കൃഷി നശിച്ചവര്‍ക്ക് ഹെക്ടറിന് 30,000 രൂപ നഷ്ടപരിഹാരം നല്‍കും
ആലപ്പുഴ: കെയ്‌കോയുടെ 47 കൊയ്ത്തുമെതി യന്ത്രങ്ങളില്‍ 20 എണ്ണം പ്രവര്‍ത്തന സജ്ജമാണെന്നും പുന്നപ്ര, പുറക്കാട്, കരുവാറ്റ, അമ്പലപ്പുഴ, കുട്ടനാട് എന്നിവിടങ്ങളില്‍ കൃഷി നശിച്ചവര്‍ക്ക് ഹെക്ടറിന് 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായതായും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പറഞ്ഞു. ഓരുവെള്ളം കയറുന്നതു തടയാനായി ജില്ലയിലെ വിവിധയിടങ്ങളില്‍ ഡിസംബര്‍ 15നകം ഓരുമുട്ടുകള്‍ സ്ഥാപിക്കും. ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്റെ ആധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ സമിതി സമ്മേളന ഹാളില്‍ നടന്ന ജില്ലാ വികസന സമിതിയോഗത്തില്‍ ചെറുകിട ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ് ഇക്കാര്യം അറിയിച്ചത്. ചെങ്ങന്നൂര്‍ ഡിവിഷനു കീഴില്‍ 17ഉം തണ്ണീര്‍മുക്കം ഡിവിഷനു കീഴില്‍ 308 ഉം ഓരുമുട്ടുകള്‍ നിര്‍മിക്കും.
സംസ്ഥാന പ്ലാന്‍ പദ്ധതികള്‍ക്കായി അനുവദിച്ച തുകയില്‍ 63.03 ശതമാനം ചെലവഴിച്ചു. 112.07 കോടി രൂപയാണ് ചെലവഴിച്ചത്. കേന്ദ്ര സഹായ പദ്ധതികളില്‍ 157.22 കോടി രൂപ ചെലവഴിച്ചു. അനുവദിച്ച തുകയുടെ 99.98 ശതമാനമാണിത്. മറ്റു കേന്ദ്ര സഹായ പദ്ധതികളില്‍ 92.79 കോടി രൂപ ചെലവഴിച്ചു. 95.75 ശതമാനം തുകയാണ് ചെലവഴിച്ചത്.
കൈനകരിയില്‍ വടക്കേ തോട്ടില്‍ റോഡ് നിര്‍മാണത്തിനു സ്ഥാപിച്ച ചിറ അടിയന്തരമായി നീക്കാന്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന് നിര്‍ദേശം നല്‍കി. ആറാട്ടുപുഴയില്‍ കിളിമുക്ക് മുതല്‍ കൊച്ചിയുടെ ജെട്ടിവരെയുള്ള പ്രദേശത്ത് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ പിച്ചിങ് സ്ഥാപിക്കുന്നതിന് 7.50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.
ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററിന്റെ കേടുപാടുകള്‍ പരിഹരിച്ചതായി ഡി.എം.ഒ. പറഞ്ഞു. കൈനകരിയിലെ വട്ടക്കായലില്‍ നിര്‍മിക്കുന്ന ഹൗസ് ബോട്ട് ടെര്‍മിനലിന്റെ നിര്‍മാണം ഡിസംബര്‍ 31 നകം പൂര്‍ത്തീകരിക്കുമെന്ന് കെ.ഐ.ഐ.ഡി.സി. അറിയിച്ചതായി ഡി.റ്റി.പി.സി. സെക്രട്ടറി പറഞ്ഞു.
രാജാ കേശവദാസന്‍ സ്മാര നീന്തല്‍കുളം ഉപയോഗയോഗ്യമാക്കുന്നതിന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടെണ്ടര്‍ വിളിച്ചതായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പറഞ്ഞു.
അരൂര്‍ ബൈപ്പാസ് മുതല്‍ തോപ്പുംപടി വരെയുള്ള പഴയ ദേശീയപാതയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. കുട്ടനാട്ടിലെ എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് കളിക്കാന്‍ സ്ഥലമുണ്ടോയെന്നതിനെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. ഇട്ടി അച്യുതന്‍ സ്മാരകത്തിന്‌മേലുള്ള ജപ്തി നടപടി താത്കാലികമായി ഒഴിവാക്കാന്‍ ബാങ്കിന് നിര്‍ദേശം നല്‍കിയതായി സഹകരണ ജോയിന്റ് രജിസ്ട്രാര്‍ പറഞ്ഞു.
കായംകുളം കായലില്‍നിന്ന് നീക്കിയ മണല്‍ ഐ.ആര്‍.ഇ.യുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന് അറിയിച്ചതായും സെപ്റ്റംബര്‍ വരെ 100 പാസുകള്‍ നല്‍കിയതായും മൈനിങ് ജിയോളജി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സെപ്റ്റംബറിനുശേഷം പാസുകള്‍ നല്‍കിയിട്ടില്ല. രാത്രിയില്‍ മണല്‍ കടത്തുന്നുവെന്ന് പരാതി വന്നതിനെത്തുടര്‍ന്ന് പൊലീസ് പട്രോളിങ് ശക്തമാക്കാന്‍ ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു.
ആലപ്പുഴ നഗരത്തില്‍ പൊലീസ് ഔട്ട് പോസ്റ്റിനടുത്തുള്ള ബസ് സ്‌റ്റോപ്പ് വളവില്‍നിന്നു മുന്നോട്ടു മാറ്റി സ്ഥാപിക്കണമെന്ന് ധനവകുപ്പു മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ പ്രതിനിധി കെ.ഡി. മഹീന്ദ്രന്‍ ആവശ്യപ്പെട്ടു. ജില്ലാ കോടതി പാലത്തിനു സമീപം കയര്‍കെട്ടി നടത്തുന്ന ഗതാഗത ക്രമീകരണം യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായും കാട്ടൂരിലെയടക്കം കടല്‍ ഭിത്തി നിര്‍മാണം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചേര്‍ത്തല ഒറ്റപ്പുന്ന ജങ്ഷനില്‍ അപകടങ്ങള്‍ പതിവായെന്നും സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കണമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്റെ പ്രതിനിധി എസ്. പ്രകാശന്‍ ആവശ്യപ്പെട്ടു.
തണ്ണീര്‍മുക്കം കട്ടച്ചിറ കായല്‍ തീരം കല്ലുകെട്ടി സംരക്ഷിക്കാനുള്ള നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാമ്പുഴക്കരിഎടത്വാ റോഡ് പുനരുദ്ധരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ പ്രതിനിധി എം.എന്‍. ചന്ദ്രപ്രകാശ് ആവശ്യപ്പെട്ടു. കച്ചവടക്കാര്‍ വഴിയോരങ്ങള്‍ കൈയേറി കച്ചവടം നടത്തുന്നതു മൂലം ജില്ലയിലെ നഗരങ്ങളിലൂടെ സഞ്ചരിക്കാന്‍ കാല്‍നടയാത്രക്കാര്‍ ദുരിതം അനുഭവിക്കുന്നതായും നപടപടിയെടുക്കണമെന്നും കെ.സി. വേണുഗോപാല്‍ എം.പി.യുടെ പ്രതിനിധി ബി. ബൈജു ആവശ്യപ്പെട്ടു.
കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പൈല്‍ ആന്‍ഡ് സല്‍ബ് സ്ഥാപിച്ച് ബണ്ട് ബലപ്പെടുത്തിയ പുളിങ്കുന്ന് പുത്തനാറായിരം പാടശേഖരത്ത് മടവീണതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് തോമസ് ചാണ്ടി എം.എല്‍.എ.യുടെ പ്രതിനിധി ആവശ്യപ്പെട്ടു. ബണ്ട് ബലപ്പെടുത്തല്‍ നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായും ഗുണനിലവാരം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ. രാജേന്ദ്രന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."