടെ നടപടിയെ അനുകൂലിച്ചും നിരവധി പോസ്റ്റുകളും നവ മാധ്യമങ്ങളില്‍ കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."