കേരളം തൊട്ടടുത്ത്
കോയമ്പത്തൂര്‍: കിതച്ചോടി തുടങ്ങിയ കേരളം ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ തിരിച്ചു വന്നു. 32 ാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം ദിനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഹരിയാനയുമായി നേരിയ വ്യത്യാസം മാത്രമാണ് കേരളത്തിനുള്ളത്. ഫോട്ടോ ഫിനിഷിലേക്ക് കേരളത്തെ എത്തിച്ചത് ട്രാക്കിലെയും ജംപിങ് പിറ്റിലെയും നേട്ടങ്ങളായിരുന്നു. ട്രാക്കിലും ജംപിങ് പിറ്റിലും നിന്നായി കേരളം ഇന്നലെ നാല് സ്വര്‍ണവും അഞ്ച് വെള്ളിയും എട്ട് വെങ്കലവും നേടി. എട്ടു സ്വര്‍ണവും ഒന്‍പതു വെള്ളിയും 13 വെങ്കലവുമാണ് മൂന്ന് ദിനങ്ങളിലെ കേരളത്തിന്റെ ആകെ സമ്പാദ്യം. ഇതോടെ 219 പോയിന്റുമായി കേരളം പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തി. 14 സ്വര്‍ണം ആറു വെള്ളി ആറു വെങ്കലം നേടി ഒന്നാം സ്ഥാനത്ത് തുടരുന്ന ഹരിയാനയ്ക്ക് 224 പോയിന്റുണ്ട്. 188 പോയിന്റുമായി തമിഴ്‌നാട് മൂന്നാം സ്ഥാനത്തും 151 പോയിന്റുമായി ഉത്തര്‍പ്രദേശ് നാലാം സ്ഥാനത്തുമാണ്. തെലങ്കാനയുടെ സുധാകറും തമിഴ്‌നാടിന്റെ രേവതിയും സ്പ്രിന്റ് ട്രാക്കിലെ അതിവേഗക്കാരായി. 10.66 സെക്കന്‍ഡിലാണ് അണ്ടര്‍ 20 വിഭാഗത്തില്‍ സുധാകര്‍ ഫിനിഷ് ലൈന്‍ തൊട്ടത്. 12.24 സെക്കന്‍ഡിലായിരുന്നു രേവതി അതിവേഗക്കാരിയായത്. ആറ് റെക്കോര്‍ഡുകളാണ് ഇന്നലെ പിറന്നത്.
കേരളത്തിന്റെ മെഡല്‍ വേട്ടക്കാര്‍
സി.കെ ശ്രീജ (5000 മീറ്റര്‍ നടത്തം), സൂര്യമോള്‍ ടി (400 മീറ്റര്‍), അലീന ജോസ് (ട്രിപ്പിള്‍ ജമ്പ്), നിവ്യ ആന്റണി (പോള്‍വോള്‍ട്ട്) എന്നിവരാണ് ഇന്നലെ കേരളത്തിന് സ്വര്‍ണം സമ്മാനിച്ചത്. ലിനറ്റ് ജോര്‍ജ് (400 മീറ്റര്‍), ടി ആരോമല്‍ (ഹൈജംപ്), അഭിനവ് സി (100 മീറ്റര്‍), ജില്‍ന എം.വി (100 മീറ്റര്‍), ഷാനി പൗലോസ് (3000 മീറ്റര്‍ നടത്തം) എന്നിവരാണ് വെള്ളി നേടിയത്. മുഹമ്മദ് സാദത്ത് (100 മീറ്റര്‍), ആല്‍ഫി ലൂക്കോസ് (ട്രിപ്പിള്‍ ജംപ്), ലിബിന്‍ ഷിബു (100 മീറ്റര്‍), വി.കെ വിസ്മയ (400 മീറ്റര്‍), ആദിത്യ കെ.ടി (400 മീറ്റര്‍), ദിവ്യ മോഹന്‍ (പോള്‍വോള്‍ട്ട്), ആന്‍സി സോജന്‍ (100 മീറ്റര്‍), മുഹമ്മദ് അഫ്‌സാന്‍ (5000 മീറ്റര്‍ നടത്തം) എന്നിവര്‍ വെങ്കലം നേടി.
റെക്കോര്‍ഡിന്റെ ഉയരങ്ങളില്‍ നിവ്യ
ആകാശം അതിരാക്കി പറക്കുന്ന നിവ്യ ആന്റണിക്ക് ഉയരങ്ങളില്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടിലാണ് തന്റെ തന്നെ റെക്കോര്‍ഡ് തിരുത്തി സ്വര്‍ണം നേടിയത്. 3.32 ഉയരമാണ് നിവ്യ ഇന്നലെ കീഴടക്കിയത്. കേരളത്തിന്റെ തന്നെ സിഞ്ചു പ്രകാശ് 2011 ല്‍ സ്ഥാപിച്ച 3.30 മീറ്റര്‍ മീറ്റ് റെക്കോര്‍ഡും നിവ്യയ്ക്ക് മുന്നില്‍ വഴിമാറി. പാലക്കാട് കല്ലടി എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനിയായ നിവ്യ പാല ജംപ്‌സ് അക്കാദമിയിലെ താരമാണ്. കണ്ണൂര്‍ എടക്കുടിയില്‍ കോളയാട് ക്വാറി തൊഴിലാളിയായ ആന്റണിയുടെയും റജിയുടെയും മകളായ നിവ്യ ലോക സ്‌കൂള്‍ മീറ്റില്‍ വെള്ളിയും നേടിയിട്ടുണ്ട്. പാല ജംപ്‌സ് അക്കാദമിയിലെ സതീഷിന്റെ ശിക്ഷണത്തിലാണ് പരിശീലനം. കേരളത്തിന്റെ തന്നെ ദിവ്യ മോഹന്‍ 3.10 മീറ്റര്‍ ചാടി ഇതേ ഇനത്തില്‍ വെങ്കലം നേടി. 3.10 മീറ്റര്‍ ചാടിയ പഞ്ചാബിന്റെ രേണു റാണിക്കാണ് വെള്ളി.
ത്രോയില്‍ റെക്കോര്‍ഡുകളുടെ പെരുമഴ
ത്രോ ഇനങ്ങളില്‍ ഇന്നലെ റെക്കോര്‍ഡുകളുടെ മേളമായിരുന്നു. അണ്ടര്‍ 14 ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ പഞ്ചാബിന്റെ ധന്‍വീര്‍ 17.88 മീറ്റര്‍ ദൂരം കീഴടക്കി പുതിയ ദേശീയ റെക്കോര്‍ഡ് നേടി. 2010 ല്‍ ഡല്‍ഹിയുടെ ശക്തി സോളങ്കി സ്ഥാപിച്ച 17.71 മീറ്ററിന്റെ റെക്കോര്‍ഡാണ് തകര്‍ത്തത്. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ഹരിയാനയുടെ പൂനം ജക്കര്‍ 54.66 മീറ്റര്‍ എറിഞ്ഞാണ് പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 2012 ല്‍ യു.പിയുടെ നിഷ യാദവ് സ്ഥാപിച്ച 54.39 മീറ്റര്‍ റെക്കോര്‍ഡ് പഴങ്കഥയായി. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടിലും ഇന്നലെ റെക്കോര്‍ഡ് പിറന്നു. 20.63 മീറ്റര്‍ എറിഞ്ഞ് ഹരിയാനയുടെ ദീപേന്ദര്‍ ദബാസ് ആണ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 2014 ല്‍ ഡല്‍ഹിയുടെ ശക്തി സോളങ്കി സ്ഥാപിച്ച 20.21 മീറ്റര്‍ ദൂരമാണ് തകര്‍ത്തത്. അണ്ടര്‍ 16 ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ 72.05 മീറ്റര്‍ എറിഞ്ഞ് യു.പിയുടെ രോഹിത് യാദവും പുതിയ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കി. രോഹിതിന്റെ കൈക്കരുത്തില്‍ തകര്‍ന്നത് 2012 ല്‍ ഹരിയാനയുടെ നീരജ് ചോപ്ര സ്ഥാപിച്ച 68.46 മീറ്റര്‍ ദൂരമാണ്.
ഒറ്റ ലാപ്പില്‍
ഉഷയുടെ ശിഷ്യ മാത്രം
ജിസ്‌നയും ഷഹര്‍ബാനയും വിട്ടു നിന്ന ദേശീയ ജൂനിയര്‍ മീറ്റിലെ ഒറ്റ ലാപ്പില്‍ കേരള പ്രതീക്ഷകള്‍ക്ക് ആശ്വാസ സ്വര്‍ണം സമ്മാനിച്ചത് ഉഷ സ്‌കൂളിലെ താരം മാത്രം. കേരളം ഏറെ പ്രതീക്ഷിച്ച 400 മീറ്ററില്‍ കേരളത്തിന് കിട്ടിയത് ഒരു സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും മാത്രം അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ സൂര്യമോള്‍ ടി (57.22 സെക്കന്റ്) സ്വര്‍ണവും ആദിത്യ കെ.ടി (58.03 സെക്കന്‍ഡ്) വെങ്കലവും നേടി. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ സ്വര്‍ണം പ്രതീക്ഷിച്ച കേരളത്തിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കേരളത്തിനായി ട്രാക്കിലിറങ്ങിയ മേഴ്‌സിക്കുട്ടന്‍ അത്‌ലറ്റിക് അക്കാദമിയിലെ ലിനറ്റ് ജോര്‍ജ് ശക്തമായ പോരാട്ടം കാഴ്ചവച്ചെങ്കിലും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ വി.കെ വിസ്മയയുടെ വകയായിരുന്നു വെങ്കലം.
അതിവേഗത്തിലും കാലിടറി
ഏറെ പ്രതീക്ഷകളുമായി ട്രാക്ക് കീഴടക്കാന്‍ മോഹിച്ച കേരളത്തിന് അതിവേഗത്തിലും തിരിച്ചടി. 100 മീറ്ററില്‍ ഒരു സ്വര്‍ണം പോലും കേരളത്തിന് കിട്ടിയില്ല. രണ്ട് വെള്ളിയും രണ്ട് വെങ്കലവുമായി ട്രാക്ക് വിടേണ്ടി വന്നു.
അണ്ടര്‍ 20 പെണ്‍കുട്ടികളില്‍ ജില്‍നയും അണ്ടര്‍ 16 ആണ്‍കുട്ടികളില്‍ സി അഭിനവും വെള്ളി നേടിയപ്പോള്‍ അണ്ടര്‍ 16 പെണ്‍കുട്ടികളില്‍ ആന്‍സി സോജനും അണ്ടര്‍ 18 ആണ്‍കുട്ടികളില്‍ ലിബിന്‍ ഷിബുവും വെങ്കലം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."