ജനം ഇരച്ചുകയറി; ബാങ്കുകളില്‍ സംഘര്‍ഷാവസ്ഥ ഇന്നലെയും സാധാരണക്കാര്‍ വട്ടംകറങ്ങി
സഹകരണ ബാങ്കുകളിലും നിക്ഷേപം സ്വീകരിച്ചുതുടങ്ങി
പ്രതിസന്ധിയ്ക്ക് എന്ന് പരിഹാരമാകുമെന്ന് നിശ്ചയമില്ല
തൊടുപുഴ: കടലാസിന്റെ വിലപോലും ഇല്ലാതായ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറിയെടുക്കാനുള്ള തത്രപ്പാടില്‍ ബാങ്കുകളില്‍ സംഘര്‍ഷാവസ്ഥ. രാവിലെ മുതല്‍ ബാങ്കുകളില്‍ ജനം ഒഴുകിയെത്തിയപ്പോള്‍ ബാങ്ക് ജീവനക്കാര്‍ ഏറെ വലഞ്ഞു.
ഇന്നലെ മുതല്‍ ബാങ്കുകളില്‍ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും പുതിയ നോട്ടുകള്‍ എത്തുമെന്ന അറിയിപ്പിനെ തുടര്‍ന്ന് ഹൈറേഞ്ചിലും ലോറേഞ്ചിലും അതിരാവിലെ തന്നെ ബാങ്കുകള്‍ക്ക് മുന്നില്‍ ജനങ്ങള്‍ കാത്തുനില്‍പ് ആരംഭിച്ചു.
തൊടുപുഴയില്‍ എസ്.ബി.ടി, എസ്.ബി.ഐ അടക്കമുള്ള ബാങ്കുകള്‍ക്ക് മുന്നില്‍ രാവില്‍െ എട്ടരയോടെ ഇടപാടുകാര്‍ നിറഞ്ഞു. ജനത്തിരക്ക് കണക്കിലെടുത്ത് ഒന്‍പതുമണി കഴിഞ്ഞതോടെ ബാങ്ക് തുറന്നു. അതോടെ ഇടപാടുകാര്‍ ബാങ്കിനുള്ളിലേക്ക് ഇരച്ചുകയറി. ഇതിനിടയില്‍പ്പെട്ട് സെക്യൂരിറ്റി ജീവനക്കാര്‍ വലഞ്ഞു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പൊലിസിനെയും ബാങ്കുകളില്‍ വിന്യസിച്ചിരുന്നു. സാധാരണക്കാരാണ് ബാങ്കുകളില്‍ എത്തിയവരിലേറെയും. ഇതില്‍ നല്ലൊരുപങ്കും വീട്ടമ്മമാരായിരുന്നു. നിത്യചെലവിനുള്ള പണം പോലും കൈയിലില്ലാത്തതിന്റെ വിഷമം അവര്‍ പങ്കുവെച്ചു. തിരക്ക് കണക്കിലെടുത്ത് അധിക കാഷ് കൗണ്ടറുകളും ബാങ്കുകളില്‍ ഒരുക്കിയിരുന്നു. എന്നിട്ടും തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. മണിക്കൂറുകള്‍ ക്യൂ നിന്ന ശേഷമാണ് പണം വാങ്ങി മടങ്ങിയത്. ശ്വാസം വിടാന്‍ നിവര്‍ത്തിയില്ലാത്ത പരുവത്തിലായിരുന്നു ബാക് ജീവനക്കാര്‍. അതിനിടെ, ക്യൂ നിന്ന് മടുത്ത ഇടപാടുകാരില്‍ പലരും വാക്കേറ്റത്തിന് മുതിര്‍ന്നതും അലോസരം സൃഷ്ടിച്ചു.
രാവിലെ പല ബാങ്കുളിലും ആവശ്യത്തിന് പണം ലഭ്യമല്ലാതിരുന്നതും പ്രശ്‌നം വഷളാക്കി. ഉച്ചയോടെയാണ് കൂടുതല്‍ പണം എത്തിച്ച് ബാങ്ക് അധികൃതര്‍ ഇടപാടുകാരെ താല്‍ക്കാലികമായി തൃപ്തിപ്പെടുത്തിയത്.
എസ്.ബി.ഐ, എസ്.ബി.ടി എന്നിവയുടെ ശാഖകളിലായിരുന്നു തിരക്കേറെയും. പോസ്റ്റ് ഓഫിസിലും പണം മാറിയെടുക്കാനത്തിയവരേറെ. പുതുതലമുറ ബാങ്കുകളിലും തിരക്കനുഭവപ്പെട്ടു. വൈകിട്ട് നാലുമണിയായതോടെ ബാങ്ക് ജീവനക്കാര്‍ ക്ഷീണിച്ചു. തൊടുപുഴ എസ്.ബി.ടി മെയിന്‍ ബ്രാഞ്ചില്‍ നാലുമണി കഴിഞ്ഞ് ക്യൂവില്‍ നില്‍ക്കാന്‍ ശ്രമിച്ചവരെ പൊലിസ് ഇടപെട്ട് മടക്കി. രാത്രി ഏറെ വൈകിയും ബാങ്ക് ഇടപാട് അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന സാഹചര്യം വന്നതോടെയാണിത്. സഹകരണ ബാങ്കുകളിലും ഇന്നലെ വൈകിട്ടുമുതല്‍ നിക്ഷേപം സ്വീകരിച്ചുതുടങ്ങി. എന്നാല്‍ ഇവിടെ പഴയ നോട്ടുകള്‍ മാറാന്‍ കഴിയില്ല.
അത്യാവശ്യ വീട്ടുചെലവിനുള്ള പണം ഇനിയും കൈകളില്‍ എത്താത്തതോടെ ജനം ഇന്നലെയും വട്ടംകറങ്ങി. പ്രതിസന്ധിക്ക് എന്ന് വിരാമമാകുമെന്നറിയാതെ പലരും അത്യാവശ്യകാര്യങ്ങള്‍ പോലും നടത്താനാവാത്ത അവസ്ഥയിലാണ്.
ശനി, ഞായര്‍ ദിവസങ്ങള്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിദിനമാണ്. എന്നാല്‍, സര്‍ക്കാര്‍ ഓഫിസുകള്‍ക്കും മറ്റു പല സ്ഥാപനങ്ങള്‍ക്കും അവധിയായതിനാല്‍ പ്രതീക്ഷിക്കാത്ത തിരക്കായിരിക്കും ഈ ദിവസങ്ങളില്‍ അനുഭവപ്പെടുക.
ഇത് എങ്ങനെ തരണം ചെയ്യണമെന്നറിയാതെ ബാങ്ക് ജീവനക്കാര്‍ കുഴങ്ങുകയാണ്. അധിക ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെങ്കിലും അതൊന്നും പരിഹാരമാവുന്നില്ല. തൊടുപുഴ എസ്.ബി.ടിയില്‍ ഗവണ്‍മെന്റ് സെക്ഷനില്‍ വരെ ഇന്നലെ പൊതുജനങ്ങള്‍ക്ക് വേണ്ടണ്ടി കൗണ്ടണ്ടര്‍ തുറന്നിരുന്നു. എന്നിട്ടും തിരക്ക് നിയന്ത്രിക്കാനായില്ല. എസ്.ബി.ഐ മുഖ്യശാഖയിലും ഇതു തന്നെയായിരുന്നു അവസ്ഥ. സഹകരണ ബാങ്കുകളും മറ്റും പണത്തിനായി പൊതുമേഖലാ ബാങ്കുകളില്‍ എത്തിയെങ്കിലും വൈകി മാത്രമാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."