ദുരിതം പേറി കരീത്തറ കോളനി
പൂച്ചാക്കല്‍: സഞ്ചാര പതായില്ലാതെ കരീത്തറ കോളനി നിവാസികള്‍ വലയുന്നു. പാണാവള്ളി പതിനൊന്നാം വാര്‍ഡ് കരീത്തറ കോളനിവാസികളാണ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പ് മുട്ടുന്നത്. അടിസ്ഥാന വികസനത്തില്‍ പിന്നാക്കം നിന്നിരുന്ന പൂച്ചാക്കല്‍ ജെട്ടി ഭാഗത്തേയ്ക്ക് അടുത്ത കാലത്താണ് ഒരു റോഡ് ഉണ്ടായത്.കക്ഷിരാഷ്ട്രീയം മറന്ന് പ്രദേശത്തെ ജനങ്ങള്‍ നടത്തിയ മുന്നേറ്റത്തിന്റെ ഫലമായാണ് റോഡ് യാഥാര്‍ഥ്യമായത്.
റോഡ് നിര്‍മാണത്തിന്റെ മുന്‍നിരയില്‍ നിലകൊണ്ട കോളനി നിവാസികള്‍ ഭാവിയില്‍ തങ്ങള്‍ക്കുംഒരു നല്ല വഴി ഉണ്ടാകുമെന്ന് സ്വപ്നം കണ്ടിരുന്നു. എന്നാല്‍ ഇവരുടെ പ്രതീക്ഷയ്ക്ക് ഇന്നവരെ ഫലമുണ്ടായില്ലെന്നു മാത്രമല്ല ജീവിതദുരിതം നാള്‍ക്ക് നാള്‍ വര്‍ദ്ധിക്കുകയാണുണ്ടായത്.കയര്‍ - മല്‍സ്യമേഖലയില്‍ പണിയെടുക്കുന്ന മുപ്പതിലേറെ കുടുംബങ്ങള്‍ക്ക് പുറം ലോകത്തെത്താന്‍ നിലവില്‍ കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം കടന്നു പോകാനാകുന്ന ഇടവഴിമാത്രമാണുള്ളത് തൊഴിലുപകരണങ്ങളും അസംസ്‌കൃത വസ്തുക്കളും കുടുബങ്ങളിലെത്തിക്കാന്‍ ഇവര്‍ നന്നേകഷ്ടപ്പെടുന്നു.
വിവാഹം, മരണം, ആശുപത്രി കേസ്സുകള്‍ ഇവ ഉണ്ടാകുമ്പോള്‍ നെട്ടോട്ടമോടുന്ന സ്ഥിതിയാണുള്ളത്.ഈ പ്രദേശത്തെബന്ധിപ്പിച്ച് നടപ്പാത നിര്‍മ്മിക്കുന്നതിനുള്ള നിലവിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അധികാരികളുടെ ഭാഗത്തുനിന്ന് സഹായവുമില്ല. സ്ഥലപരിമിതിയുണ്ടെങ്കിലും നടപ്പാതയ്ക്കാവശ്യമായ സ്ഥലം വിട്ടു നല്‍കാന്‍ ഇവര്‍ തയ്യാറാണ്.
എന്നാല്‍ പൂച്ചാക്കല്‍ ജെട്ടിയില്‍ നിന്നും പടിഞ്ഞാറോട്ടു വരുന്ന പ്രധാന റോഡുമായ് പ്രദേശത്തെബന്ധിപ്പിക്കണമെങ്കില്‍ ഇതിനിടയിലെ നാടന്‍ തോടിനു കുറുകെ പൈപ്പിട്ട് ബണ്ട് നിര്‍മിക്കണമെന്നതാണ് പ്രധാന കടമ്പ. ഇല്ലെങ്കില്‍ മഴക്കാലത്ത് മറ്റൊരു ദുരിതത്തിന് നാട്‌സാക്ഷിയാകേണ്ടി വരും.ഒരു കാലത്ത് പാണാവള്ളിയിലെ വെനീസ് എന്നറിയപ്പെട്ടിരുന്ന പൂച്ചാക്കല്‍ ജെട്ടി പ്രദേശമുള്‍പ്പെട്ട കോളനി നിവാസികളുടെ ദുരിത നിവാരണത്തിന് രക്ഷകരാകേണ്ട പാണാവള്ളി ഗ്രാമപഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്നും അനുകൂല നടപടി അടിയന്തിരമായി ഉണ്ടാകണമെന്നതാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."