തെരുവു നായ്ക്കളുടെ ശല്യം: ഒഞ്ചിയത്ത് വീണ്ടും അഞ്ചുപേര്‍ക്ക് കടിയേറ്റു
എടച്ചേരി: ചെറിയ ഇടവേളയ്ക്കു ശേഷം തെരുവുനായ്ക്കളുടെ ശല്യം വീണ്ടും രൂക്ഷമായി. ഇന്നലെ ഒഞ്ചിയം പാലത്തിന് സമീപം താമസിക്കുന്ന അഞ്ച് പേര്‍ക്കാണ് പട്ടിയുടെ കടിയേറ്റത്. പനയുള്ളതില്‍ യൂസുഫ് (45), കൊവ്വല്‍ നിലത്തില്‍ ഉഷ (47), എരുവാട്ടി കുനി വിപിന്‍ദാസ് (30), എരുവാട്ടി കുനി നിര്‍മല (48), പറമ്പത്ത് ലീബ (32) എന്നിവര്‍ക്കാണ് കടിയേറ്റത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്തും പരിസരത്തും വച്ചാണ് എല്ലാവര്ക്കും കടിയേറ്റത്. ലീബ, ഉഷ എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തലയ്ക്കാണ് ഇവര്‍ക്ക് കടിയേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് യൂസുഫിന് വീട്ടിനടുത്ത ഇടവഴിയില്‍ വച്ച് നായയുടെ കടിയേറ്റത്.
ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കടിച്ച നായയെ നാട്ടുകാര്‍ തിരഞ്ഞെങ്കിലും കാണാതാവുകയായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം തിരിച്ചെത്തിയ ഇതേ നായയാണ് മറ്റുള്ളവരെയും കടിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. അവസാനം കടിയേറ്റ വിപിന്‍ദാസ് എന്ന യുവാവാണ് തന്റെ വീട്ടുമുറ്റത്ത് വച്ച് നായയെ അടിച്ചു കൊന്നത്. കടിച്ചത് പേപ്പട്ടിയാണെന്ന് സംശയിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."