മദ്റസ വിദ്യാര്‍ഥികള്‍ക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം
എരുമപ്പെട്ടി: എരുമപ്പെട്ടിയില്‍ വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. മദ്റസയില്‍ പോകുന്ന കുട്ടികള്‍ക്ക് നേരെയാണ് തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്. നാട്ടുകാര്‍ നായ്ക്കളെ കല്ലെറിഞ്ഞ് ഓടിച്ച് കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു.
ഇന്നലെ രാവിലെ ഏഴു മണിയോടെ എരുമപ്പെട്ടി ഫൊറോന പള്ളിക്ക് സമീപമാണ് കുട്ടികള്‍ക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായത്. മദ്റസയിലേക്ക് പോവുകയായിരുന്ന റമീഷ (9) റാഷി (7) അനസ് (11) ഷിഫ്ന (9) എന്നിവരെയാണ് തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ചത്. കുട്ടികളുടെ ഇടയിലേക്ക് നായ്ക്കള്‍ ചാടി വീണതിനെ തുടര്‍ന്ന് കുട്ടികള്‍ ചിതറിയോടി. താഴെവീണ ഒരു വിദ്യാര്‍ഥിയെ കടിക്കാന്‍ ശ്രമിക്കുന്നതിനിയില്‍ ഫൊറോന പള്ളിയില്‍ നിന്നുവന്ന നാട്ടുകാര്‍ നായയെ വിരട്ടിയോടിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഭയപ്പെട്ട കുട്ടി അല്‍പ്പസമയം അബോധാവസ്തയിലാവുകയും ചെയ്തു. കുട്ടിക്ക് നായയുടെ കടിയേറ്റില്ലെങ്കിലും നിലത്ത് വീണതിനെ തുടര്‍ന്ന് നിസാരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്.
രക്ഷപ്പെടാന്‍ റോഡരുകിലെ കെട്ടിടങ്ങള്‍ക്ക് ഇടയിലൂടെ ഓടിയ മറ്റൊരു വിദ്യാര്‍ഥിയെ കൂട്ടമായി പിന്തുടര്‍ന്ന നായ്ക്കള്‍ ആക്രമിക്കാന്‍ നോക്കിയെങ്കിലും നാട്ടുകാര്‍ കല്ലെറിഞ്ഞ് ഓടിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. നായ്ക്കളെ ആട്ടിയോടിച്ച് മറ്റുകുട്ടികളേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ദിവസങ്ങള്‍ക്ക് മുമ്പ് കടങ്ങോട് പഞ്ചായത്തിലെ പന്നിത്തടത്തും സമാനമായ സംഭവം നടന്നിരുന്നു. പന്നിത്തടം നീണ്ടൂര്‍ റോഡില്‍വച്ച് രാവിലെ മദ്റസയിലേക്ക് പോവുകയായിരുന്ന കുട്ടികളെ തെരുവ് നായ്ക്കള്‍ കൂട്ടമായി ആക്രമിക്കുകയും കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ വയോധികന് കടിയേല്‍ക്കുകയും ചെയ്തു. പന്നിത്തടം പാപ്പാളി വീട്ടില്‍ മൊയ്തീന്‍കുട്ടിക്കാണ് കടിയേറ്റത്. മുഖത്തും ശരീരത്തിലും സാരമായി കടിയേറ്റ മൊയ്തീന്‍കുട്ടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
പുലര്‍ച്ചെ സമയങ്ങളിലാണ് നായ്ക്കളുടെ ആക്രമണം നടക്കുന്നത്. അറവ്ശാലകള്‍, കോഴിക്കടകള്‍, മത്സ്യ വില്‍പ്പനശാലകള്‍ എന്നിവയുടെ സമീപത്ത് നിന്ന് ലഭിക്കുന്ന അവശിഷ്ടങ്ങള്‍ ഭക്ഷിക്കാന്‍ എത്തുന്ന നായ്ക്കളാണ് ആക്രമണകാരികളാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. റോഡരുകില്‍ തുറന്ന വാഹനങ്ങളില്‍ കൊണ്ട് വന്ന് മാംസവില്‍പ്പന നടത്തുന്നതും റോഡില്‍ നായ്ക്കളുടെ ശല്യം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."