പയ്യാനക്കലില്‍ നാട്ടുകാരുടെ സഹകരണത്തോടെ റോഡ് വീതികൂട്ടി
കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയിലെ പയ്യാനക്കല്‍ ബസ് സ്റ്റോപ്പിനും വൈ.എം.ആര്‍.സി സ്റ്റോപ്പിനുമിടയില്‍ 600 മീറ്റര്‍ റോഡിന് ഇരുവശത്തുമുള്ള വീട്ടുകാര്‍ സൗജന്യമായി റോഡിന് സ്ഥലം വിട്ടു നല്‍കി മാതൃകയായി.
പന്നിയങ്കര ബ്രിഡ്ജ് മുതല്‍ ചക്കുംകടവ് പയ്യാനക്കല്‍ ഒ.ബി റോഡില്‍ നിലവിലുള്ള റോഡ് വീതികൂട്ടി ടാറിങ് ജോലികള്‍ പുരോഗമിക്കവെയാണ് പയ്യാനക്കല്‍ റോഡിലെ വീതി കുറഞ്ഞ ഭാഗത്ത് വീട്ടുകാര്‍ റോഡിന് സ്ഥലം വിട്ടുനല്‍കിയത്.
കഴിഞ്ഞ സര്‍ക്കാരില്‍നിന്ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എക്ക് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ഇപ്പോള്‍ റോഡുപണി പുരോഗമിക്കുന്നത്. കോതിപാലം അപ്രോച്ച് റോഡ് തുറന്ന് കൊടുത്തത് കാരണം ടൗണില്‍നിന്ന് ബേപ്പൂര്‍ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ ഇതുവഴിയാണ് കടന്നുപോകുന്നത്. ജനുവരിയില്‍ പന്നിയങ്കര ഓവര്‍ബ്രിഡ്ജ് തുറക്കുന്നതോടെ ഈ റോഡിലെ യാത്ര ദുഷ്‌കരമാവും.
ഈ സാഹചര്യം മുന്നില്‍കണ്ടാണ് പയ്യാനക്കല്‍ പ്രദേശത്തെ വീട്ടുകാര്‍ സൗജന്യമായി റോഡിന് സ്ഥലം വിട്ടുനല്‍കിയത്. ഇവിടത്തെ നാട്ടുകാരും ചില രാഷ്ട്രീയപാര്‍ട്ടികളും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് ഇങ്ങനെ സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനിച്ചത്.
മതിലുകള്‍ പൊളിക്കുന്നതിന് പ്രദേശവാസിയായ എന്‍.സി മുഹമ്മദ് കോയയുടെ വീടിന്റെ മതില്‍ പൊളിച്ചുകൊണ്ട് അദ്ദേഹംതന്നെ ആരംഭം കുറിച്ചു. എ.പി മുജീബ്, ജംഷീദ് നാലകത്ത്, എന്‍.സി അബ്ദുറഹ്മാന്‍, കെ.ടി റാഫി, സി.കെ സുബൈര്‍, കിടങ്ങത്ത് രജീന്ദ്രന്‍, എന്‍.കെ ഇസമയില്‍, കെ. സക്കീര്‍ ഹുസൈന്‍, ഉമ്മര്‍, എന്‍ സുബൈര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."