കേരളം കുതിക്കുന്നു
കോയമ്പത്തൂര്‍: കിരീട പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. രാജ്യത്തെ കൗമാരവും യുവത്വവും കായിക കരുത്ത് കാട്ടിയ നാലു ദിനങ്ങളില്‍ പെണ്‍കരുത്തിന്റെ സുവര്‍ണപ്രഭയില്‍ കേരളം ഹരിയാനയെ പിന്നിലാക്കി മുന്നോട്ടോടി. 32 ാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് കിരീട പോരാട്ടം സമാപനത്തിലേക്ക് എത്തുമ്പോള്‍ കേരളം 330 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. 324 പോയിന്റുമായി ഹരിയാനയാണ് തൊട്ടുപിന്നില്‍. ആതിഥേയരായ തമിഴ്‌നാട് 308 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. 183 പോയിന്റ് നേടിയ ഉത്തര്‍പ്രദേശ് ആണ് നാലാമത്. ട്രാക്കില്‍ തമിഴ്‌നാട് ഉയര്‍ത്തിയ അതിശക്തമായ വെല്ലുവിളിയെയും ഫീല്‍ഡില്‍ ഹരിയാന തീര്‍ത്ത പ്രതിരോധത്തെയും മറികടന്നായിരുന്നു നാലാം ദിനത്തില്‍ കേരളം മുന്നിലോടി കയറിയത്. കേരളം ഇന്നലെ മാത്രം എട്ടു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവും നേടി. ഇതോടെ കേരളത്തിന്റെ മെഡല്‍ ബാസ്‌ക്കറ്റിലെ സമ്പാദ്യം 16 സ്വര്‍ണവും 11 വെള്ളിയും 17 വെങ്കലവുമായി. ഹരിയാന 19 സ്വര്‍ണവും 13 വെള്ളിയും എട്ടു വെങ്കലവും നേടി. ദേശീയ റെക്കോര്‍ഡുകള്‍ ഒഴിഞ്ഞു നിന്ന നാലാം ദിനത്തില്‍ ട്രാക്കിലും ഫീല്‍ഡിലുമായി മൂന്ന് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു. കേരളത്തിന്റെ അനുമോള്‍ തമ്പി (3000 മീറ്റര്‍), തമിഴ്‌നാടിന്റെ എം ലോകനായകി (400 മീറ്റര്‍ ഹര്‍ഡില്‍സ്) കര്‍ണാടകയുടെ മേഘ്‌ന ദേവാങ്കര്‍ (ഷോട്ട്പുട്ട്) എന്നിവരാണ് മീറ്റ് റെക്കോര്‍ഡ് സൃഷ്ടിച്ച പ്രകടനം നടത്തിയത്. ജൂനിയര്‍ മീറ്റിന്റെ അവസാന ദിനമായ ഇന്ന് 29 ഫൈനലുകള്‍ നടക്കും.
അഭിമാനമായി വീണ്ടും അനുമോള്‍
ജീവിത ട്രാക്കില്‍ പിടിച്ചു നില്‍ക്കാന്‍ പെടാപ്പാടു പെടുന്ന അനുമോള്‍ തമ്പി മത്സര ട്രാക്കില്‍ കേരളത്തിന്റെ അഭിമാനമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. അതും മീറ്റ് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയാണ് നാലാം ദിനത്തില്‍ കേരളത്തിന് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ അനുമോള്‍ തമ്പി 10:02.58 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ തൊട്ടാണ് പുതിയ മീറ്റ് റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് കേരളത്തിന് സ്വര്‍ണം സമ്മാനിച്ചത്. കടുത്ത പോരാട്ടത്തിലൂടെ തന്നെയായിരുന്നു അനുമോളുടെ വിജയം. അസമിന്റെ താരം സവിത പാലും അനുമോളും തമ്മില്‍ തുടക്കം മുതലേ കടുത്ത പോരാട്ടമാണ് നടത്തിയത്. തുടക്കം മുതല്‍ ഒരുമിച്ച് കുതിച്ച ഇരുതാരങ്ങളും ഓട്ടം അവസാനിപ്പിച്ചതും ഒരേ സമയത്തില്‍ തന്നെ. ഒടുവില്‍ സുവര്‍ണ താരത്തെ നിശ്ചയിച്ചത് ഫോട്ടോഫിനിഷില്‍. വെള്ളിയിലേക്ക് പിന്തള്ളപ്പെട്ട സവിതയും മീറ്റ് റെക്കോര്‍ഡ് ഭേദിച്ച പ്രകടനം നടത്തി. 3000 മീറ്ററില്‍ ദേശീയ റെക്കോര്‍ഡും അനുമോളുടെ പേരിലാണ്.
സുവര്‍ണ താരമായി
ലിബിയയും അലീനയും
ലിബിയ ഷാജി ജംപിങ് പിറ്റില്‍ പറന്നപ്പോള്‍ എതിരാളികള്‍ക്ക് തൊടാനായില്ല. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഹൈജംപിലാണ് കേരളത്തിനായി ലിബിയ ഷാജി സുവര്‍ണ ചാട്ടം നടത്തിയത്. ദേശീയ സ്‌കൂള്‍ മീറ്റിലെ ദേശീയ റെക്കോര്‍ഡ് ജേതാവായ ലിബിയ 1.71 മീറ്റര്‍ ഉയരം കീഴടക്കിയാണ് സ്വര്‍ണത്തിലേക്ക് പറന്നത്. സീനിയര്‍ വനിതകളുടെ ഹെപ്റ്റാത്തലണിലും കേരളം സ്വര്‍ണം നേടി. 4303 പോയിന്റുമായി അലീന വിന്‍സെന്റ് ആണ് സ്വര്‍ണ കുതിപ്പ് നടത്തിയത്.
ഹര്‍ഡില്‍സിനു മേലെ
സ്വര്‍ണത്തിളക്കം
400 ന്റെ ഹര്‍ഡില്‍സില്‍ നാലില്‍ കേരളത്തിന് രണ്ടു സ്വര്‍ണവും രണ്ടു വെങ്കലവും. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തോമസ് മാത്യു കേരളത്തിന് സ്വര്‍ണം സമ്മാനിച്ചു. 53.89 സെക്കന്‍ഡിലായിരുന്നു ഹരിയാന താരത്തെ പിന്നിലാക്കി തോമസിന്റെ മെഡല്‍വേട്ട. 54.39 സെക്കന്‍ഡില്‍ ഫിനീഷ് ലൈന്‍ കടന്ന ഹരിയാനയുടെ അമര്‍ജീത്ത് വെള്ളിയും നേടിയപ്പോള്‍ കേരളത്തിന്റെ അക്ഷയ് എന്‍.എസ് (54.53) വെങ്കലം നേടി. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സിലും കേരളം മെഡല്‍ വേട്ട നടത്തി. എസ് അര്‍ഷിത 1.03.75 സെക്കന്‍ഡില്‍ ഹര്‍ഡില്‍സിന് മേലെ പറന്നെത്തിയാണ് കേരളത്തിന് സ്വര്‍ണം സമ്മാനിച്ചത്. കര്‍ണാടകയുടെ ബിബിഷ (1.03.77) വെള്ളി നേടി. അനില വേണു (1.04.57) കേരളത്തിനായി വെങ്കലം ഓടിച്ചാടിയെടുത്തു. അണ്ടര്‍ 20 വിഭാഗത്തില്‍ കേരള താരങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. തമിഴ്‌നാട് താരങ്ങള്‍ക്കായിരുന്നു സ്വര്‍ണം.
മെഡ്‌ലേയില്‍ തിളങ്ങി
ജൂനിയേഴ്‌സ്
സീനിയേഴ്‌സ് തളര്‍ന്ന മെഡ്‌ലേ റിലേയില്‍ സുവര്‍ണശോഭയില്‍ തിളങ്ങി ജൂനിയേഴ്‌സ്. രണ്ട് സ്വര്‍ണവും ഒരു വെങ്കലവുമായിരുന്നു മെഡ്‌ലേ റിലേയില്‍ കേരളത്തിന്റെ സമ്പാദ്യം. അണ്ടര്‍ 16 ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മെഡ്‌ലേ റിലേയില്‍ കേരളം സ്വര്‍ണം നേടി. എന്നാല്‍, അണ്ടര്‍ 18 ആണ്‍കുട്ടികളുടെ മെഡ്‌ലേ റിലേയില്‍ കേരളത്തെ ബാറ്റണ്‍ ചതിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ വെങ്കലം കൊണ്ടു തൃപ്തിപ്പെട്ടു. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആദ്യത്തെ ബാറ്റണ്‍ കൈമാറ്റത്തിലെ പിഴവിലാണ് കേരളം തിരിച്ചടി നേരിട്ടത്. മത്സരം പൂര്‍ത്തിയാക്കാതെ കേരള താരങ്ങള്‍ ട്രാക്കില്‍ നിന്നും തിരിച്ചു കയറി. പെണ്‍കുട്ടികളുടെ വിഭാഗത്തിലും ബാറ്റണ്‍ കൈമാറ്റം മികച്ചതായില്ല. ആദ്യ രണ്ട് ലാപ്പുകളിലും ഓടിയ താരങ്ങള്‍ ഏറെ പിന്നിലായെങ്കിലും അവസാന 400 മീറ്ററില്‍ ഓടിയ ലിനറ്റ് ജോര്‍ജ് കേരളത്തിന് വെങ്കലം സമ്മാനിച്ചു. അവസാന 100 മീറ്റര്‍ വരെ ലിനറ്റ് തമിഴ്‌നാട് താരത്തിനൊപ്പം പോരാടി. എന്നാല്‍ ഫിനിഷിങിലെ പോരായ്മ തിരിച്ചടിച്ചതോടെ വെങ്കലം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.
4-100 ല്‍ സമാസമം
അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 4-100 റിലേയില്‍ കേരളം സ്വര്‍ണ ബാറ്റണ്‍ ഉയര്‍ത്തിയപ്പോള്‍ പെണ്‍പട നിരാശപ്പെടുത്തി. തമിഴ്‌നാടായിരുന്നു റിലേയില്‍ കേരളത്തിന് വെല്ലുവിളി ഉയര്‍ത്തിയത്. മുഹമ്മദ് സാദത്ത്, മുഹമ്മദ് അജ്മല്‍, അക്ഷയ്കുമാര്‍ പ്രണവ് കെ.എസ് എന്നിവരാണ് കേരളത്തിനായി ബാറ്റണ്‍ ഏന്തിയത്. തമിഴ്‌നാട് താരങ്ങള്‍ ഉയര്‍ത്തിയ വെല്ലുവിളിയെ നിഷ്പ്രഭമാക്കി 41.50 സെക്കന്‍ഡിലാണ് സ്വര്‍ണം നേടിയത്. പെണ്‍കുട്ടികളുടെ റിലേയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയെങ്കിലും അവസാന ലാപ്പില്‍ തമിഴ്‌നാട് താരം നടത്തിയ അതിമനോഹര ഫിനിഷിങില്‍ കേരള താരത്തിന് ചുവടു പിഴച്ചു. 48.50 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്ന തമിഴ്‌നാട് സ്വര്‍ണം നേടിയപ്പോള്‍ 48.07 സെക്കന്‍ഡില്‍ ഓട്ടം നിര്‍ത്തിയാണ് കേരളം വെള്ളി നേടിയത്. 49.17 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കര്‍ണാടകയ്ക്കാണ് വെങ്കലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."