നോക്കുകുത്തിയായി നഗരത്തിലെ വനിതാ വിശ്രമ കേന്ദ്രം
കോട്ടയം: നഗരത്തിലെ വനിതാ വിശ്രമകേന്ദ്രം നോക്കുകുത്തിയാകുന്നു. സ്ത്രീകള്‍ക്ക് ഉപയോഗപ്രദമല്ലാത്ത രീതിയിലാണ് ഇപ്പോള്‍ ഇവിടെ വിശ്രമകേന്ദ്രം പ്രവര്‍ത്തിക്കുന്നത് . ജില്ലയുടെ ഭരണസാരഥ്യത്തില്‍ ഭൂരിഭാഗവും വനിതകളാണെന്നിരിക്കെയാണ് സ്ത്രീ സുരക്ഷയ്ക്കായുള്ള നഗരത്തിലെ ഏക കേന്ദ്രം നോക്കുകുത്തിയാകുന്നതെന്നതും ശ്രദ്ധേയം.നഗരസഭാ അദ്ധ്യക്ഷ , ഉപാദ്ധ്യക്ഷ , ജില്ലാ കളക്ടര്‍ ,അസിസ്റ്റന്റ് കളക്ടര്‍, എ.ഡി.എം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ,ജില്ലാ പട്ടിക വര്‍ഗ്ഗ വികസന ഓഫീസര്‍ , ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് , ഇലക്ഷന്‍ കമ്മീഷന്‍ ഒബ്‌സെര്‍വര്‍ എന്നിങ്ങനെ വന്‍നിര സ്ത്രീ പ്രാതിനിധ്യമാണ് ജില്ലയിലെ ഭരണത്തിലുള്ളത്. ഇത്തരത്തില്‍ സ്ത്രീകള്‍ ജില്ല ഭരിക്കുമ്പോഴാണ് വനിതാ വിശ്രമ കേന്ദ്രം സ്ത്രീകള്‍ക്ക് ഉപയോഗിക്കാനാവാത്ത വിധം മാറിയിരിക്കുന്നത് കേന്ദ്രത്തിന്റെ ഉടമസ്ഥര്‍ കോട്ടയം നഗരസഭയാണെങ്കിലും അധികൃതര്‍ ആരും തന്നെ ഇവിടേയ്ക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് ആക്ഷേപം. കോട്ടയം നഗരത്തിലും റെയില്‍വേ സ്റ്റേഷനിലും നാഗമ്പടം മുനിസിപ്പല്‍ ബസ്റ്റാന്റിലും എത്തുന്ന സ്ത്രീ യാത്രക്കാര്‍ക്കായും 2010 ലാണ് നഗരസഭ വിശ്രമ കേന്ദ്രം നിര്‍മ്മിച്ചത്. ശിലാസ്ഥാപനം , നിര്‍മ്മാണോദ്ഘാടനം, പ്രവര്‍ത്തനോദ്ഘാടനം എന്നിങ്ങനെ ഉദ്ഘാടനങ്ങളുടെ ഘോഷയാത്രകളോടെയായിരുന്നു വനിതാ വിശ്രമകേന്ദ്രം ആരംഭിച്ചത്.
തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് നാഗമ്പടം മുനിസിപ്പല്‍ സ്റ്റാന്റിന്റെ മുന്‍വശത്തായി സ്ഥിതി ചെയ്യുന്ന വിശ്രമകേന്ദ്രം കുടുംബശ്രീയുടെ മേല്‍ നോട്ടത്തിലാണ് നടക്കുന്നതെന്നാണ് നഗരസഭാ അംഗങ്ങള്‍ പറയുന്നത്. ആറ് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ഇടക്കാലത്ത് ആഹാരശാലയും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതിയില്‍ ഓഡിറ്റ് ഓബ്ജക്ഷന്‍ നിലനില്‍ക്കുന്നതായും ആക്ഷേപമുണ്ട്. ഏകദേശം 22 ലക്ഷം രൂപ ചിലവിലാണ് കേന്ദ്രത്തിന്റെ നിര്‍മ്മാണം നടത്തിയത്. കൂടാതെ ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ ചിലവിട്ടാണ് ഉപഭോക്താക്കള്‍ക്കായി ഡോര്‍മെട്രി സൗകര്യം ഒരുക്കിയത്. എന്നാല്‍ ഇവിടേയ്ക്ക് വിശ്രമത്തിനായി കൂടുതല്‍ ആളുകള്‍ എത്താത്തത് പ്രവേശ കവാടത്തിലെ ഓട്ടോ സ്റ്റാന്റും ഒപ്പം രാത്രി കാലങ്ങളില്‍ പ്രദേശത്തെ വെളിച്ചമില്ലായ്മയും മൂലമാണെന്നും ജനങ്ങള്‍ക്കിടയില്‍ ആക്ഷേപമുണ്ട്. കേന്ദ്രത്തിന് മുന്‍പില്‍ പ്രവര്‍ത്തിക്കുന്ന പ്രീ പെയ്ഡ് കൗണ്ടര്‍ വനിതാ പൊലീസ് എയ്ഡ് പോസ്റ്രാക്കണമെന്നും ഓട്ടോറിക്ഷാ സ്റ്റാന്റും പ്രീ പെയ്ഡ് കൗണ്ടറും ബസ് സ്റ്രാന്റിന്റെ പൊലിസ് ഔട്ട് പോസ്റ്റിലേയ്ക്ക് മാറ്റുകയും നഗരസഭ നേരിട്ട് വനിതാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നടത്തണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."