പുതിയ 500ലും അച്ചടിപ്പിഴവ്
മുംബൈ: വ്യാജ കറന്‍സിക്കെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച് സര്‍ക്കാര്‍ അസാധുവാക്കിയ 500 രൂപയ്ക്കു പകരം പുറത്തിറക്കിയ നോട്ടില്‍ പിഴവ്. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 500 രൂപ നോട്ട് രണ്ടുവിധത്തിലാണ് ജനങ്ങളുടെ കൈകളിലെത്തുന്നത്. രണ്ടു വിധത്തില്‍ രൂപകല്‍പന ചെയ്ത നോട്ട് കൈയില്‍ കിട്ടുന്നവര്‍ ഒറിജിനലാണോ വ്യാജനാണോ എന്നറിയാതെ വിയര്‍ക്കും.
പുതിയ 2000 രൂപ നോട്ടിലെ പ്രിന്റിങ്മഷി ഇളകുന്നെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് നിറത്തിലും രൂപകല്‍പനയിലും വ്യത്യാസമുള്ള 500 രൂപ നോട്ടും എത്തിയിരിക്കുന്നത്.
നോട്ട് അച്ചടിച്ചത് ലാഘവത്തോടെയാണെന്ന വിമര്‍ശനം നവമാധ്യമങ്ങളില്‍ ചൂടുപിടിച്ചതോടെ വിശദീകരണവുമായി റിസര്‍വ് ബാങ്ക് രംഗത്തെത്തിയിട്ടുണ്ട്. നോട്ടില്‍ വൈരുധ്യമില്ലെന്നും അച്ചടിയിലെ തകരാറാണ് ഇത്തരത്തില്‍ സംഭവിക്കാന്‍ കാരണമെന്നുമാണു ആര്‍.ബി.ഐയുടെ വിശദീകരണം.
ഇത്തരത്തിലുള്ള നോട്ടുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന പ്രശ്‌നം ഉണ്ടാവുകയാണെങ്കില്‍ ഇവ തിരിച്ചെടുക്കുമെന്നു ആര്‍.ബി.ഐ വക്താവ് അറിയിച്ചു. നോട്ടില്‍ അച്ചടിച്ച മഹാത്മാഗാന്ധിയുടെ ചിത്രത്തിനു മങ്ങിയ രീതിയില്‍ നിഴലുണ്ടായിട്ടുണ്ടെന്നു നവമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."