നോട്ട് നിരോധനം: ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് എ.ഐ.ടി.യു.സി
ആലപ്പുഴ:നോട്ട് നിരോധനത്തിന്റെ പേരില്‍ ജനങ്ങളും തൊഴിലാളികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപെട്ട് എ.ഐ.ടി.യു.സി ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാ കോടതി എസ്.ബി.ടി ശാഖയ്ക്ക്മുന്നില്‍ പ്രതിഷേധ മാര്‍ച്ചും,ധര്‍ണ്ണയും സംഘടിപ്പിച്ചു.
എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ.വി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.കള്ളപണവും അഴിമതിയും തടയുന്നതിന് വേണ്ടി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ലോക മണ്ടത്തരങ്ങളില്‍ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.
ബാങ്കുകള്‍ക്ക് മുന്നിലെ ക്യൂവില്‍ കോര്‍പ്പറേറ്റ് ഭീമന്‍മാരോ കള്ളപ്പണക്കാരോ ഒന്നും നില്‍ക്കുന്നില്ല.സാധാരണക്കാരാണ് വലയുന്നതെന്നും മോഹന്‍ദാസ് പറഞ്ഞു.ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഡി.പി മധു അധ്യക്ഷത വഹിച്ചു.വി.ജെ ആന്റണി,പി.യു അബ്ദുള്‍കലാം,എ.എം ഷിറാസ്,ആര്‍ അനില്‍കുമാര്‍,വി.എം ഹരിഹരന്‍,ആര്‍ സുരേഷ്,സി.കെ രാധാകൃഷ്ണന്‍,സുരേഷ് സൂര്യമംഗലം എന്നിവര്‍ സംസാരിച്ചു.ആലപ്പുഴ ചടയംമുറി സ്മാരകത്തില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് നൂറ്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."