നഗരത്തിലെ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ നീക്കം ചെയ്യും
തിരുവനന്തപുരം: ട്രാഫിസ് സിഗ്നലുകള്‍ക്ക് സമീപം സ്ഥാപിച്ചിട്ടുള്ള പരസ്യ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ അടിയന്തരമായി നീക്കം ചെയ്യും.
നഗരത്തിലെ തിരക്കേറിയ ജങ്ഷനുകളില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന ഇത്തരം ബോര്‍ഡുകള്‍ അപകടമുണ്ടാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നു കണക്കിലെടുത്താണു തീരുമാനം. ട്രാഫിക് സിഗ്നല്‍ പോസ്റ്റുകളില്‍ പരസ്യങ്ങള്‍ക്ക് ഇടം നല്‍കുന്നതും കര്‍ശനമായി നിരോധിക്കും. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റോഡ് സുരക്ഷാസമിതിയുടെ അവലോകനയോഗത്തിലാണ് തീരുമാനം.റോഡുകള്‍ക്ക് ഇരുപുറവുമായി ഉയര്‍ത്തുന്ന കമാനങ്ങളും ഫ്‌ളക്‌സുകളും റോഡുകള്‍ക്ക് സമീപവും മീഡിയനുകളിലും സ്ഥാപിച്ചിട്ടുള്ള കൊടിതോരണങ്ങളും നീക്കം ചെയ്യാനും നടപടി സ്വീകരിക്കും. കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്ര വാഹനക്കാര്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്നതു കണക്കിലെടുത്താണിത്. ഫ്‌ളക്‌സുകളും കൊടിതോരണങ്ങളും കമാനങ്ങളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എ.ഡി.എം. ജോണ്‍ വി. സാമുവലിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തരയോഗം വിളിച്ചു കൂട്ടാനും യോഗത്തില്‍ തീരുമാനമായി. ഇതിനായി ട്രാഫിക് പൊലിസ്, നാഷണല്‍ ഹൈവേ, റോഡ് ട്രാന്‍സ്‌പോര്‍ട്ട്, പി.ഡബ്ല്യൂ.ഡി, റവന്യൂ വകുപ്പുകളുടെ പ്രതിനിധികളും, ജനപ്രതിനിധികളും അടങ്ങുന്ന പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും.നഗരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഇനിയും ഉപയോഗിക്കാത്ത ബസ്‌ബേകള്‍ ഉപയോഗസജ്ജമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
യോഗത്തില്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍, റൂറല്‍ എസ്.പി. ഷെഫീന്‍ അഹമ്മദ്. കെ, ഗതാഗത, കെല്‍ട്രോണ്‍, പൊതുമരാമത്ത്, ഫയര്‍ ആന്റ് റസ്‌ക്യു സര്‍വീസ് തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."