യു.എസില്‍ വിദ്യാഭ്യാസം തേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന
തിരുവനന്തപുരം: അമേരിക്കയില്‍ വിദ്യാഭ്യാസത്തിനായി എത്തുന്ന ഇന്ത്യക്കാരുടെ എണ്ണം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയതായി ചെന്നൈയിലെ അമേരിക്കന്‍ ചീഫ് കോണ്‍സലറും ഡെപ്യൂട്ടി കോണ്‍സല്‍ ജനറലുമായ ചാള്‍സ് ലൂമ ഓവര്‍സ്ട്രീറ്റ്. 2014-15ല്‍ 1,32,888 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അമേരിക്കയില്‍ പഠിച്ചിരുന്നത്. 2015-16 ല്‍ ഇത് 1,65,918 ആയി വര്‍ധിച്ചു. ഒരു വര്‍ഷം കൊണ്ട് 24.9 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായും അദ്ദേഹം പ്രസ് ക്ലബിന്റെ മുഖാംമുഖം പരിപാടിയില്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളില്‍ അഞ്ചില്‍ മൂന്ന് ഭാഗവും ബിരുദാനന്തര പഠനത്തിനായാണ് യു.എസില്‍ എത്തുന്നത്. കേരളത്തില്‍ നിന്ന് മാത്രം കഴിഞ്ഞ വര്‍ഷം 5000 ലേറെ പേരാണ് അമേരിക്കയിലേക്ക് സ്റ്റുഡന്റ് വിസയ്ക്കായി അപേക്ഷിച്ചത്. യു.എസ് എംബസിയിലും കോണ്‍സുലേറ്റിലും വിസയ്ക്ക് അപേക്ഷിക്കുന്നതില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്.
എന്നാല്‍, അമേരിക്കയില്‍ നിന്ന് ഇന്ത്യയില്‍ പഠിക്കാനത്തെുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഉന്നത പഠനത്തിനായി അമേരിക്കന്‍ വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കുന്ന 25 രാജ്യങ്ങളില്‍ 13ാമത്തേ സ്ഥാനമാണ് ഇന്ത്യയ്ക്ക്. എന്‍ജിനീയറിങ്, മാത്‌സ്, കംപ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലെ പഠനങ്ങള്‍ക്കായാണ് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുന്നത്. ഈ വിഷയങ്ങളില്‍ പഠിക്കാനെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ 25.4 ശതമാനത്തിന്റെ വര്‍ധനയുണ്ട്. ഇവരില്‍ 36 ശതമാനം എന്‍ജിനീയറിങിനും 34.9 ശതമാനം മാത്‌സ്, കംപ്യൂട്ടര്‍ സയന്‍സ് പഠനത്തിനായുമാണ് എത്തുന്നത്.
അമേരിക്കയിലെ ഭരണമാറ്റം വിദ്യാഭ്യാസ മേഖലയെയോ അതിന്റെ ഗുണനിലവാരത്തെയോ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."