കൈക്കുഞ്ഞിന് മുലയൂട്ടി കൊണ്ടിരിക്കെ അയല്‍വാസി വീടു കയറി ആക്രമിച്ചതായി പരാതി കിളിമാനൂര്‍: കൈക്കുഞ്ഞിന്
മുലയൂട്ടി കൊണ്ടിരിക്കെ അയല്‍വാസിയും ഭാര്യയും വീടു കയറി ആക്രമിച്ചതായി പരാതി .
അക്രമത്തിന്റെ ചിത്രങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും പൊലിസ് വേണ്ട വിധത്തില്‍ അന്വേഷണം നടത്താതെ പ്രതി ഭാഗം ചേര്‍ന്ന് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായി ആക്ഷേപമുണ്ട്.
കൊടുവഴന്നൂര്‍ പന്തുവിള സുബിന്‍ ഭവനില്‍ ബിന്ദു (30)വാണ് ഇത് സംബന്ധിച്ച് കിളിമാനൂര്‍ പോലീസില്‍ പരാതി നല്‍കിയത്.ഇവരുടെ വീടിനടുത്ത് വാടകക്ക് താമസിക്കുന്നയാളും ഭാര്യയുമാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം രാവിലെ എട്ടര മണിയോടെ കൂറ്റന്‍ തടി കഷ്ണവുമായി വീട്ടിനകത്ത് അതിക്രമിച്ച് കടന്ന ഇവര്‍ കുഞ്ഞിന് മുലയൂട്ടുകയായിരുന്ന ബിന്ദുവിനെയും തുടര്‍ന്ന് അവരുടെ ഭര്‍ത്താവിനെയും ആക്രമിക്കുകയായിരുന്നു. വീട്ടില്‍ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു.തടികൊണ്ടുള്ള അടിയേറ്റ് ബിന്ദുവിനും ഭര്‍ത്താവിനും പരുക്കേറ്റു.
ഇത് സംബന്ധിച്ച് അപ്പോള്‍ തന്നെ പരാതി നല്‍കിയെങ്കിലും ഇന്നലെ സ്റ്റേഷനില്‍ വിളിപ്പിച്ച് വൈകുന്നേരം വരെ കൈകുഞ്ഞിനെയും കൊണ്ട് നിര്‍ത്തിക്കുകയും ആക്ഷേപിക്കുകയും കള്ളക്കേസ് എടുക്കുമെന്ന് ഭീഷണി പെടുത്തുകയും ചെയ്തുവെന്നും ബിന്ദു പറയുന്നു.
തുടര്‍ന്ന് ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ സ്റ്റേഷനില്‍ നിന്നു പറഞ്ഞുവിട്ടുവത്രേ.
ലോക്കല്‍ പൊലിസില്‍ നിന്നു നീതി കിട്ടില്ലെന്നു പേടിയുണ്ടെന്നും ഉന്നതര്‍ക്ക് പരാതി നല്‍കുമെന്നും ബിന്ദു
പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."