ഐ.എന്‍.എസ് വിക്രമാദിത്യ വീണ്ടും ഓളപ്പരപ്പിലേക്ക്
കൊച്ചി: അറ്റകുറ്റപ്പണികള്‍ക്കുശേഷം ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യ വീണ്ടും ഓളപ്പരപ്പിലേക്ക്. ലോകത്തെ ഏറ്റവും വലിയ പത്ത് പടക്കപ്പലുകളില്‍ ഒന്നായ വിക്രമാദിത്യ ലോകോത്തരനിലവാരത്തിലുള്ള അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയാണ് വീണ്ടും രാജ്യസുരക്ഷയ്ക്കായി സമുദ്രാതിര്‍ത്തിയിലേക്ക് യാത്രതിരിക്കുന്നത്.
2013 നവംബര്‍ 16ന് കമ്മിഷന്‍ ചെയ്ത ഈ റഷ്യന്‍നിര്‍മിത പടക്കപ്പല്‍ കഴിഞ്ഞ സെപ്റ്റംബര്‍ 23നാണ് അറ്റകുറ്റപ്പണികള്‍ക്കായി കൊച്ചിയിലെത്തിയത്. 284 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള വിക്രമാദിത്യയുടെ അറ്റകുറ്റപ്പണിക്ക് യോജ്യമായ സ്ഥലം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ആയതിനാലാണ് ഗോവയിലെ കര്‍വാര്‍ ഹോം പോര്‍ട്ടായി പ്രവര്‍ത്തിക്കുന്ന വിക്രമാദിത്യ ആദ്യ അറ്റകുറ്റപ്പണിക്കായി കൊച്ചിയിലെത്തിയത്.
കൊച്ചിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളിലുള്ള പൂര്‍ണസംതൃപ്തി കപ്പല്‍ സന്ദര്‍ശിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരുമായി കമാന്റിങ് ഓഫിസര്‍ ക്യാപ്റ്റന്‍ കൃഷ്ണ സ്വാമിനാഥന്‍ പങ്കുവച്ചു. സുരക്ഷാ കാരണങ്ങളാല്‍ ഐ.എന്‍.എസ് വിക്രമാദിത്യയുടെ വരവ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാലാണ് നിര്‍മാണം പൂര്‍ത്തിയായ ഉടന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയത്.
രാജ്യസുരക്ഷയ്ക്കായി കുറ്റമറ്റ രീതിയില്‍ ഐ.എന്‍.എസ് വിക്രമാദിത്യ പൂര്‍ണസജ്ജമായി കഴിഞ്ഞതായും ഷെഡ്യൂള്‍ ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ കൊച്ചിയില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പല്‍ കൊച്ചി തീരം വിടുമെന്നും ക്യാപ്റ്റന്‍ കൃഷ്ണ സ്വാമിനാഥന്‍ പറഞ്ഞു. എറണാകുളം വാര്‍ഫില്‍ നങ്കൂരമിട്ടിരിക്കുന്ന വിക്രമാദിത്യയില്‍ ആയുധങ്ങളും മറ്റുപകരണങ്ങളും ഘടിപ്പിക്കുന്ന പണികളാണ് ഇപ്പോള്‍ നാവികസേന നടത്തിവരുന്നത്. അറ്റകുറ്റപ്പണികള്‍ക്കുള്ള സഹായത്തിന് റഷ്യയില്‍ നിന്നുള്ള സംഘവും എത്തിയിട്ടുണ്ട്.
കൊച്ചിയില്‍ നിന്ന് വിക്രമാദിത്യ ഗോവയിലെ കാര്‍വാറിലേക്കും തുടര്‍ന്ന് മുംബൈയിലേക്കു തിരിക്കും. 45, 400 ടണ്‍ ഭാരം ശേഷിയുള്ള വിക്രമാദിത്യയ്ക്ക് 26 മിഗ് വിമാനങ്ങള്‍ ഉള്‍പ്പെടെ 36 എയര്‍ക്രാഫ്റ്റുകള്‍ വഹിക്കാന്‍ കഴിയും.
ഒരു മണിക്കൂറില്‍ 56 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വിക്രമാദിത്യ സ്റ്റീം ടര്‍ബൈയ്ന്‍ സാങ്കേതികതയിലാണ് പ്രവര്‍ത്തിക്കുന്നത്. 23 ഡെക്കുകളുള്ള ഈ കപ്പലില്‍ 30 കിടക്കകളുള്ള രണ്ട് ഓപ്പറേഷന്‍ തിയേറ്ററുകളോടുകൂടിയ ആശുപത്രിയും കപ്പല്‍ചരിത്രം പറയുന്ന ഒരു മ്യൂസിയവും ഉണ്ട്. 110 ഓഫിസര്‍മാരും 1600 സെയിലര്‍മാരുമാണ് ഈ ഭീമന്‍കപ്പലില്‍ സേവനം ചെയ്യുന്നത്.
മിഗ് 29 കെ എയര്‍ക്രാഫ്റ്റ്, കാമോവ് 31 ഹെലികോപ്റ്റര്‍, ചേതക് ഹെലികോപ്റ്റര്‍, സീക്കിങ് 42 ബി ഹെലികോപ്റ്റര്‍ എന്നിവ 24 മണിക്കൂറും ആയുധങ്ങളുമായി പറന്നുയരുന്നതിനും തിരകെ വന്ന് ലാന്‍ഡ് ചെയ്യുന്നതിനും വിക്രമാദിത്യയില്‍ സജ്ജീകരണമുണ്ട്.
ബാക്കു എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ വിമാനവാഹിനി 1987ലാണ് റഷ്യ കമ്മിഷന്‍ ചെയത്ത്. റഷ്യന്‍ നാവികസേനയുടെ ഭാഗമായിരുന്ന ഈ വിമാനവാഹിനി പിന്നീട് അഡ്മിറല്‍ ഗോര്‍ഷ്‌ക്കോവ് എന്നപേരിലാണ് അറിയപ്പെട്ടത്.
എന്നാല്‍ ശീതയുദ്ധം അവസാനിച്ചതോടെ കീവ് ക്ലാസില്‍പ്പെടുന്ന ഇത്തരം വിമാനവാഹിനി കപ്പല്‍ നിലനിര്‍ത്തുന്നത് സാമ്പത്തിക നഷ്ടം ആയതിനാല്‍ റഷ്യ 1996ല്‍ ഡികമ്മിഷന്‍ ചെയ്യുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ത്യ ഗോര്‍ഷ്‌ക്കോവ് 2004ല്‍ 2.35 ബില്യണ്‍ ഡോളറിനു സ്വന്തമാക്കിയത്. തുടര്‍ന്നു ഐഎന്‍എസ് വിക്രമാദിത്യ എന്നു നാമകരണം ചെയ്യുകയായിരുന്നു.
2013 നവംബര്‍ 16ന് വിക്രമാദിത്യ ഔദ്യോഗികമായി ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."