ബോട്ട് തകരാറില്‍; മുഹമ്മ കുമരകം ഫെറിയില്‍ യാത്രാക്ലേശം രൂക്ഷം
മുഹമ്മ: ആകെയുള്ള രണ്ട് ബോട്ടുകളില്‍ ഒരെണ്ണം തകരാറിലായതോടെ മുഹമ്മ കുമരകം ഫെറിയിലെ യാത്രാക്ലേശം അതിരൂക്ഷമായി. ജലഗതാഗത വകുപ്പിന്റെ പ്രധാന സര്‍വ്വീസുകളിലൊന്നായ ഈ റൂട്ടില്‍ ബോട്ടില്ലാത്തതിനാല്‍ നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്.
മുഹമ്മ കുമരകം ഫെറിയില്‍ രണ്ട് ബോട്ടുകളാണ് കാലങ്ങളായി സര്‍വ്വീസ് നടത്തിയിരുന്നത്. നാല് ദിവസം മുമ്പാണ് ഇതില്‍ ഒരു ബോട്ട് തകരാറിലായത്. ബോട്ടിന്റെ ഷാഫ്ക് ഊരിപ്പോയതാണ് തകരാറിന് കാരണം. പുല്ല് ചെത്ത് തൊഴിലാളികളും കെട്ടിട നിര്‍മ്മാണ തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരുമൊക്കെ ദിവസവും ബോട്ട് സര്‍വ്വീസിനെ ആശ്രയിച്ചാണ് ജോലിയ്ക്ക് പോകുന്നത്.
രാവിലെ 5.45, 6.15, 7 എന്നീ സമയങ്ങളിലെ സര്‍വീസുകളിലാണ് യാത്രക്കാര്‍ ഏറെയുള്ളത്. ബോട്ടില്ലാതായതോടെ തൊഴിലാളികളടക്കമുള്ളവര്‍ ബുദ്ധിമുട്ടുകയാണ്.
ഓരോ മണിക്കൂര്‍ ഇടവിട്ട് സര്‍വ്വീസ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ബോട്ട് തകരാറിലായതോടെ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്.
തകരാറിലായ ബോട്ട് ഇന്നലെയാണ് ആലപ്പുഴയിലെ ഡോക്കിലേയ്ക്ക് കൊണ്ടുപോയത്. തകരാര്‍ പരിഹരിച്ച് ബോട്ട് എപ്പോള്‍ സര്‍വ്വീസിന് ഇറക്കാനാകുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല. യാത്രാക്ലേശം സംബന്ധിച്ച് ജലഗതാഗത വകുപ്പ് അധികൃതര്‍ക്കും മുഹമ്മ പഞ്ചായത്തിനും യാത്രക്കാര്‍ പരാതി നല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."