അഭിഭാഷകര്‍ താല്‍പ്പര്യമെടുത്തില്ല; പഴയ കേസുകള്‍ തീര്‍പ്പാക്കാനുള്ള നീക്കം പാളി
സ്വന്തം ലേഖകന്‍
കൊച്ചി: വേനലവധിക്കാലത്ത് പഴയ കേസുകള്‍ കെട്ടിക്കിടക്കുന്നത് പരിഹരിക്കാനുള്ള ഹൈക്കോടതിയുടെ ശ്രമം വിഫലമായി. അഭിഭാഷകര്‍ താല്‍പ്പര്യമെടുക്കാത്തതിനെ തുടര്‍ന്ന് നിശ്ചയിച്ചിരുന്ന പ്രത്യേക സിറ്റിങുകള്‍ നടത്താതെ തന്നെ ഹൈക്കോടതി അവധി പൂര്‍ത്തിയാക്കി തുറന്നു.
അഭിഭാഷകര്‍ തയാറാണെങ്കില്‍ പ്രത്യേക സിറ്റിങിലൂടെ പഴയകേസുകള്‍ പരിഗണിക്കാന്‍ ജഡ്ജിമാരെ ഹൈക്കോടതി നിയോഗിച്ചിരുന്നു. പക്ഷേ അഭിഭാഷകര്‍ അപേക്ഷ നല്‍കാത്തതിനെ തുടര്‍ന്ന് കോടതി തുറക്കുന്നതിന് മുന്‍പായി നിശ്ചയിച്ചിരുന്ന സിറ്റിങുകള്‍ ഉപേക്ഷിക്കുകയായിരുന്നു. ഒരു ഡിവിഷന്‍ ബെഞ്ചിന്റെയും രണ്ടു സിംഗിള്‍ ജഡ്ജിമാരുടെയും സിറ്റിങായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനായി ജസ്റ്റിസുമാരയ കെ.സുരേന്ദ്രമോഹന്‍, എ.എം.ഷഫീഖ്, രാജി വിജയരാഘവന്‍, കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരെ നിയോഗിച്ചുകൊണ്ട് പ്രത്യേക സിറ്റിങിനായി വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു. പഴയ സിവില്‍, ക്രിമിനല്‍ കേസുകള്‍,റിട്ട് ഹരജികള്‍ എന്നിവ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഇത്തരമൊരു ശ്രമത്തിന് മുതിര്‍ന്നത്.
ഇരുകക്ഷികള്‍ക്കും എതിര്‍പ്പില്ലെങ്കില്‍ അഭിഭാഷകരുടെ അപേക്ഷ പരിഗണിച്ചു പഴയ കേസുകള്‍ കേള്‍ക്കാനാണ് തീരുമാനിച്ചിരുന്നത്. സര്‍ക്കാര്‍ എതിര്‍കക്ഷിയാണെങ്കില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും അപേക്ഷയുടെ പകര്‍പ്പ് നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അഭിഭാഷകര്‍ താല്‍പ്പര്യം കാണിക്കാതിരുന്നതിനാല്‍ സിറ്റിങ് ഒഴിവാക്കിയാണ് കോടതി വേനലവധി കഴിഞ്ഞ് തുറന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."