നോട്ട് മാറ്റിയെടുക്കല്‍ സ്വന്തം ഇടപാടുകാര്‍ക്ക് മാത്രമാക്കി ബാങ്കുകള്‍
കൊച്ചി: പണത്തിന്റെ ലഭ്യത കുറഞ്ഞതോടെ ഇന്നലെ മുതല്‍ പല ബാങ്കുകളും കറന്‍സി വിതരണം അക്കൗണ്ടുള്ളവര്‍ക്ക് മാത്രമാക്കി മാറ്റി. പണം നല്‍കുന്നതും പണം സ്വീകരിക്കുന്നതും ഇടപാടുകാര്‍ക്ക് മാത്രമാക്കിയതിന് പുറമേ എ.ടി.എമ്മുകളിലെ സേവനവും പരിമിതിപ്പെടുത്തിയതോടെ സാധാരണക്കാര്‍ കൂടുതല്‍ വലഞ്ഞു.
മണിക്കൂറുകള്‍ ക്യൂ നിന്ന് കൗണ്ടറിനടുത്ത് എത്തുമ്പോഴാണ് പലരും ഇക്കാര്യം അറിയുന്നത്. നോട്ട് മാറ്റിനല്‍കുന്നത് സ്വന്തം ഇടപാടുകാര്‍ക്ക് മാത്രമാക്കി മാറ്റിയതോടെ ഏത് ബാങ്കില്‍ നിന്നും നോട്ടു മാറിയെടുക്കാമെന്ന നിര്‍ദേശം ഫലത്തില്‍ ഇല്ലാതായി. ഇതോടെ ഇടപാടുകാരും ബാങ്ക് ജീവനക്കാരും തമ്മിലും തര്‍ക്കിക്കുന്ന അവസ്ഥയായി. ബാങ്കിലേക്ക് എത്തുന്ന പണം തികയാതെ വരുന്നതിനാലാണ് ഇത്തരത്തില്‍ തീരുമാനമെടുക്കേണ്ടിവന്നതെന്നാണ് ബാങ്കു മാനേജര്‍മാര്‍ നല്‍കുന്ന വിശദീകരണം.
കൂടാതെ വ്യാപകമായ രീതിയില്‍ ഒരാള്‍ തന്നെ പല ബാങ്കുകളില്‍ നിന്നായി വന്‍തോതില്‍ നോട്ട് മാറ്റിവാങ്ങുന്നതായും ഇക്കാര്യത്തില്‍ യാതൊരു നിയന്ത്രണവുമില്ലാത്ത സാഹചര്യവുമാണെന്നും ബാങ്കുകള്‍ ചൂണ്ടികാട്ടുന്നു. തങ്ങളുടെ അക്കൗണ്ട് ഉടമകള്‍ കാത്തുനിന്ന ശേഷം മടങ്ങിപോകുന്ന സാഹചര്യം തുടര്‍ന്നുള്ള ഇടപാടുകളെ ബാധിക്കുമെന്നതിനാല്‍ ആദ്യം സ്വന്തം ഇടപാടുകാര്‍ എന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ചില ബാങ്കുകള്‍ സ്വന്തം അക്കൗണ്ട് ഉടമകള്‍ക്ക് മാത്രമായി പണം ലഭിക്കുന്ന രീതിയില്‍ എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുകയാണ്. ഇതോടെ ഏതു ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്നും പണം ലഭിക്കുമെന്ന സാഹചര്യവും ഇല്ലാതായി. വന്‍ നഗരങ്ങളിലെ നിര്‍മ്മാണ തൊഴിലാളികളും ഇതരസംസ്ഥാന തൊഴിലാളികളുമാണ് ഇതുമൂലം കൂടുതല്‍ ബുദ്ധിമുട്ടിലായത്.
ഇതരസംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗം പേര്‍ക്കും കേരളത്തില്‍ ബാങ്ക് അക്കൗണ്ട് ഇല്ല. നാട്ടിലെ ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഏതെങ്കിലും ബാങ്കുവഴി നിക്ഷേപിക്കുകയാണ് പതിവ്. നോട്ട് മാറി ലഭിക്കുന്നതിനായി പല ബാങ്കുകള്‍ കയറി ഇറങ്ങേണ്ട ഗതികേടിലാണ് തൊഴിലാളികള്‍. പകുതിയില്‍ അധികം എ.ടി.എമ്മുകളും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ഇതിനിടയില്‍ രണ്ടായിരത്തിന്റെ നോട്ടുകളും എ.ടി.എം വഴി വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണം ബാങ്കുകള്‍ ഏര്‍പ്പെടുത്തിയതോടെ ചെറിയ നോട്ടുകളുടെ ക്ഷാമവും രൂക്ഷമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."