വിദ്യാഭ്യാസമേഖലയില്‍ ലാഭേച്ഛ കൂടിവരുന്നു: മുഖ്യമന്ത്രി
കൊച്ചി: അടുത്ത കാലത്തായി വിദ്യാഭ്യാസമേഖലയില്‍ ലാഭേച്ഛ കൂടി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുപ്പത്തടം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കു പുറമെ, വ്യക്തികളോ, കുടുംബങ്ങളോ, സ്ഥാപനങ്ങളോ മുന്‍കൈയെടുത്ത് സ്ഥാപിച്ച സ്‌കൂളുകള്‍ പണ്ടും കേരളത്തിലെ വിദ്യാഭ്യാസരംഗത്തിന് കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
എന്നാല്‍ അന്ന് വിദ്യാലയങ്ങള്‍ ആരംഭിക്കാന്‍ മുന്‍കൈയെടുത്തവരെല്ലാം തന്നെ ലാഭേച്ഛയില്ലാതെ സാമൂഹികവിദ്യാഭ്യാസ രംഗത്തിനായുള്ള ഉയര്‍ച്ചയ്ക്കു വേണ്ടിയാണ് പ്രയത്‌നിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാലങ്ങള്‍ സംരക്ഷിക്കാന്‍ നാടാകെ ഒന്നിച്ചു നീങ്ങണം. ഇതിനായുള്ള സാമ്പത്തികസഹായം സര്‍ക്കാരില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും ലഭിക്കുന്നതിനു പുറമെ പൂര്‍വ വിദ്യാര്‍ഥികളില്‍ നിന്നും അതത് നാട്ടിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും സമാഹരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. കെ.വി. തോമസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആശാ സനില്‍, മുന്‍ എംപി പി. രാജീവ്, മുന്‍ എംഎല്‍എ കെ. മുഹമ്മദാലി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ അബ്ദുള്‍ മുത്തലിബ്, കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് രത്‌നമ്മ സുരേഷ്, മറ്റു ജനപ്രതിനിധികള്‍, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."