ശമ്പള പരിഷ്‌കരണ നടപടികള്‍ ഊര്‍ജിതമാക്കണം: കെ.എസ്.ടി.ഇ.ഒ
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയെ സാമ്പത്തികമായി മെച്ചപ്പെടുത്താനുള്ള നടപടികളും സമയബന്ധിത ശമ്പള പരിഷ്‌കരണത്തിനാവശ്യമായ നടപടികളും ഊര്‍ജിതപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (എസ്.ടി.യു) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കോഴിക്കോട് ലീഗ് ഹൗസില്‍ നടന്ന ഭാരവാഹികളുടെ യോഗം സംസ്ഥാന പ്രസിഡന്റ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് യു. മാമു അധ്യക്ഷനായി.
യൂനിയന്റെ മെമ്പര്‍ഷിപ്പ് കാംപയിന്‍ ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടത്താന്‍ തീരുമാനിച്ചു.
കാംപയിനിന്റെ ഉദ്ഘാടനം ഡിസംബര്‍ മൂന്നിന് കോഴിക്കോട് സി.എച്ച് ഓഡിറ്റോറിയത്തില്‍ നടക്കും. യൂനിറ്റ്, ജില്ലാ സമ്മേളനങ്ങളും തുടര്‍ന്ന് സംസ്ഥാന ജനറല്‍ കൗണ്‍സിലും ചേരാനും തീരുമാനിച്ചു.
റഫീഖ് പിലാക്കല്‍, കബീര്‍ പത്തനംതിട്ട, കമാല്‍ വയാനട്, ജലീല്‍ പയ്യന്നൂര്‍, ശിഹാബ് മലപ്പുറം, കുഞ്ഞഹമ്മദ് കാസര്‍കോട്, കെ.പി നൗഷാദ്, ആക്ടിങ് സെക്രട്ടറി അഹമ്മദ് കുട്ടി, സി.കെ അബ്ദു സംസാരിച്ചു.
വെള്ളമെത്തിയിട്ട് നാലു വര്‍ഷം: കനാലില്‍ ജലം ലഭ്യമാക്കണമെന്ന് ജനം
അത്തോളി: പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പ്രധാന പരിഹാരമായ കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലില്‍ വെള്ളമെത്തിയിട്ട് നാലു വര്‍ഷമായി. കാര്‍ഷിക മേഖല പ്രധാന സാമ്പത്തിക സ്രോതസ്സായ അത്തോളി പഞ്ചായത്തില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി അവഗണിച്ചതിനാല്‍ കനാല്‍ ജലം മാത്രമേ കര്‍ഷകര്‍ക്ക് ആശ്വാസമാവുകയുള്ളൂ. കനാല്‍ വഴി ജലം ലഭിക്കാത്തതിനാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ലക്ഷങ്ങള്‍ ചെലവിട്ട് ടാങ്കര്‍ ലോറികളിലാണ് വെള്ളമെത്തിച്ചത്. കനാലുകള്‍ അടിയന്തിരമായി പ്രവര്‍ത്തന യോഗ്യമാക്കണമെന്നും ജലലഭ്യത ഉറപ്പു വരുത്തണമെന്നും അത്തോളി കുറ്റ്യാടി ജലസേചന ഉപ വിതരണ കേന്ദ്രത്തിലെ നിരീക്ഷണ സമിതി ആവശ്യപ്പെട്ടു.
വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ ജല ലഭ്യത ഉറപ്പു വരുത്താന്‍ പ്രാദേശിക ഭരണകൂടം തയാറാവണമെന്നും അടിയന്തര സാഹചര്യം കണക്കിലെടുത്ത് കനാല്‍ അറ്റകുറ്റ പണികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി ജലം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിരീക്ഷണ സമിതി ആവശ്യപ്പെട്ടു. ഇത്തവണ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സാമുവല്‍ദേവദാസ് അധ്യക്ഷത വഹിച്ച യോഗം മുന്നറിയിപ്പ് നല്‍കി. ഷിനോദ്. ടി.പി, വി.കുഞ്ഞിരാമന്‍നായര്‍, കെ.കെ. ഭരതന്‍, സുരേന്ദ്രന്‍ പുത്തൂരാന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."