ജിഷ വധം: പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന്‍ കേസ് 28ന് പരിഗണിക്കും
സ്വന്തംലേഖിക
തിരുവനന്തപുരം: ജിഷ വധക്കേസില്‍ സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ കമ്മിഷന്‍ ഈ മാസം 28-ന് കേസ് പരിഗണിക്കും. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കമ്മിഷന്‍ ഡി.ജി.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 29-ന് റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷം ഇടക്കാല ഉത്തരവ് പാസാക്കുമെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എന്‍.വിജയകുമാര്‍ സുപ്രഭാതത്തോട് പറഞ്ഞു. കേസില്‍ ഒരു ആദിവാസി സംഘടന ചൊവ്വാഴ്ച കമ്മിഷനൊപ്പം കക്ഷിചേര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസ് പരിഗണിച്ചതിനുശേഷം ജിഷയുടെ വീട്, ഡിവൈ.എസ്.പി ഓഫിസ് തുടങ്ങിയ സ്ഥലങ്ങള്‍ കമ്മിഷന്‍ സന്ദര്‍ശിക്കും. കേസില്‍ സി.ബി.ഐ അന്വേഷണത്തിന് കമ്മിഷന്‍ ആവശ്യപ്പെടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പോലിസ് നല്‍കുന്ന വിവരങ്ങള്‍ പരിശോധിച്ചതിനുശേഷം മാത്രമേ സി.ബി.ഐ അന്വേഷണത്തെക്കുറിച്ച് തീരുമാനിക്കുകയുള്ളൂവെന്നും ചെയര്‍മാന്‍ പറഞ്ഞു.
സംഭവത്തില്‍ പൊലിസ് അന്വേഷണം പ്രൊഫഷണല്‍ അല്ലെന്ന ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ അഭിപ്രായം തികച്ചും സ്വതന്ത്രമാണ്. അദ്ദേഹം പൊലിസ് കംപ്ലെയിന്റ് അതോറിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. അന്വേഷണം പ്രൊഫഷണല്‍ അല്ല എന്ന അഭിപ്രായത്തോട് യോജിക്കണമെങ്കില്‍ പൊലിസ് റിപ്പോര്‍ട്ട് ലഭിക്കണമെന്നും ആ സാഹചര്യത്തില്‍ തന്റെ സ്വതന്ത്ര നിലപാട് വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു. തെളിവ് ശേഖരണം ഉള്‍പ്പെടെ എവിടെയൊക്കയാണ് പൊലിസിന് പിഴവ് സംഭവിച്ചതെന്നു കൂടി കമ്മിഷന്‍ അന്വേഷിക്കുമെന്നും ജസ്റ്റിസ് പി.എന്‍.വിജയകുമാര്‍ വ്യക്തമാക്കി.
പൊലിസിന്റെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുകയാണെങ്കില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 29-ന് തന്നെ റിപ്പോര്‍ട്ട് വിലയിരുത്തി നടപടികള്‍ വേഗത്തിലാക്കാനാണ് ആലോചന. നിലവിലെ അന്വേഷണത്തെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നത് ശരിയല്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ അതില്‍ ഇടപെടുന്നതും ശരിയല്ലെന്നും ജസ്റ്റിസ് പി.എന്‍. വിജയകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."