ഇതര സംസ്ഥാന തൊഴിലാളികളിലെ നിരക്ഷരരെ സാക്ഷരരാക്കാന്‍ പദ്ധതി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളിലെ നിരക്ഷരരെ അക്ഷര ലോകത്തേക്ക് എത്തിക്കാനുള്ള പദ്ധതിക്കു തുടക്കമാകുന്നു.
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള സാക്ഷരതാ പദ്ധതി തയാറാക്കിയത്. പദ്ധതിയുടെ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികളിലെ നിരക്ഷരരെ സര്‍വേ നടത്തി കണ്ടെത്തും. ഇവര്‍ക്ക് ഹിന്ദി, മലയാളം ഭാഷകളില്‍ പരിശീലനം നല്‍കും. ഹിന്ദി, മലയാളം ഭാഷകളില്‍ ഇവരെ സാക്ഷരരാക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.
ഇതിന് പുറമേ ആരോഗ്യം, നിയമം, പരിസ്ഥിതി വിഷയങ്ങളിലും കേരളത്തിലെ സാമൂഹിക സാംസ്‌കാരിക ജീവിതത്തെയും കുറിച്ചുമുള്ള ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഇതര സംസ്ഥാന തൊഴിലാളികളോടുള്ള മലയാളികളുടെ മനോഭാവത്തില്‍ ഗുണപരമായ മാറ്റം വരുത്തുന്നതിനുള്ള ബോധവല്‍കരണ പരിപാടികളും സാക്ഷരതാ മിഷന്‍ സംഘടിപ്പിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ജനപ്രതിനിധികള്‍, സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, സാക്ഷരതാ തുടര്‍വിദ്യാഭ്യാല പ്രവര്‍ത്തകര്‍, ലൈബ്രറി കൗണ്‍സില്‍, സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികള്‍ എന്നിവയുടെ സഹകരണത്തോടെ പൊതുജന ക്യാംപയിനായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇതരസംസ്ഥാന തൊഴിലാളികളുള്ള പെരുമ്പാവൂരില്‍ 29 ന് പദ്ധതിയുടെ സംഘാടക സമിതി രൂപീകരണ യോഗം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."