ചോക്കാട് ഗ്രാമപഞ്ചായത്തില്‍ വീണ്ടും യു.ഡി.എഫ് ഭരണം
കാളികാവ്: ചോക്കാട് ഗ്രാമപഞ്ചായത്തില്‍ വീണ്ടും യു.ഡി.എഫ് ഭരണത്തിലെത്തി. മുസ്ലിംലീഗും കോണ്‍ഗ്രസും വേറിട്ടുനിന്നതിനെ തുടര്‍ന്നു സി.പി.എമ്മിനു ഭരണം ലഭിച്ച ചോക്കാടില്‍ മുന്നണിസംവിധാനം നിലവില്‍വന്നതോടെ യു.ഡി.എഫ് ഭരണത്തിനു കളമൊരുങ്ങുകയായിരുന്നു. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ അന്നമ്മ മാത്യുവിനെ പ്രസിഡന്റായും ലീഗിലെ ചുണ്ടിയന്‍മൂച്ചി അബ്ദുല്‍ ഹമീദിനെ വൈസ്പ്രസിഡന്റായും തെരഞ്ഞെടുത്തു.
18 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് എട്ടും ലീഗിനു നാലും സി.പി.എമ്മിന് ആറും അംഗങ്ങളാണുള്ളത്. നേരത്തേ ലീഗ് പിന്തുണയോടെയാണ് സി.പി.എം ഭരണത്തില്വന്നിരുന്നത്. ഭരണസമിതിയില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിനെ ലീഗ് പിന്തുച്ചതോടെ ഭരണപ്രതിസന്ധിയുണ്ടായി. സി.പി.എമ്മിനെതിരേ തിരിഞ്ഞ ലീഗുമായി ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകുകയും ചെയ്തതോടെയാണ് വീണ്ടും യു.ഡി.എഫ് സംവിധാനം നിലവില്‍വന്നത്. പ്രസിഡന്റായിരുന്ന സി.പി.എമ്മിലെ ഷാഹിന ഗഫൂറിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയാണ് തെരഞ്ഞെടുപ്പിന് കളമൊരുക്കിയത്. കോണ്‍ഗ്രസിലെ അന്നമ്മ മാത്യുവിന് 12 വോട്ടുകള്‍ ലഭിച്ചു. എതിര്‍സ്ഥാനാര്‍ഥിയായ സി.പി.എമ്മിലെ ഷാഹിന ഗഫൂറിന് ആറു വോട്ടുകളുമാണ് ലഭിച്ചത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ ലീഗിനും കോണ്‍ഗ്രസിനുമിടയില്‍ തുല്യമായി വീതിക്കാന്‍ ധാരയായിട്ടുണ്ട്.
ഇന്നലെ നടന്ന തെരഞ്ഞെടുപ്പിന് വരണാധികാരിയായ നിലമ്പൂര്‍ ഐ.ടി.ഡി.പി അസിസ്റ്റന്റ് പ്രോഗ്രാം ഓഫിസര്‍ സി. ഹെറാള്‍ഡ് ജോണ്‍ നേതൃത്വം നല്കി. വൈകിട്ട് ചോക്കാട്ടു നടന്ന യു.ഡി.എഫ് ആഹ്ലാദ പ്രഘടനത്തിനു മുബാറക്, കെ.സി കുഞ്ഞിമുഹമ്മദ്, പൈനാട്ടില്‍ അഷ്റഫ്, ആനിക്കോട്ടില്‍ ഉണ്ണികൃഷണന്, പി. ഹംസ കുഞ്ഞാപ്പു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."