മെഡിക്കല്‍ കോളജില്‍ ശ്രവണ-സംസാര വൈകല്യമുള്ളവര്‍ക്ക് ആധുനിക ചികിത്സാ കേന്ദ്രം വരുന്നു
കോഴിക്കോട്: ശ്രവണ-സംസാര വൈകല്യമുള്ളവര്‍ക്കായി മെഡിക്കല്‍ കോളജില്‍ നവീകരിച്ച ഓഡിയോളജി ആന്‍ഡ് സ്പീച്ച് പത്തോളജി കേന്ദ്രം വരുന്നു. ഇ.എന്‍.ടി വിഭാഗത്തിന്റെ ഭാഗമായ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിലെ ആറാം നിലയിലാണ് ആധുനിക രീതിയിലുള്ള ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങുക. സെന്ററിന്റെ ഉദ്ഘാടനം 29ന് ഉച്ചയ്ക്ക് 12ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും.
4000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ആറു സൗണ്ട് ട്രീറ്റെഡ് ഇന്റര്‍ നാഷനല്‍ സ്റ്റാന്റേഡ് ഓഡിയോളജി റൂമുകള്‍, കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, ഹിയറിങ് എയ്ഡ് ടെസ്റ്റ് ലാബ്, വോയ്‌സ് ലാബ് എന്നിവ പുതിയ കേന്ദ്രത്തിലുണ്ടാകും. ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവയ്ക്ക് വേണ്ടി 12 റൂമുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഒരേ സമയം 22 രോഗികള്‍ക്ക് സേവനം നല്‍കാനുള്ള സൗകര്യവും ഇവിടെയുണ്ട്. കൂടാതെ കേള്‍വി സഹായികളുടെ ഗുണനിലവാര പരിശോധന സംവിധാനം, 18 വയസില്‍ താഴെയുള്ളവര്‍ക്ക് ആര്‍.ബി.എസ്.കെയുടെ കീഴില്‍ സൗജന്യ ഹിയറിങ് എയ്ഡ് വിതരണം, സ്പീച്ച് ഇവാലുവേഷന്‍, ഓഡിനറി വെര്‍ബര്‍ ഹാബിലിറ്റേഷന്‍, കേള്‍വി വൈകല്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയ സേവനങ്ങളെല്ലാം ഇവിടെ ലഭ്യമാകും. ജന്മനായുള്ള കേള്‍വിക്കുറവ് കണ്ടെത്താനുള്ള സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.
പ്രതിവര്‍ഷം 4000ത്തോളം കുട്ടികള്‍ സ്പീച്ച് തെറാപ്പിക്കായി ആശുപത്രിയിലെത്തുന്നുണ്ട്. കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ രോഗികള്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനായി കേരള സാമൂഹ്യസുരക്ഷാ മിഷന്റെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസെബിലിറ്റിയുടെ സഹായത്തോടെയാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഉദ്ഘാടനത്തോടനുബന്ധിച്ച് മെഡിക്കല്‍ കോളജില്‍ നിന്ന് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തിയവരുടെ കുടുംബസംഗമവും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. പി. മുരളീധരന്‍ നമ്പൂതിരി, ഷെമീര്‍ പൂതേരി, ഡോ. എ. പി സുനില്‍ കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."