രാഷ്ട്രത്തെ നിശ്ചലമാക്കിയ യുക്തിബോധമില്ലാത്ത തിരുമാനം
വീണ്ടുവിചാരവും സാമാന്യയുക്തിയുമില്ലാത്ത ഭരണകര്‍ത്താക്കള്‍ ഏതു രാജ്യത്തിനും ജനങ്ങള്‍ക്കും ശാപമാണ്. തങ്ങളുടെ ഹ്രസ്വകാല രാഷ്ട്രീയനേട്ടങ്ങള്‍ക്കും പ്രതിച്ഛായാ നിര്‍മാണത്തിനുമായി ജനങ്ങളെ നിത്യദുരിതത്തിലേയ്ക്കു തള്ളിവിട്ട ഭരണകര്‍ത്താക്കളൊക്കെ ചരിത്രത്തിന്റെ നിര്‍ദയമായ വിചാരണയ്ക്കു വിധേയമായിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാത്തിരിക്കുന്നത് അത്തരമൊരു ചരിത്രവിചാരണയായിരിക്കുമെന്നാണു കഴിഞ്ഞദിവസങ്ങളില്‍ രാജ്യം സാക്ഷ്യംവഹിച്ച സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളത്രയും പ്രധാനമന്ത്രിയുടെ തന്നിഷ്ടംകാരണം ദുരിതമനുഭവിക്കുകയാണ്.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാണെന്നും വിപണിയില്‍നിന്നു പിന്‍വലിക്കുകയാണെന്നും ഓര്‍ക്കാപ്പുറത്ത് ഒരു രാത്രിയിലാണു പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ സാമ്പത്തികരംഗത്തു ദൂരവ്യാപക പ്രത്യഘാതങ്ങളുണ്ടാക്കുന്ന ചരിത്രപരമായ നിലപാടാണിത് എന്നാണ് നരേന്ദ്രമോദിയുടെയും ബി.ജെ.പിയുടെയും വൈതാളികന്മാര്‍ ആ നിമിഷംമുതല്‍ പാടിക്കൊണ്ടു നടക്കുന്നത്.
എന്നാല്‍, അപ്രതീക്ഷിതമായി അടിച്ചേല്‍പ്പിച്ച ഈ സാമ്പത്തികാടിയന്തരാവസ്ഥ ഇന്ത്യയിലെ ജനങ്ങളെ വലിയൊരു ദുരന്തത്തിലേയ്ക്കാണു തള്ളിവിട്ടിരിക്കുന്നത്. കൈയില്‍ പണമുണ്ടെങ്കിലും ദാഹിക്കുമ്പോള്‍ ഒരു കുപ്പിവെള്ളം വാങ്ങിക്കുടിക്കാനോ അസുഖം വന്നാല്‍ ചികത്സ തേടാനോ കഴിയാത്ത അവസ്ഥയാണിന്ന്. ഈ സര്‍ജിക്കല്‍ സ്‌ട്രൈക്ക് കീറിമുറിച്ചത് ഓരോ ഇന്ത്യാക്കാരന്റെയും ഹൃദയത്തെയാണ്.
ഒരു മുന്നൊരുക്കവുമില്ലാതെയാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ വിപണിയില്‍നിന്നു പിന്‍വലിച്ചത്. 120 കോടി ജനങ്ങളുള്ള ഈ വലിയ രാഷ്ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ആ തിരുമാനം നിശ്ചലമാക്കി. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ജനജീവിതം സ്തംഭിച്ചു. വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഇത്തരം തീരുമാനങ്ങള്‍ അവധാനതയോടെ വേണം നടപ്പാക്കാന്‍; പ്രത്യേകിച്ച് ഇന്ത്യപോലൊരു രാജ്യത്ത്.
എലിയെ കൊല്ലാന്‍ ഇല്ലത്തിനു തീ കൊടുക്കുമ്പോള്‍ എലി ചാടിപ്പോവുകയും ഇല്ലം വെണ്ണീറാവുകയും ചെയ്യും. അതിനു സമാനമായ അവസ്ഥയാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. കള്ളപ്പണത്തിനും കള്ളനോട്ടുകള്‍ക്കുമെതിരേയുള്ള ജാഗ്രതയും അവ നിയന്ത്രിക്കാനും ഇല്ലാതാക്കാനുമുള്ള പരിശ്രമവും ശ്ലാഘനീയംതന്നെ. വളരെ കാര്യക്ഷമതയോടെ വേണമായിരുന്നു അതു നടപ്പാക്കാന്‍.
കാരണം, ചെറിയ ഉപേക്ഷപോലും കോടിക്കണക്കിനു ജനങ്ങളുടെ നിത്യജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്നരിക്കെ വരുംവരായ്ക അലോചിച്ചുറപ്പിച്ചശേഷമേ ഇത്തരത്തിലൊരു നീക്കത്തിനു പച്ചക്കൊടി കാണിക്കാന്‍ പാടുണ്ടായിരുന്നുള്ളു. എന്നാല്‍, കള്ളനോട്ടും കള്ളപ്പണവും നിയന്ത്രിക്കുന്നതിനേക്കാള്‍ രാഷ്ട്രീയനേട്ടം കൊയ്യാനാണു കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
നോട്ടുകള്‍ പിന്‍വലിച്ചിട്ടു ദിവസം ആറായി. ഇതുവരെ എ.ടി.എമ്മുകളില്‍ നോട്ടുകളെത്തിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. രാജ്യത്തെല്ലായിടത്തും പ്രമുഖ ബാങ്കുകളുടെ എ.ടി.എമ്മുകള്‍ക്കു മുമ്പില്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂവാണു കാണുന്നത്. ബാങ്കുകള്‍ തുറന്നുവച്ചിട്ടുണ്ട്. എങ്കിലും പണമില്ല. ഓരോദിവസം കഴിയുന്തോറും പ്രതിസന്ധിയുടെ തീവ്രത വര്‍ധിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാം ശരിയാകുമെന്നാണ് ആദ്യദിവസം പറഞ്ഞത്.
ഇപ്പോള്‍ ഒരാഴ്ചയായി. രാജ്യം മുഴുവന്‍ പ്രശ്‌നസങ്കീര്‍ണമായിരിക്കുകയാണ്. ഭക്ഷണം കഴിക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. ചെറുകിട വ്യാപാരമേഖലയാകെ തകര്‍ന്നിരിക്കുകയാണ്. ഭക്ഷ്യധാന്യങ്ങളും മറ്റും വാങ്ങാന്‍കഴിയാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.
ആശുപത്രികളില്‍ ചികിത്സ കിട്ടാതെ ആളുകള്‍ മരിക്കുന്ന സ്ഥിതിവിശേഷമെത്തുമ്പോഴും ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റ്‌ലി പറയുന്നത് ഓണ്‍ലൈനില്‍ക്കൂടി സാമ്പത്തിക ഇടപാടുകള്‍ നടത്താനാണ്. കോടിക്കണക്കിനു സാധാരണ ജനങ്ങള്‍ എങ്ങനെയാണ് ഓണ്‍ലൈന്‍വഴി സാമ്പത്തിക ഇടപെടു നടത്തുക. റൊട്ടിയല്ലങ്കില്‍ ജനങ്ങള്‍ കേക്കു തിന്നെട്ടെയെന്നു പറഞ്ഞ പഴയ ഏകാധിപതികളുടെ സ്വരമാണു മോദിക്കും ജെയ്റ്റ്‌ലിക്കുമൊക്കെ.
ഒരു ബദല്‍സംവിധാനവും ഒരുക്കാതെ നോട്ടുകള്‍ പിന്‍വലിക്കാന്‍ തിരുമാനിച്ചതിലൂടെ ഇന്ത്യയുടെ പ്രധാനമന്ത്രി പഴയ ഡല്‍ഹി സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ തുഗ്ലക്കിനു തുല്യനായിരിക്കുകയാണ്. ഇപ്പോള്‍, റിസര്‍വ് ബാങ്ക് തന്നെ സമ്മതിക്കുന്നു അടുത്തകാലത്തൊന്നും ആവശ്യത്തിനു നോട്ടുകള്‍ അടിച്ചെത്തിക്കാന്‍ സാധിക്കില്ലന്ന്.
ഇത് റിസര്‍വ് ബാങ്കിന് ഇപ്പോള്‍ തോന്നിയ ബോധോദയമല്ല. ബദല്‍സംവിധാനമില്ലങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അവര്‍ക്കറിയമായിരുന്നു. എന്നാല്‍, രാഷ്ട്രീയതീരുമാനത്തിനു മുന്നില്‍ അവര്‍ നിശബ്ദരായിപ്പോയതായിരിക്കാം.
പെട്ടെന്നു നോട്ടുകള്‍ പിന്‍വലിക്കാനുള്ള തിരുമാനം ഇന്ത്യയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനായിരുന്നില്ല. പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും സ്ഥിതി വരുന്ന തെരഞ്ഞെടുപ്പുകളില്‍ മെച്ചപ്പെടുത്താന്‍ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു. കള്ളപ്പണത്തിനെതിരേ പൊരുതുന്നു, കള്ളപ്പണം തിരിച്ചുകൊണ്ടുവരും എന്നൊക്കെ അധികാരത്തില്‍ വന്ന അന്നുമുതല്‍ പറഞ്ഞുതുടങ്ങിയതാണ്. വാക്കുകൊണ്ടുള്ള കണ്‍കെട്ടല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നു ജനം തിരിച്ചറിഞ്ഞു.
കള്ളപ്പണക്കാര്‍ അവരുടെ നിക്ഷേപം സുരക്ഷിതമാക്കിയിട്ടുണ്ട്. കോടിക്കണക്കിനു സാധാരണക്കാരാണ് നട്ടംതിരിയുന്നത്. ഉത്തര്‍പ്രദേശ് അടക്കമുള്ള തെരെഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ഇത്തരത്തില്‍ ചില ഗിമ്മിക്കുകള്‍ വേണം. അത്തരം ഗിമ്മിക്കുകള്‍ക്ക് ഇന്ത്യയിലെ സാധാരണക്കാര്‍ വലിയ വിലകൊടുക്കേണ്ടി വരുന്നുവെന്നതാണ് അതീവ ദുഖകരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."