തട്ടിക്കൂട്ടിയ എന്‍.ഡി.എ സഖ്യം പരാജയമായി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് താമര വിരിഞ്ഞെങ്കിലും ബി.ജെ.പിയുടെ നേതൃത്വത്തില്‍ തട്ടിക്കൂട്ടിയ എന്‍.ഡി.എ സഖ്യം പരാജയമായി. എന്‍.ഡി.എയിലെ സഖ്യകക്ഷികളുടെ കാര്യമായ സഹായമില്ലാതെയാണ് ഒ.രാജഗോപാല്‍ നേമത്ത് വിജയിച്ചത്. വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ്, സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രസഭ, രാജന്‍ബാബുവിന്റെ ജെ.എസ്.എസ്, പി.സി തോമസിന്റെ കേരളാ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളെ ഒപ്പംകൂട്ടിയാണ് തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് എന്‍.ഡി.എ സഖ്യമുണ്ടാക്കിയത്. ഇതില്‍ ബി.ഡി.ജെ.എസിന്റെ പിന്തുണകൊണ്ട് ചാത്തന്നൂരില്‍ മാത്രമാണ് ബി.ജെ.പിക്ക് അല്‍പമെങ്കിലും നേട്ടമുണ്ടായത്. ഈഴവ സമുദായത്തിനു മുന്‍തൂക്കമുള്ള ഇവിടെ ബി.ജെ.പി രണ്ടാമതെത്തിയിരുന്നു.
മറ്റുമണ്ഡലങ്ങളില്‍ ഘടകകക്ഷിയുടെ പിന്തുണകൊണ്ട് ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കാനായില്ല. അതേസമയം, കുടം ചിഹ്നത്തില്‍ 37 സീറ്റുകളില്‍ മത്സരിച്ച ബി.ഡി.ജെ.എസിനു ഒരിടത്തുപോലും കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ബി.ഡി.ജെ.എസ് മികച്ച മത്സരം കാഴ്ചവയ്ക്കുമെന്നു പാര്‍ട്ടി കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചിരുന്ന കുട്ടനാട്, കോവളം, നാട്ടിക, ഉടുമ്പന്‍ചോല, തിരുവല്ല, റാന്നി, കയ്പമംഗലം, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലെല്ലാം മൂന്നാംസ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ബി.ഡി.ജെ.എസിനു പുറമേ ജനാധിപത്യ രാഷ്ട്രസഭ രൂപീകരിച്ച് ബി.ജെ.പി പാനലില്‍ മത്സരിക്കാനിറങ്ങിയ സി.കെ ജാനുവിനും മൂന്നാംസ്ഥാനമാണ് ലഭിച്ചത്. ബത്തേരിയില്‍ കോണ്‍ഗ്രസിലെ സിറ്റിങ് എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ 75,747വോട്ടും സി.പി.എമ്മിലെ രുഗ്മിണി സുബ്രഹ്മണ്യന്‍ 64,549 വോട്ടും നേടിയപ്പോള്‍ സി.കെ ജാനുവിനു 27,920വോട്ടുമാത്രമാണ് നേടാനായത്. കുട്ടനാട് മണ്ഡലത്തില്‍ മികച്ച മത്സരം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ബി.ഡി.ജെ.എസ് സംസ്ഥാന ഭാരവാഹികൂടിയായ സുഭാഷ് വാസുവിനു 33,044 വോട്ടാണ് നേടാനായത്. ഇവിടെ ഇടതുസ്ഥാനാര്‍ഥി എന്‍.സി.പിയിലെ തോമസ് ചാണ്ടി 50,114ഉം യു.ഡി.എഫ് സ്ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസ് എമ്മിലെ ജേക്കബ് എബ്രഹാം 45,223ഉം വോട്ട് നേടിയിരുന്നു.
ബി.ഡി.ജെ.എസ് പ്രതീക്ഷ പുലര്‍ത്തിയിരുന്ന കോവളം മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ടി.എന്‍ സുരേഷിനു 30,987 വോട്ടാണ് നേടാനായത്. ഇവിടെ ഒന്നാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.വിന്‍സന്റിനു 60,268 വോട്ട് ലഭിച്ചപ്പോള്‍ ജെ.ഡി(എസ്) സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമായ ജമീല പ്രകാശത്തിനു 57,653 വോട്ട് നേടാനായി. തിരുവല്ല മണ്ഡലത്തിലെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് 31,439 വോട്ട് നേടിയപ്പോള്‍ ഇവിടെ വിജയിച്ച എല്‍.ഡി.എഫിലെ മാത്യു ടി. തോമസിന് 59,660 വോട്ടും കേരളാ കോണ്‍ഗ്രസ് എമ്മിലെ ജോസഫ് എം.പുതുശ്ശേരിക്ക് 51,398 ഉം വോട്ട് ലഭിച്ചിരുന്നു.
ജെ.എസ്.എസ് രാജന്‍ബാബു വിഭാഗത്തിന്റെയും കേരളാ കോണ്‍ഗ്രസ് (പി.സി തോമസ്) വിഭാഗത്തിന്റെയും സ്ഥാനാര്‍ഥികള്‍ക്ക് മത്സരിച്ച ഒരിടത്തും അല്‍പംപോലും ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. അതേസമയം, വെള്ളാപ്പള്ളി നടേശനുമായുള്ള ചങ്ങാത്തം കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിയാത്തത് ബി.ജെ.പി ദേശീയ നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."