ഏരിയാ സെക്രട്ടറിയുടെ കീഴടങ്ങല്‍: ജില്ലാ നേതൃത്വവും പ്രതിസന്ധിയില്‍
കൊച്ചി: തങ്ങളുടെ ഏരിയാ സെക്രട്ടറി നിരപരാധിയാണെന്ന് നിരന്തരം നിലപാടെടുത്ത സി.പി.എം ജില്ലാ നേതൃത്വത്തിന് കനത്ത തിരിച്ചടിയായി സര്‍ക്കാരിന്റെയും പൊലിസിന്റെയും നിലപാട്. പാര്‍ട്ടി ഭരിക്കുമ്പോള്‍തന്നെ പ്രമുഖ ജില്ലാ നേതൃത്വം ഇത്രയും വലിയ പ്രതിസന്ധിയിലേക്ക് എത്തുന്നതും ഇതാദ്യം. കളമശ്ശേരി ഗുണ്ടാകേസ് പാര്‍ട്ടിക്ക് വരുത്തിവെച്ചിരിക്കുന്നത് ബഹുമുഖ പ്രതിസന്ധി തന്നെയാണ്.
യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ ജില്ലയില്‍ ഒരുവിഭാഗം സംരക്ഷിച്ചിരിന്നുവെന്ന ആുേരാപണം കേസിന്റെ തുടക്കം മുതല്‍ ശക്തമാണ്. ഒക്ടോബര്‍ 27ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം സക്കീര്‍ ഹുസൈനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് സാങ്കേതികമായി മാത്രമാണ് ഒഴിവാക്കിയത്. ആരോപണം വന്ന സ്ഥിതിക്ക് ഏരിയാ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ നിര്‍ദേശിച്ചുവെന്നും എന്നാല്‍, ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ സ്ഥാനം തിരികെ നല്‍കുമെന്നുമുള്ള തരത്തിലുള്ള സൂചനയാണ് ജില്ലാ നേതൃത്വം നല്‍കിയത്. അതിനുശേഷം സക്കീര്‍ ഹുസൈന്‍ ഒളിവില്‍ പോവുകയും ചെയ്തു.
അപ്പോഴും പക്ഷേ, ഇദ്ദേഹത്തെ കൈവിടുന്ന സമീപനമല്ലായിരുന്നു ജില്ലാ നേതൃത്വത്തിന്റേത്. ഈ സമീപനത്തിന്റെ ഭാഗമായായിരുന്നു കഴിഞ്ഞ 14ന് സക്കീര്‍ ഹുസൈന്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ എത്തിയതും കമ്മിറ്റി യോഗത്തില്‍ സംബന്ധിച്ചതും. ഇതിനെതിരേ ജില്ലാ നേതൃത്വം ഒരക്ഷരം മിണ്ടിയില്ല.
എന്നാല്‍, വിവാദമായതോടെ സംസ്ഥാന സെക്രട്ടറിക്ക് ഈ സംഭവത്തെ തള്ളിപ്പറയേണ്ടിവന്നു. സക്കീര്‍ ഹുസൈന്‍ അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങുകയാണ് വേണ്ടതെന്നും സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ദിവസങ്ങളോളം അത് അനുസരിക്കാതിരുന്നതും പാര്‍ട്ടിക്ക് ക്ഷീണമായി. മാത്രമല്ല, സക്കീര്‍ പ്രതിയായിരിക്കുന്ന കേസുകള്‍ ജനകീയ സമരങ്ങളിലേര്‍പ്പെട്ടതിന്റെ ഫലമായുണ്ടായതാണെന്ന ന്യായീകരണവും ദോഷം ചെയ്തു. അതേസമയം, പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണം ഈ വിഷയത്തില്‍ കടുത്ത നിലപാടാണ് സ്വീകരിച്ചത്. യുവ വ്യവസായി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഗൗരവത്തിലെടുത്തത് മുതല്‍ കടുത്ത വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തതും ഒടുവില്‍ ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ജാമ്യ അപേക്ഷയെ ശക്തമായി എതിര്‍ത്തതുമെല്ലാം ജില്ലാ നേതൃത്വത്തിനുള്ള മുന്നറിയിപ്പായി.
ഒപ്പം, ഇയാള്‍ കീഴടങ്ങിയ ശേഷമുള്ള ജാമ്യാപേക്ഷയെയും ശക്തമായി എതിര്‍ത്തിരുന്നു. ഇതിന്റെ ഫലമായാണ് ജാമ്യം നിഷേധിക്കപ്പെട്ടതും. ഇതോടെ സംസ്ഥാന നേതൃത്വും ഇടത് സര്‍ക്കാരുമെല്ലാം ജില്ലാ നേതൃത്വത്തിന്റെ നിലപാട് തള്ളിയതിന്റെ ജാള്യതയിലാണ് ഇപ്പോള്‍ ജില്ലയിലെ പല നേതാക്കളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."