ഗോളില്ലാതെ ഇറ്റലിയും ജര്‍മനിയും
ഇംഗ്ലണ്ട്- സ്‌പെയിന്‍, ഫ്രാന്‍സ്- ഐവറി കോസ്റ്റ് മത്സരങ്ങളും സമനില
മിലാന്‍: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഇറ്റലി ലോക ചാംപ്യന്‍മാരായ ജര്‍മനിയെയും ഫ്രാന്‍സിനെ ഐവറി കോസ്റ്റും ഗോള്‍രഹിത സമനിലയില്‍ തളച്ചു. മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട്- സ്‌പെയിന്‍ പോരാട്ടം 2-2നും തുല്ല്യത പാലിച്ചു.
ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങളില്‍ വല കാക്കുന്ന ഗോള്‍ കീപ്പറെന്ന മുന്‍ സ്പാനിഷ് ഇതിഹാസം ഇകര്‍ കാസിയസിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയ ഇറ്റാലിയന്‍ നായകന്‍ ജിയാന്‍ലൂജി ബുഫണിന്റെ മിന്നും സേവുകള്‍ ജര്‍മനിക്ക് ഗോളുകള്‍ നിഷേധിച്ചു. കരിയറിലെ 167ാം പോരാട്ടത്തിനാണ് ബുഫണ്‍ ഇറങ്ങിയത്. 1997 മുതല്‍ ടീമിന്റെ വല കാക്കുന്ന വെറ്ററന്‍ ഇതിഹാസം 38ാം വയസിലും മികവിന്റെ ഔന്നത്യത്തിലാണ്. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ഈജിപ്ത് താരം അഹമദ് ഹസ്സന്റെ 184 മത്സരങ്ങളെന്ന റെക്കോര്‍ഡിലേക്കെത്താന്‍ ബുഫണിനു സാധിക്കുമോ എന്നു കാത്തിരുന്നു കാണാം. ഇടവേളയില്‍ ബുഫണിനെ മാറ്റി യുവ താരം ജിയാന്‍ ലൂജി ഡൊണ്ണാരുമയെ ഇറക്കാനും കോച്ച് വെന്റുറ മറന്നില്ല. ഇരു ടീമുകളും ഭാവി മുന്നില്‍ കണ്ട് യുവ താരങ്ങള്‍ക്ക് അവസരം നല്‍കുകയായിരുന്നു.
രണ്ടു ഗോളിനു പിന്നില്‍ നിന്ന ശേഷം അവസാന നിമിഷങ്ങളില്‍ നേടിയ ഗോളുകളിലാണ് സ്‌പെയിന്‍ ഇംഗ്ലണ്ടുമായി സമനില പിടിച്ചത്. ഒന്‍പതാം മിനുട്ടില്‍ പെനാല്‍റ്റി വലയിലെത്തിച്ച് ആദം ലല്ലാനയും 48ാം മിനുട്ടില്‍ ജാമി വാര്‍ഡിയും ഇംഗ്ലണ്ടിനായി വല ചലിപ്പിച്ചു. ലഗോ അസ്പാസ് 89ാം മിനുട്ടിലും ഇസ്‌കോ ഇഞ്ച്വറി ടൈമിലും സ്‌പെയിനിനായി വല കുലുക്കി.
മറ്റു മത്സരങ്ങളില്‍ റഷ്യ 1-0ത്തിനു റൊമാനിയയേയും ഐസ്‌ലന്‍ഡ് 2-0ത്തിനു മാല്‍റ്റയേയും സ്വീഡന്‍ 2-0ത്തിനു ഹംഗറിയേയും ക്രൊയേഷ്യ 3-0ത്തിനു ഉത്തര അയര്‍ലന്‍ഡിനേയും വീഴ്ത്തി. ചെക്ക് റിപ്പബ്ലിക്ക് - ക്രൊയേഷ്യ പോരാട്ടം 1-1നു സമനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."