ആദായ നികുതി ഓഫിസിന് മുന്നില്‍ എല്‍.ഡി.എഫിന്റെ രാപ്പകല്‍ സമരം തുടങ്ങി
കോഴിക്കോട്: സഹകരണ മേഖലയെ തകര്‍ത്തുകൊണ്ട് നരേന്ദ്ര മോദി ക്രൂരനായ ഭരണാധികാരിയായി മാറിയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന് മാസ്റ്റര്‍. ആദായ നികുതി ഓഫിസിന് മുന്നില്‍ എല്‍.ഡി.എഫ് നടത്തുന്ന രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൂരമായ നയവുമായാണ് മോദി മുന്നോട്ടു പോകുന്നതെങ്കില്‍ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് തള്ളിവിട്ടു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക നിശ്ചലാവസ്ഥ കാരണം വിവരിക്കാനാകാത്ത പ്രയാസങ്ങളാണ് സാധാരണ ജനങ്ങള്‍ അനുഭവിക്കുന്നത്. സാധാരണക്കാരുടെ രക്ഷകരായി നിന്നവരാണ് സഹകരണ സ്ഥാപനങ്ങള്‍. നോട്ട് നിരോധിച്ചത് രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്നാണ് ആദ്യം ജനം വിശ്വസിച്ചത്. എന്നാല്‍ ജീവിതം വഴിമുട്ടിയ ജനത്തെ വെല്ലു വിളിക്കുകയാണ് മോദി ചെയ്തു വരുന്നതെന്നും മോഹനന് മാസ്റ്റര്‍ വ്യക്തമാക്കി.
ഒരു ലക്ഷത്തി ഇരുപത്തിയേഴായിരം കോടി രൂപയാണ് സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപമായുള്ളത്. കള്ളപ്പണക്കാരുടെ പണമാണ് സഹകരണ ബാങ്കുകളിലുള്ളതെന്നാണ് മോദി ഇപ്പോള്‍ പറയുന്നത്. സഹകരണ ബാങ്കില്‍ നിക്ഷേപിക്കുന്നവര്‍ കള്ളന്മാരാണെന്ന് ചിത്രീകരിച്ചാല്‍ സമാധാനം പറയേണ്ടി വരുമെന്നും മോഹനന് മാസ്റ്റര്‍ സൂചിപ്പിച്ചു. ആര്.എസ്.എസ് പദ്ധതിയനുസരിച്ചാണ് സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.കെ.എം കുട്ടി അധ്യക്ഷനായി. മുന്‍ കോര്പറേഷന് മേയര്‍ എം. ഭാസ്കരന്, ജനതാദള്‍ (എസ്) സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ, എല്‍.ഡി.എഫ് സിറ്റി കണ്‍വീനര്‍ ടി.പി ദാസന്, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, സി.എം ഹമീദ്, സൂര്യനാരായണന്, പി.ടി ആസാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."