സക്കീര്‍ ഹുസൈനെതിരേ പരാതിക്കാരനെ വിളിച്ചുവരുത്തി സി.പി.എമ്മിന്റെ തെളിവെടുപ്പ്
കൊച്ചി: സി.പി.എം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരേ പൊലിസില്‍ പരാതിപ്പെട്ടയാളെ വിളിച്ചുവരുത്തി സി.പി.എമ്മിന്റെ തെളിവെടുപ്പ്. വ്യവസായി ജൂബി പൗലോസിനെയാണ് പാര്‍ട്ടി അന്വേഷണ കമ്മിഷനായ എളമരം കരീം എറണാകുളം ഗസ്റ്റ് ഹൗസിലേക്കു വിളിച്ചുവരുത്തിയത്. ഇവിടെ വച്ച് മറ്റൊരു പരാതിക്കാരനോട് പൊലിസില്‍ പരാതി നല്‍കരുതെന്നും പാര്‍ട്ടി പരിഹരിക്കുമെന്നും കരീം ഉപദേശിച്ചതായി പരാതിക്കാരന് പറഞ്ഞു.
സക്കിര്‍ ഹുസൈന് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാണ് ജൂബി പൗലോസ് പൊലിസില്‍ പരാതി നല്‍കിയിരുന്നത്. കേസിനെത്തുടര്‍ന്ന് സെക്രട്ടറി സ്ഥാനത്തുനിന്ന് സക്കീര്‍ ഹുസൈനെ പാര്‍ട്ടി നീക്കിയിരുന്നു.
പൊലിസ് കേസെടുത്തതോടെയാണു സംഭവത്തെക്കുറിച്ചു പഠിക്കാന്‍ എളമരം കരീമിനെ അന്വേഷണ കമ്മിഷനായി സി.പി.എം നിയോഗിച്ചത്. കരീം കഴിഞ്ഞദിവസം കളമശേരി ഏരിയാ കമ്മിറ്റി അംഗങ്ങളില്‍നിന്നു തെളിവെടുത്തു. ഇതിനു പിന്നാലെയാണ് പരാതിക്കാരനായ ജൂബി പൗലോസിനെ ഗസ്റ്റ് ഹൗസിലേക്കു വിളിച്ചുവരുത്തിയത്. ഡയറി ഫാം എന്ന സ്വയംതൊഴില്‍ സംരംഭവുമായി മുന്നിട്ടിറങ്ങിയ തനിക്ക് ഇതിനകം വലിയ നഷ്ടമുണ്ടായെന്നും ഇതില്‍ സക്കീറിന്റെ പങ്ക് കരീമിനോടു വിശദീകരിച്ചെന്നും ജൂബി പറഞ്ഞു.
ജൂബി കേസ് കൊടുത്തതിനെത്തുടര്‍ന്നാണ് സക്കീര്‍ ഹുസൈന് ഒളിവില്‍പോയത്. പിന്നാലെ മറ്റു പത്തോളം പരാതികളും സക്കീര്‍ ഹുസൈനെതിരെ പൊലിസിനു ലഭിച്ചു. സാഹചര്യം ഇതായിരിക്കെ, പാര്‍ട്ടി കമ്മിഷന് ഇങ്ങനെ വിളിച്ചുവരുത്തി മൊഴിയെടുക്കുന്നത് പരാതിക്കാരെ സമ്മര്‍ദത്തിലാക്കുമെന്നും ആക്ഷേപമുണ്ട്. പാര്‍ട്ടി അന്വേഷണത്തെക്കുറിച്ച് അറിഞ്ഞ് കാണാനെത്തിയ മറ്റൊരു പരാതിക്കാരനോടാണ് പൊലിസിനെ കാണേണ്ടെന്നു കരീം പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."