പത്ത് ലക്ഷം രൂപ തട്ടിയെടുത്ത മുംബൈ സ്വദേശി അറസ്റ്റില്‍
കൊച്ചി: സ്വകാര്യ കമ്പനിയുടെ ഏജന്‍സി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത മുംബൈ സ്വദേശിയെ പൊലിസ് അറസ്റ്റ് ചെയ്തു. രോഹിത് കുശല്‍ വാസ്വാനിയാണ് നോര്‍ത്ത് പൊലിസിന്റെ പിടിയിലായത്.
തൃശൂര്‍ സ്വദേശിനിയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാന രീതിയില്‍ കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതിയാണ് രോഹിത്. ടി.സി.എല്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് കമ്പനിയുടെ മാനേജിങ് ഡയറക്ടറാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. പത്ത് ലക്ഷം രൂപ നല്കി കമ്പനിയുടെ ഏജന്‍സി എടുത്താല്‍ മാസം 75,000 രൂപ കമ്മീഷന് നല്‍കാമെന്നായിരുന്നു വാഗ്ദാനം. മാസം 18 ശതമാനം പലിശയും നല്‍കാമെന്ന് പറഞ്ഞു. തൃശൂര്‍ സ്വദേശിനിയുടെ കലൂരിലുള്ള സ്ഥാപനത്തിലെത്തി പരിചയപ്പെട്ട് പത്ത് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ദാസ് എന്നയാളെ കമ്പനിയുടെ വൈസ് പ്രസിഡന്റാണെന്നും പരിചയപ്പെടുത്തിയിരുന്നു.
പ്രതികള്‍ സമാന രീതിയില്‍ കളമശേരിയില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തതിന് കേസുണ്ട്. രാജസ്ഥാനില്‍ 17 ലക്ഷത്തിന്റെയും തെലുങ്കാനയില്‍ 31.5 ലക്ഷത്തിന്റെയും ഗുജറാത്തില്‍ 54 ലക്ഷത്തിന്റെയും ഹരിയാനയില്‍ 3.5 ലക്ഷത്തിന്റെയും മഹാരാഷ്ട്രയില്‍ 32.5 ലക്ഷത്തിന്റെയും മധ്യപ്രദേശില്‍ 30 ലക്ഷത്തിന്റെയും ഒഡീഷയില്‍ 10 ലക്ഷത്തിന്റെയും തട്ടിപ്പ് നടത്തിയ കേസുകളില്‍ അന്വേഷണം നടക്കുകയാണ്.
കൂട്ടുപ്രതി ദാസിനായി അന്വേഷണം ഊര്‍ജിതമാക്കി. നോര്‍ത്ത് പോലീസ് എസ്ഐ വിബിന് ദാസ്, എസ്.ഐ പി.ആര് ശരത്കുമാര്, സീനിയര്‍ സി.പി.ഒമാരായ ജയകുമാര്‍, അബ്ദുള്‍ ഹനീഫ്, സി.പി.ഒ ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."