ചില്ലറയില്ല; സഹകരിക്കുക
മലപ്പുറം: അഞ്ഞൂറ്, ആയിരം രൂപാ നോട്ടുകള്‍ സര്‍ക്കാര്‍ പൊടുന്നനെ പിന്‍വലിച്ചതോടെ പൊതുജനം വലഞ്ഞു. ജില്ലയിലെ പൊതുനിരത്തുകളിലെല്ലാം പണം കൈമാറ്റം ചെയ്യാനാകാതെ യാത്രക്കാരുള്‍പ്പെടെ വലഞ്ഞു. സര്‍ക്കാര്‍ ഓഫിസുകള്‍, ആശുപത്രികള്‍, വിവിധ മേഖലയില്‍ ജോലിക്കെത്തിയവര്‍ തുടങ്ങിയവരെല്ലാം തീരുമാനത്തില്‍ പകച്ചു.
റെയില്‍വേ ടിക്കറ്റ് കൗണ്ടറുകള്‍, പെട്രോള്‍ പമ്പുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പണമിടപാട് നടന്നതു സൗകര്യമായി. ബാങ്കുകളും എ.ടി.എം കൗണ്ടറുകളും അടഞ്ഞുകിടന്നതിനാല്‍ ഇന്നലെ 'പണമിറങ്ങാ'ന്‍ വഴിയറിയാതെയായി സാധാരണക്കാര്‍. ജില്ലയിലെ മാര്‍ക്കറ്റുകളില്‍ ഇന്നലെ വ്യാപാരം മന്ദഗതിയിലായിരുന്നു. പരസ്പരം അഡ്ജസ്റ്റ്‌മെന്റ് നടത്തിയാണ് പലയിടത്തും പണമിടപാട് നടന്നത്.
സി.ടിയാണോ, കേറ് മക്കളേ...
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നിഴലുകണ്ടാല്‍ നൂറു മീറ്റര്‍ അകലെയേ നിര്‍ത്തൂവെന്ന വാശിയുള്ള ബസുകള്‍പോലും ഇന്നലെ വിദ്യാര്‍ഥികളെ സ്‌നേഹാദര ബഹുമാനങ്ങളോടെ വിളിച്ചുകേറ്റി. ചില്ലറയില്ലാതെ വട്ടംകറങ്ങിയ ദിവസം ഒന്നും രണ്ടും നാണയത്തിനു മൂല്യമേറി. യാത്രക്കാരുടെ ചില്ലറ പ്രശ്‌നത്തിനു ബസ് ജീവനക്കാര്‍ക്ക് ചെറിയൊരു ആശ്വാസംകൂടിയായി കണ്‍സഷന്‍ ടിക്കറ്റുകാര്‍. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നോട്ടുകള്‍ സ്വീകരിക്കുമെന്നതിനാല്‍ മലപ്പുറത്തുനിന്നു കോട്ടപ്പടി വരെ ടി.ടി ബസുകളില്‍ യാത്രക്കാരേറി. മിനിമം ചാര്‍ജിന് ആയിരത്തിന്റെ നോട്ടു നല്‍കിയ ഇത്തരക്കാര്‍ക്ക് സൗജന്യം നല്‍കാനും ബാക്കി തുക നല്‍കാനുമാകാതെ കണ്ടക്ടര്‍മാരും കുഴങ്ങി.
പണം വേണ്ട, പറ്റ് മതി!
ചെറുകിട കച്ചവടക്കാരും പച്ചക്കറി, പഴക്കടകളിലും ഇന്നലെ പണപ്പെട്ടി മാറ്റി, പറ്റ് ബുക്കിലായിരുന്നു താല്‍പര്യം. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനെത്തി. 'വലിയ നോട്ട് ' കാണിച്ചവരോട് ' പണത്തിനു ധൃതിയില്ല, പറ്റു പുസ്തകത്തില്‍ എഴുതിവച്ചോളൂ' എന്ന നിലപാടായിരുന്നു കച്ചവടക്കാര്‍ക്ക്. ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളായ മഞ്ചേരിയിലും തിരൂരിലും ഇന്നലെ മന്ദഗതിയിലായിരുന്നു കച്ചവടം. മത്സ്യ, മാംസ മാര്‍ക്കറ്റുകളില്‍ സാധാരണ കച്ചവടം നടന്നില്ല. മഞ്ചേരിയില്‍നിന്നു പച്ചക്കറിക്കായി അന്യസംസ്ഥാനങ്ങളിലെത്തിയ പലര്‍ക്കും ചില്ലറയില്ലാത്ത കാരണത്താല്‍ ബസില്‍ യാത്ര നിഷേധിച്ചതായും വ്യാപാരികള്‍ പറഞ്ഞു. ചിലയിടങ്ങളില്‍ കടകള്‍ക്കുപുറത്ത് ആയിരം, അഞ്ഞൂറ് നോട്ടുകള്‍ എടുക്കുന്നതല്ല എന്ന നോട്ടീസും പതിച്ചു. തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റിലെ ഇരുപതിലേറെ സ്ഥാപനങ്ങള്‍ അടച്ചിട്ടു. ഗള്‍ഫ് മാര്‍ക്കറ്റിലെ മൊബൈല്‍ വില്‍പന കടകളിലെല്ലാം ക്രയവിക്രയം പേരിനു മാത്രമായി. കച്ചവടം മോശമായതോടെ പലരും നേരത്തെ ഷട്ടര്‍ താഴിട്ടു. മലയോര മേഖലയില്‍ ഇന്നലെ പാചകവാതകവുമായെത്തിയ വാഹനങ്ങള്‍ നിരോധിച്ച നോട്ടുകള്‍ സ്വീകരിച്ചെങ്കിലും ബാക്കി നല്‍കാനായില്ല. അറുനൂറു രൂപയ്ക്ക് ആയിരം കൊടുക്കാന്‍ വിസമ്മതിച്ചതോടെ ഗ്യാസ് സിലണ്ടര്‍ സ്വീകരിക്കാനുമായില്ല.
ദുരിതത്തിലായി പ്രവാസികളും
കൊണ്ടോട്ടി: 500, 1000 രൂപ നോട്ടുകള്‍ സര്‍ക്കാര്‍ അസാധുവാക്കിയതിനെ തുടര്‍ന്നു കരിപ്പൂരിലെത്തിയ ഗള്‍ഫ് യാത്രക്കാരും വലഞ്ഞു. എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കാത്തതിനൊപ്പം വിമാനത്താവളത്തിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനം അടഞ്ഞതും യാത്രക്കാര്‍ക്ക് ഇരുട്ടടിയായി. വിദേശത്തുനിന്നു നാട്ടിലത്തെിയവരും ഗള്‍ഫ് യാത്രയ്ക്കു പുറപ്പെടാനായി വിമാനത്താവളത്തിലത്തെിയവരുമാണ് ദുരിതത്തിലായത്.
ബാക്കിയില്ല; ഫുള്ളടിച്ചോളൂ...
പെട്രോള്‍ പമ്പുകളില്‍ അഞ്ഞൂറും ആയിരവും എടുക്കുമെന്നറിഞ്ഞതോടെ രാവിലെ മുതല്‍ ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. നൂറു രൂപയ്ക്കു പെട്രോള്‍ അടിച്ചവര്‍ക്കു ബാക്കി തുക മടക്കി നല്‍കാനില്ലാതെ പമ്പുകാരും വലഞ്ഞു. ഇതോടെ 'അഞ്ഞൂറും ആയിരവും സ്വീകരിക്കും, പക്ഷേ, അത്രയും തുകയ്ക്കു പെട്രോളടിക്കണം, ബാക്കി തരില്ല' എന്നായി പമ്പുകാരുടെ നിലപാട്.
ഫൈന്‍ വേണ്ട; കോടതിയില്‍ കാണാം!
പണം മാറാന്‍ മറ്റൊരു മാര്‍ഗവുമില്ലാതായപ്പോള്‍ ന്യൂജന്‍ ഹെല്‍മറ്റെടുക്കാതെ ഓടിയതു ട്രാഫിക് പൊലിസിനു മുന്നിലേക്ക്. നൂറുരൂപ പിഴയെഴുതിയ പൊലിസിനു ചില്ലറ വിദ്യക്കാര്‍ അഞ്ഞൂറും ആയിരവും നീട്ടി. സംഗതി കുഴക്കിയതോടെ പൊലിസ് പിഴയീടാക്കല്‍ നിര്‍ത്തി. കേസ് രേഖപ്പെടുത്താന്‍ തുടങ്ങി. ടാക്‌സി ഡ്രൈവര്‍ക്കും ഇന്നലെ ഡ്രൈഡേയായിരുന്നു. സ്വകാര്യ ഓട്ടോ, ടാക്‌സികള്‍ക്ക് ഓര്‍ഡര്‍ കുറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."