കേന്ദ്ര പൊതുമേഖല വ്യവസായ സ്ഥാപനമായ ഏലൂര്‍ ഫാക്ട് വീണ്ടും പ്രതിസന്ധിയിലേക്ക്
കളമശ്ശേരി: കേന്ദ്ര പൊതുമേഖല വ്യവസായ സ്ഥാപനമായ ഏലൂര്‍ ഫാക്ട് വീണ്ടും പ്രതിസന്ധിയിലേക്ക്. ഉല്‍പ്പാദന വിപണന മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ഫാക്ടില്‍ പ്രതിസന്ധിയുണ്ടാക്കുന്നത്.
ഫാക്ടില്‍ നേരത്തെയുണ്ടായിരുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ 1000 കോടി രൂപ വായ്പ അനുവദിച്ചിരുന്നു.
ഇതനുവദിച്ചപ്പോഴുള്ള ധാരണയനുസരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. പ്രതിവര്‍ഷം 10 ലക്ഷം ടണ്‍ വളം ഉല്‍പ്പാദിപ്പിക്കുകയാണു ലക്ഷ്യം. ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഉല്‍പ്പാദനം ഓരോ മാസത്തിലും നടത്തുന്നു.എന്നാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചെങ്കിലും അതനുസരിച്ച് വിപണനം നടക്കുന്നില്ല. മഴ കുറഞ്ഞതിനാലാണു പ്രധാനമായും വളം വില്‍പ്പന കുറഞ്ഞത്. വില്‍പ്പന കുറഞ്ഞതോടെ ഉല്‍പ്പന്നം സൂക്ഷിക്കാന്‍ ഫാക്ടില്‍ ഇടമില്ലാതായി.
ഫാക്ടിന്റെ എല്ലാ ഗോഡൗണുകളിലും കാപ്രോലാക്ടം പ്ലാന്റിലുമൊക്കെ ഉല്‍പ്പന്നം കെട്ടിക്കിടക്കുകയാണ്. 94000 ടണ്ണോളം ഫാക്ടം ഫോസും 19000 ടണ്ണോളം അമോണിയം സല്‍ഫേറ്റുമാണ് സ്‌റ്റോക്കുള്ളത്.ഈ അവസ്ഥ തുടരുകയാണെങ്കില്‍ ജനുവരിയോടെ ഫാക്ടിലെ എല്ലാ പ്ലാന്റുകളിലെയും ഉല്‍പ്പാദനം നിര്‍ത്തേണ്ടി വരും.
ഉല്‍പ്പാദന ലക്ഷ്യമായ 10ലക്ഷം ടണ്‍ കൈവരിക്കാന്‍ ഇനി നാലര മാസമാണുള്ളത്. ഇതേവരെ 4.8ലക്ഷം ടണ്‍ ഫാക്ടം ഫോസും 1.1ലക്ഷം ടണ്‍ അമോണിയം സല്‍ഫേററുമാണ് ഉല്‍പ്പാദിപ്പിച്ചത്. അമോണിയ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുവായ എല്‍.എന്‍.ജിയുടെ കരാര്‍ നവംബര്‍ 30നോടെ അവസാനിക്കും.
ഇപ്പോള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അമോണിയയുടെ വില കുറഞ്ഞിരിക്കുകയാണ്. ഇക്കാരണത്താല്‍ അമോണിയ ഉല്‍പ്പാദിപ്പിക്കുന്നതിനേക്കള്‍ ലാഭം ഇറക്കുമതി ചെയ്യുന്നതാണ്. അമോണിയ ഇറക്കുമതി ചെയ്യുന്നതിന് ടെണ്ടര്‍ നല്‍കിയിട്ടുണ്ട്. അങിനെയാവുമ്പോള്‍ ഈ മാസം അവസാനത്തോടെ അമോണിയ ഉല്‍പ്പാദനം നിര്‍ത്തും. അടിയന്തിരമായി ഉല്‍പ്പന്നം സൂക്ഷിക്കുന്നതിന് സ്ഥലസൗകര്യം കണ്ടെത്തണം. അല്ലെങ്കില്‍ വളം വില്‍പ്പനക്ക് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം.ഇല്ലെങ്കില്‍ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ എളുപ്പമാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."