തലശ്ശേരി സ്റ്റേഡിയം നിര്‍മാണം തടഞ്ഞത് രേഖാമൂലം അപേക്ഷ നല്‍കാത്തതിനാല്‍: ഡോ. ജി പ്രേംകുമാര്‍
തലശ്ശേരി: തലശ്ശേരി സ്റ്റേഡിയത്തിലെ നിര്‍മാണ പ്രവൃത്തി തടഞ്ഞത് രേഖാമൂലം അപേക്ഷ നല്‍കാത്തതിനാലാണെന്ന് പുരാവസ്തു വകുപ്പ് മേഖലാ ഡയറക്ടര്‍ ഡോ. ജി പ്രേംകുമാര്‍. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നിര്‍ദേശപ്രകാരം ഇന്നലെ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം പറഞ്ഞത്. ഇന്നലെ കാലത്താണ് എം.എല്‍.എയ്ക്കും നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശനുമൊപ്പം പുരാവസ്തു വകുപ്പ് ഡയറക്ടര്‍ സ്റ്റേഡിയത്തിലെത്തിയത്. സഹപ്രവര്‍ത്തകനായ കരുണദാസും കൂടെയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളെപ്പറ്റി എം.എല്‍.എ അഡ്വ. എ.എന്‍ ഷംസീര്‍ നിയമസഭയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. തലശ്ശേരി കോട്ടയില്‍ നിന്നു നൂറുമീറ്ററിലധികം ദൂരത്തുള്ള സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുരാവസ്തു വകുപ്പ് തടസം നിന്നത് രേഖാമൂലം അപേക്ഷ നല്‍കാത്തതിനാലാണെന്ന് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. പ്ലാനും മറ്റു രേഖകളും സഹിതം അപേക്ഷിച്ചാല്‍ പരിശോധിച്ച് അനുമതി നല്‍കുമെന്നും അദ്ദേഹം വിശദീകരിച്ചു. കോട്ടയുടെ നൂറു മീറ്ററിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ല. കോട്ടയുടെ തൊട്ടടുത്തായതിനാലാണ് ജനറല്‍ ആശുപത്രിക്ക് പുതിയ കെട്ടിടം പണിയാന്‍ തടസമുണ്ടാവുന്നത്. എന്നാല്‍ പ്രസ്തുത പരിധിക്കുള്ളില്‍ ഏതാനും സ്വകാര്യ വ്യക്തികള്‍ ബഹുനിലക്കെട്ടിടങ്ങള്‍ നിര്‍മിച്ചതായി ചൂണ്ടിക്കാണിച്ചപ്പോള്‍ അക്കാര്യം പരിശോധിക്കാമെന്ന് ഡോ. പ്രേംകുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."