നോട്ട് തളര്‍ത്തി ടൂറിസം മേഖല; ഇനി പഴയ നോട്ട് സ്വീകരിക്കില്ല
മേപ്പാടി: നോട്ട് പ്രതിസന്ധി ടൂറിസം മേഖലക്ക് കൂടി കനത്ത ആഘാതമാവുന്നു. ഇതുവരെ പിന്‍വലിച്ച 500, 1000 രൂപ നോട്ടുകള്‍ ടൂറിസം കേന്ദ്രങ്ങളില്‍ ടിക്കറ്റ് ചാര്‍ജിന് ഈടാക്കിയിരുന്നു.
എന്നാല്‍ സര്‍ക്കാരില്‍ നിന്നും പുതിയ അറിയിപ്പ് വന്നതോടെ പഴയ നോട്ടുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തി. ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളായ സൂചിപ്പാറ, കുറുവദ്വീപ്, കര്‍ലാട് തടാകം, വാരാമ്പറ്റ, മീന്‍മുട്ടി, ബാണാസുര സാഗര്‍ എന്നിവിടങ്ങളിലാണ് പഴയ നോട്ടുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിയത്. നോട്ട് പ്രതിസന്ധി ആരംഭിച്ച ശേഷം വയനാട്ടിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്.
50 ശതമാനത്തിലേറെ സഞ്ചാരികളുടെ കുറവാണ് ഉണ്ടായത്. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികളായിരുന്നു ജില്ലയിലേക്ക് കൂടുതലായും എത്തിയിരുന്നത്.
റിസോട്ടുകള്‍, ഹോട്ടലുകള്‍ തുടങ്ങി ടൂറിസവുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥാപനങ്ങള്‍ക്കെല്ലാം പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള പ്രയാസവും ചില്ലറ ക്ഷാമവുമാണ് പ്രതിസന്ധിക്ക് കാരണം.
സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുമായി പഠന യാത്രകള്‍ നടത്തുന്ന സമയമാണിത്. നേരത്തെ തീരുമാനിച്ചുറപ്പിച്ച ട്രിപ്പുകള്‍ പോലും റദ്ദാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."