ചിന്നമ്മ വധം; മൂന്നു പ്രതികളും കുറ്റക്കാര്‍, ശിക്ഷ 15ന്
കല്‍പ്പറ്റ: തൃക്കൈപ്പറ്റ വെള്ളിത്തോട് കെ.കെ ജംഗ്ഷനിലെ ഒലിക്കക്കുഴിയില്‍ മാത്യുവിന്റെ ഭാര്യ ചിന്നമ്മ എന്ന അന്നമ്മയുടെ കൊലപാതകത്തില്‍ പിടിയിലായ മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കല്‍പ്പറ്റ അഡീഷനല്‍ സെഷന്‍ കോടതി ഒന്നിലെ ജഡ്ജ് എസ്.എച്ച് പഞ്ചാപകേശനാണ് ഐ.പി.സി 120 (ബി), 449, 302, 392, 201 വകുപ്പുകള്‍ പ്രകാരം പതികളായ എരുമാട്, കൊന്നച്ചാലില്‍, കുന്നാരത്ത് വീട്ടില്‍ ഔസേഫ് (24), സില്‍ജോ (26), തൃക്കൈപ്പറ്റ മാണ്ടാട് കരിങ്കണ്ണിക്കുന്ന്, കയ്യാനിക്കല്‍ വിപിന്‍ (26) എന്നിവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കവര്‍ച്ച നടത്തുന്നതിനുവേണ്ടി അരിവാള്‍, വെട്ടുകത്തി എന്നിവ കൊണ്ട് വെട്ടിയും കല്ലുകൊണ്ടിടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.
2014 സെപ്റ്റംബര്‍ 13ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ചിന്നമ്മ ഒറ്റയ്ക്ക് താമസിക്കുന്ന വീടുമായി പ്രതികള്‍ അടുത്തബന്ധം പുലര്‍ത്തിയിരുന്നു. പ്രതികള്‍ മുന്‍കൂട്ടി തീരുമാനിച്ചതുപ്രകാരം ചിന്നമ്മയെ മയക്കുന്നതിനുവേണ്ടി ബത്തേരിയിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ നിന്നും ഗുളികകളും, മുട്ടിലില്‍ നിന്നും ശീതളപാനീയവും വാങ്ങി രാത്രി 11ഓടുകൂടി ചിന്നമ്മ താമസിക്കുന്ന വീട്ടിലെത്തുകയും അവരോടൊത്ത് ഭക്ഷണം കഴിക്കുകയും, ഗുളിക കലക്കിയ പാനീയം ചിന്നമ്മക്ക് കുടിക്കാന്‍ കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു മുറിയില്‍ കിടന്നുറങ്ങിയ പ്രതികള്‍ ചിന്നമ്മ ഉറങ്ങിയെന്ന് ബോധ്യം വന്നപ്പോള്‍ മുറിയില്‍ കയറി കല്ലുകൊണ്ട് ഇടിച്ചും, അരിവാളുകൊണ്ടും, വാക്കത്തികൊണ്ടും വെട്ടിയും കൊലപ്പെടുത്തുകയും, മുറിയിലുണ്ടായിരുന്ന 34.35 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാലയും, 31 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ മോതിരവും, എ.ടി.എം കാര്‍ഡും കവര്‍ച്ച നടത്തുകയും, ചിന്നമ്മയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യുകയും, കൃത്യത്തിനുപയോഗിച്ച വാക്കത്തി കഴുകി വൃത്തിയാക്കുകയും ചെയ്തു. വീട് പുറത്തുനിന്നും പൂട്ടിയശേഷം താക്കോലും, കൃത്യത്തിനുപയോഗിച്ച കല്ലും അരിവാളും പറമ്പിലേക്ക് വലിച്ചെറിഞ്ഞു.
സംഭവസമയം ധരിച്ച വസ്ത്രങ്ങളും വാക്കത്തിയും പലസ്ഥലത്തായി ഒളിപ്പിച്ചുവച്ച് തെളിവ് നശിപ്പിച്ചുവെന്നും പൊലിസ് കണ്ടെത്തിയിരുന്നു. പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടതിന്റെ വെളിച്ചത്തില്‍ ശിക്ഷയെക്കുറിച്ച് പ്രോസിക്യൂഷന്റെയും, പ്രതി ഭാഗത്തിന്റെയും വാദം കോടതി കേട്ടു.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും, നിരാലംബയായ ഒരു സ്ത്രീയെ മൃഗീയമായും, ക്രൂരമായും കൊലപ്പെടുത്തിയതിനാല്‍ പ്രതികള്‍ വധശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പി അനുപമന്‍ കോടതിയില്‍ ബോധിപ്പിച്ചു.
ഈ മാസം 15ലേക്ക് ശിക്ഷ വിധിക്കാനായി കേസ് കോടതി മാറ്റിവെച്ചു. കേസില്‍ 79 സാക്ഷികളെ വിസ്തരിച്ചു. 119 രേഖകളും, 28 തൊണ്ടി മുതലുകളും ഹാജരാക്കി. സാഹചര്യ തെളിവുകളുടെയും സാങ്കേതിക തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റം പ്രോസിക്യൂഷന്‍ തെളിയിച്ചത്. കല്‍പ്പറ്റ പൊലിസ് ഇന്‍സ്‌പെക്ടറായിരുന്ന സുഭാഷ് ബാബുവാണ് കേസ് അന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."