അമേരിക്കയുടെ വോട്ടെണ്ണലും ഇന്ത്യയിലെ നോട്ടണ്ണെലും
ഇന്ത്യയിലെ ജനങ്ങള്‍ തങ്ങളുടെ കൈവശമുള്ള മൂല്യമേറിയ കറന്‍സികള്‍ അസാധുവാക്കപ്പെട്ടുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തകേട്ടുകൊണ്ടാണ് ഇന്നലെ ദിനചര്യകള്‍ ആരംഭിച്ചത്. കള്ളപ്പണം നിയന്ത്രിക്കാനും കള്ളനോട്ടുകളുടെ ക്രയവിക്രയം തടയാനും രഹസ്യമായി ആസുത്രണംചെയ്ത പദ്ധതി നടപ്പാക്കലിന്റെ തൊട്ടുമുന്‍പാണു പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് പ്രഖ്യാപിക്കുന്നത്.
കൈയിലുള്ള അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഇനി എന്തു ചെയ്യുമെന്നറിയാതെ ജനം വിഷമിച്ചു നില്‍ക്കെ മറ്റൊരു വാര്‍ത്ത പുറത്തുവന്നു. ലോകപൊലിസ് ചമയുന്ന അമേരിക്കയുടെ ഭരണാധികാരിയായി എല്ലാപ്രതീക്ഷയും തകിടംമറിച്ചുകൊണ്ടു ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നതായിരുന്നു ആ വാര്‍ത്ത.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുഫലത്തിന്റെ പ്രതിഫലനം ഓഹരിവിപണയിലുള്‍പ്പെടെ പ്രകടമായെങ്കിലും അമേരിക്കയില്‍ ആര് അധികാരത്തില്‍ വന്നാലും അവരുടെ സാമ്പത്തിക-വിദേശനയങ്ങളില്‍ കാതലായ മാറ്റമുണ്ടാക്കുമെന്നു നമുക്കു് പ്രതീക്ഷിക്കാനാവില്ല. അമേരിക്കയുടെ വിദേശനയത്തേക്കാള്‍ സാമ്പത്തികനയത്തിലുള്ള അനിശ്ചിതത്വം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെടുന്നതാണ്. ആയുധവും വ്യാപാരവും ട്രംപിന്റെ കാര്‍ഡായി പുറത്തുവന്നപ്പോള്‍ ഹിലരിയുടേതുസ്‌റ്റോക് എക്‌സേചഞ്ചുമായി ബന്ധപ്പെട്ട ഫിനാന്‍ഷ്യല്‍ കാപ്പിറ്റല്‍ പോളിസിയായിരുന്നു. ഇതു രണ്ടും ഇന്ത്യയ്ക്കു ഗുണകരമായിട്ടുള്ളതല്ല.
എന്നാല്‍, മുസ്‌ലിംകള്‍ക്കെതിരേയുള്ളതും പ്രവാസി ഇന്ത്യാക്കാരെ ബാധിക്കുന്ന ഔട്ട് സോഴ്‌സ് (അമേരിക്കയ്ക്ക് പുറത്ത് നിര്‍മ്മാണപ്രവര്‍ത്തനത്തിന് കരാര്‍ നല്‍കുന്ന) നടപടിയെയും എതിര്‍ക്കുന്നതുമായ നയങ്ങള്‍ സ്വീകരിച്ച ട്രംപിന്റെ സ്ഥാനരോഹണം ആശങ്ക വിതക്കുന്നതാണ്. മുസ്്‌ലിംകളോടുള്ള നിലപാടിന്റെ കാര്യത്തില്‍ ട്രംപിന്റെ പക്ഷക്കാരനാണു പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നതു സമാനതയായി വിലയിരുത്താം.
ഇന്ത്യയില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനെ മോദി അനുകൂലമാധ്യമങ്ങള്‍ ആദ്യസംഭവം എന്നതുപോലെയാണു ചിത്രീകരിച്ചത്. 1946 ജനുവരിയില്‍ അന്നത്തെ ഇടക്കാലഭരണമാണ് ആയിരത്തിന്റെയും പതിനായിരത്തിന്റെയും നോട്ടുകള്‍ ആദ്യം അസാധുവാക്കിയത്. 1954 ലെ സര്‍ക്കാര്‍ 1000, 5000, 10000 രൂപകളുടെ കറന്‍സികള്‍ പ്രചാരത്തില്‍കൊണ്ടുവന്നു. 1978 ജനുവരിയില്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കള്ളപണം നിയന്ത്രിക്കാന്‍ 1000, 5000, 10,000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു. ഈ നടപടികളെല്ലാം കള്ളപ്പണത്തിന്റെ പ്രചാരം അവസാനിപ്പിക്കാനായിരുന്നു.
ഇന്നു മോദി 500 ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പെട്ടെന്ന് അസാധുവാക്കിയപ്പോള്‍ ഉയരുന്ന ചോദ്യവും രാജ്യത്തെ കള്ളപ്പണം നിയന്ത്രിക്കാന്‍ ഇതുമൂലം എത്രത്തോളം കഴിയുമെന്നതാണ്. കള്ളപ്പണവും കള്ളനോട്ടും തടയുന്നതിനെ ആരും എതിര്‍ക്കുന്നില്ല. മോദിയോടു രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും വിയോജിപ്പുള്ളവരും ഇതിനെ അംഗീകരിക്കുന്നു. പക്ഷേ, ഒരു മുന്നൊരുക്കവും നടത്താതെ പെട്ടെന്ന് ഇതു നടപ്പാക്കുമ്പോള്‍ ഈ നടപടി രഹസ്യമാക്കിയതുവഴി ലഭിച്ച നേട്ടത്തേക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ടാണു സാധാരണക്കാര്‍ക്കുണ്ടാവുക.
പ്രധാനമന്ത്രി രാജ്യത്തോട് ഇക്കാര്യം പ്രഖ്യാപിച്ചതിലും രാഷ്ട്രീയം കടന്നുകൂടിയതു വരികള്‍ക്കിടയില്‍ വായിക്കാം. തീര്‍ത്തും സാമ്പത്തികനിലപാടെന്ന രീതിയില്‍ കാണേണ്ട നടപടിയെ ദേശസ്‌നേഹം ദേശഭക്തി എന്നിങ്ങനെയുള്ള രാഷ്ട്രീയ തുറുപ്പുചീട്ടുകള്‍കൂടി ഇറക്കിയാണ് അവതരിപ്പിച്ചത്. അതിര്‍ത്തിയില്‍ രാജ്യരക്ഷയ്ക്കുപയോഗിച്ച ദേശീയതയുടെ സര്‍ജിക്കല്‍ ഓപ്പറേഷന്‍ എന്ന പദംകൊണ്ടുതന്നെയാണ് പ്രധാനമന്ത്രി ഇതിനെയും വിശേഷിപ്പിച്ചത്. യു.പിയിലും പഞ്ചാബിലും വരാന്‍പോകുന്ന തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുകൊണ്ടുള്ള പൊടിക്കൈയാണോയെന്നു സംശയം തോന്നാതിരിക്കുമോ.
മൊറാര്‍ജി ദേശായി വലിയ നോട്ടുകള്‍ പിന്‍വലിക്കുമമ്പോള്‍ അവ രാജ്യത്തെ വലിയൊരു വിഭാഗത്തിന് അന്യമായിരുന്നു. രൂപയുടെ മൂല്യം താഴ്ന്ന ഇക്കാലത്ത് അഞ്ചും പത്തും രൂപയുടെ ഉപയോഗം കുറയുകയും 500 ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സാധാരണമാകുകയും ചെയ്തിരിക്കുകയാണ്. അപ്പോള്‍ സാധാരണ ജീവിതത്തെ സാരമായി ബാധിക്കാത്തരീതിയില്‍ ഇതുനടപ്പാക്കാന്‍ കഴിയണമായിരുന്നു.
കള്ളനോട്ടിന്റെ പേരില്‍ ആയിരത്തിന്റെ നോട്ടു പിന്‍വലിക്കുമ്പോള്‍ പകരം രണ്ടായിരത്തിന്റെ നോട്ടാണ് ഇറക്കുന്നത്. എന്നാല്‍ അഞ്ഞൂറിന്റേത് പുതിയ നോട്ട് ഇറക്കുകയും ചെയ്യുന്നു. ആയിരത്തിന്റെ നോട്ട് എന്തുകൊണ്ട് ഇറക്കുന്നില്ലെന്ന യുക്തി ബോധ്യമാകുന്നില്ല. 23.2 ബില്യണ്‍ രൂപയുടെ മൂല്യമുള്ള കൂടിയ കറന്‍സികള്‍ പിന്‍വലിക്കുമ്പോള്‍ അതിന് ആനുപാതികമായി പണലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടി വേണ്ടതല്ലേ. ഇതുവഴി മൂല്യം കൂടിയ കറന്‍സിയിലെ വിശ്വാസ്യത ജനങ്ങളില്‍ ഇല്ലാതാക്കുകയാണു ചെയ്തിരിക്കുന്നത്.
എപ്പോള്‍ വേണമെങ്കിലും രാജ്യത്തെ മൂല്യമുള്ള കറന്‍സി പിന്‍വലിക്കപ്പെടാമെന്ന അവസ്ഥ റിയല്‍ എസ്റ്റേറ്റ് മേഖലയിലും സ്വര്‍ണവ്യാപാരമേഖലയിലും പ്രതിഫലനമുണ്ടാക്കും. ഹവാല ഇടപാടുകാരെയും ഇടത്തരക്കാരായ കള്ളപ്പണക്കാരെയും നിയന്ത്രിക്കാന്‍ ഒരുപരിധിവരെ കഴിഞ്ഞേക്കാം. എന്നാല്‍ വന്‍കിട കള്ളപ്പണക്കാരുടെ വിദേശബാങ്കുകളിലെ നിക്ഷേപം തിരികെക്കൊണ്ടുവന്നു നാട്ടിലെ ഓരോ കുടുംബത്തിനും 15 ലക്ഷം തരുമെന്ന പ്രഖ്യാപനം നടപ്പാക്കാന്‍ ഇതുവഴി കഴിയുമോ എന്ന ചോദ്യമാണു മറ്റൊന്ന്്. കള്ളപണക്കാരുടെ സ്വത്തു വെളിപ്പെടുത്താനുള്ള അവസരം എത്രപേര്‍ വിനിയോഗിച്ചുവെന്നതു ചിന്തിക്കേണ്ട ഘടകമാണ്.
കറന്‍സി മാറ്റത്തിലൂടെ എത്രത്തോളം കള്ളപണം പിന്‍വലിക്കാന്‍ പറ്റുമെന്നത് സംബന്ധിച്ചു കൃത്യത നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയില്ല. മുന്‍സര്‍ക്കാര്‍ മൂല്യമേറിയ നോട്ടുകള്‍ പിന്‍വലിച്ചതുവഴി കള്ളപ്പണം കുറയ്ക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രല്ല കൂടുകയാണു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."