വാതക പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തിനിടെ യുവാവിന്റെ ആത്മഹത്യാ ശ്രമം
കോഴിക്കോട്:ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തിനിടെ സിവില്‍ സ്‌റ്റേഷന് മുന്‍പില്‍ ആത്മഹത്യാ ശ്രമം. സമരസമിതി പ്രവര്‍ത്തകന്‍ കോഴിക്കോട് എകരൂല്‍ കല്ലാച്ചികണ്ടി ഷബീര്‍(35) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. നിരാഹാരസമരത്തിലിരിക്കുന്ന വിമുക്തഭടന്‍ കല്ലാച്ചികണ്ടി മുഹമ്മദിന്റെ മകനാണ് ഓട്ടോ ഡ്രൈവറായ ഷബീര്‍.
കരുമല വില്ലേജില്‍ പെരുമയില്‍ പറമ്പില്‍ വീടിന് കുറ്റിയടിച്ച ഭൂമിയില്‍ കഴിഞ്ഞദിവസം ഗെയില്‍ ഉദ്യോഗസ്ഥര്‍ സര്‍വേ നടത്തിയിരുന്നു. വീടുപണി തുടങ്ങാനിരിക്കെ ആകെയുള്ള ഭൂമിയില്‍ സര്‍വേ നടത്തി കുറ്റിയടിച്ചതില്‍ മന:പ്രയാസത്തിലായിരുന്നു ഇദ്ദേഹം.
ഗെയില്‍ അധികൃതര്‍ നിലവില്‍ അനധികൃതമായാണ് സര്‍വേ നടപടികളുമായി മുന്നോട്ടു പോകുന്നതെന്നാണ് സമരസമിതി പ്രവര്‍ത്തകരുടെ ആരോപണം.
കഴിഞ്ഞദിവസം മുഹമ്മദ് സമരപ്പന്തലില്‍ കുഴഞ്ഞു വീണിരുന്നു. ഇയാള്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ആറാം ദിവസം സമരത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടനെയാണ് ഷബീര്‍ ശരീരത്തില്‍ പെട്രോളൊഴിച്ചത്. എന്നാല്‍ പൊലിസ് അപകടാവസ്ഥ ഇല്ലാതാക്കി. ഇദ്ദേഹത്തെ ഉടന്‍ പൊലിസ് പിടികൂടി വാനിലേക്ക് മാറ്റി.
യുവാവിനെതിരേ നടക്കാവ് പൊലിസ് കേസെടുത്തു ജാമ്യത്തില്‍ വിട്ടു.
ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ പദ്ധതി പ്രദേശങ്ങളില്‍ നടക്കുന്ന സമരങ്ങളുടെ തുടര്‍ച്ചയായാണ് സിവല്‍ സ്റ്റേഷനു മുന്‍പില്‍ നിരാഹാരസമരം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."