കൃത്രിമ പാടത്ത് നെല്ല് വിളയിച്ച് യുവകര്‍ഷകന്‍
വാരാമ്പറ്റ: തക്കാളി, ചീര, കാരറ്റ്, ബീംസ്, പച്ചമുളക്, ചെറുനാരങ്ങ കൂടാതെ പഴവര്‍ഗങ്ങളായ ചിക്കു, ഓറഞ്ച്, പേരക്ക.. ആകെയുള്ള അമ്പത് സെന്റ് മണ്ണില്‍ പൊന്ന് വിളയിക്കുകയാണ് വെള്ളമുണ്ട- വാരാമ്പറ്റയിലെ യുവ കര്‍ഷകനായ സി.കെ മൊയ്തു. മൊയ്തുവിനെ വ്യത്യസ്ഥനാക്കുന്നത് ഇതൊന്നുമല്ല, വീട്ടുമുറ്റത്ത് പരീക്ഷണാര്‍ഥം ഇറക്കിയ നെല്‍കൃഷിയാണ്. മണ്ണും കാലി വളവും അടക്കാ ചകിരിയും ചേര്‍ത്ത കൃത്രിമ പാടത്ത് പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ കൊണ്ട് തീര്‍ത്ത വരമ്പുകള്‍ക്കുള്ളിലാണ് ഞാറ് നട്ടത്. പരീക്ഷണാര്‍ഥം ചെയ്തതാണെങ്കിലും സംഭവം വിജയം കണ്ടെന്നു മാത്രമല്ല, മറ്റുള്ളവര്‍ക്ക് അനുകരണീയ മാതൃകയുമായി.
ഒരിക്കല്‍ കെട്ടിനിര്‍ത്തിയ വെള്ളം തന്നെയാണ് ഇപ്പോഴും കൃത്രിമ പാടത്ത് കൃഷിക്ക് അനുഗുണമായിട്ടുള്ളത്. നെല്‍ചെടികള്‍ക്ക് നല്ല വളര്‍ച്ചയും ഇതുവരെ രോഗബാധയേല്‍ക്കാത്തതും കൃഷി രീതിയുടെ വിജയമാകുകയാണ്. ഒരുമാസം കൂടിക്കഴിഞ്ഞാല്‍ വിളവെടുപ്പിനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളത്തിന്റെയും പണിക്കൂലിയുടെയും കുറവാണ് ഇത് കൊണ്ടുള്ള പ്രധാന നേട്ടം. വീട്ടാവശ്യങ്ങള്‍ക്കായി വീടിനോട് ചേര്‍ന്ന് പച്ചക്കറി കൃഷി നടത്തുമ്പോള്‍ ആവശ്യത്തിനുള്ള നെല്ലും വീട്ടുമുറ്റത്ത് തന്നെ വിളയിക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് യുവാവ്. തൊട്ടടുത്ത വയലുകളില്‍ നിന്നും സംഭരിക്കുന്ന ചാണകവും അടക്കാചകിരിയും മാത്രമാണ് കൃഷിയിടങ്ങളില്‍ പ്രയോഗിക്കുന്നത്. രാസവളങ്ങളില്ലെന്ന ഉറപ്പുള്ളതിനാല്‍ പ്രദേശവാസികളുള്‍പ്പെടെ മൊയ്തുവിന്റെ പച്ചക്കറികള്‍ വാങ്ങാന്‍ ആവശ്യക്കാരും നിരവധിയുണ്ട്. ജൈവകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി വാര്‍ഡുതലത്തില്‍ അംഗീകാരങ്ങള്‍ നേടിയ മൊയ്തു, അടുത്ത വര്‍ഷം മുറ്റത്ത് കൂടുതല്‍ പ്രദേശത്ത് നെല്‍കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."