സിന്ധുവിനു കന്നി സൂപ്പര്‍ സീരീസ് കിരീടം
ഫോസു (ചൈന): ഒളിംപിക് വെള്ളി മെഡല്‍ ജേത്രി ഇന്ത്യയുടെ പി.വി സിന്ധുവിനു ചൈന ഓപണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് പ്രീമിയര്‍ കിരീടം. ഫൈനലില്‍ ചൈനയുടെ സുന് യുവിനെ കീഴടക്കിയാണ് സിന്ധു കിരീടം ചൂടിയത്. കരിയറിലെ ആദ്യ സൂപ്പര്‍ സീരീസ് പ്രീമിയര്‍ കിരീടമാണ് സിന്ധു സ്വന്തമാക്കുന്നത്. മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. സ്കോര്‍: 21-11, 17-21, 21-11.
ആദ്യ സെറ്റ് അനായാസം സിന്ധു നേടിയപ്പോള്‍ രണ്ടാം സെറ്റില്‍ കടുത്ത പോരാട്ടവുമായി സുന് തിരിച്ചടിച്ച് സെറ്റ് പിടിച്ചെടുത്തു. തുടക്കത്തില്‍ മുന്നില്‍ നിന്ന സിന്ധുവിനെ ഗംഭീര തിരിച്ചു വരവിലൂടെ കയറിവന്നാണ് ചൈനീസ് താരം പിടിച്ചുകെട്ടിയത്.
ആദ്യ സെറ്റ് 17 മിനുട്ടില്‍ അവസാനിപ്പിക്കാന്‍ സിന്ധുവിനു സാധിച്ചപ്പോള്‍ രണ്ടാം സെറ്റില്‍ പോരാട്ടം കനത്തതോടെ മത്സരം അര മണിക്കൂര്‍ നീണ്ടു. 6-3 എന്ന സ്കോറില്‍ ലീഡുമായി നീങ്ങിയ സിന്ധുവിനെ 11-7, 14-10, 14-14 എന്ന ലെവലില്‍ പിടിക്കാന്‍ സുനിനു സാധിച്ചു. മൂന്നാം സെറ്റില്‍ 6-6 എന്ന നിലയില്‍ തുടക്കത്തില്‍ മത്സരം ഒപ്പമെത്തിക്കാന്‍ ചൈനീസ് താരത്തിനു സാധിച്ചെങ്കിലും തന്റെ ട്രേഡ് മാര്‍ക്ക് സ്മാഷുകളുമായി കളം നിറഞ്ഞ സിന്ധു എതിരാളിക്ക് ഒരവസരവും നല്‍കാതെ 21-11 എന്ന സ്കോറിനു സെറ്റും വിജയവും സ്വന്തമാക്കി.
സൂപ്പര്‍ സീരീസ് കിരീടമെന്ന തന്റെ ദീര്‍ഘ കാലത്തെ ആഗ്രഹമാണ് ഇപ്പോള്‍ സഫലമായതെന്നു സിന്ധു മത്സര ശേഷം പ്രതികരിച്ചു. കരിയറിലെ ആദ്യ സൂപ്പര്‍ സീരീസ് നേട്ടത്തില്‍ സന്തോഷിക്കുന്നതായും മികച്ച രീതിയില്‍ കളിക്കാന്‍ സാധിച്ചതായും സിന്ധു കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."