സ്കൂളിന്റെ സ്ഥലം കൈയേറിയതായി പരാതി
വളാഞ്ചേരി: കുറ്റിപ്പുറം മൂടാല്‍ ഗവ:എല്‍.പി സ്കൂളിന്റെ സ്ഥലം സ്വകാര്യ വ്യക്തികള്‍ കൈയേറിയതായി പരാതി. കഴിഞ്ഞ ദിവസം സ്ഥലം അളക്കാനെത്തിയ റവന്യൂഅധികൃതരെ കൈയേറ്റക്കാര്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. പി.ടി.എ ഭാരവാഹികളുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് താലൂക്ക് സര്‍വേയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്കൂളിന്റെ സ്ഥലം അളക്കാനായി എത്തിയത്. എന്നാല്‍ സ്ഥലം അളക്കുന്നതിനെ സമീപത്തെ കുടുംബം എതിര്‍ക്കുകയായിരുന്നു. പഞ്ചായത്ത് അധികൃതരും പി.ടി.എ ഭാരവാഹികളും സംഭവത്തില്‍ ഇടപെട്ടെങ്കിലും കുടുംബം കൈയാങ്കളിക്ക് മുതിര്‍ന്നതിനാല്‍ അളക്കല്‍ ഉപേക്ഷിച്ച് റവന്യൂസംഘം മടങ്ങി.
1974 ല്‍ തുടങ്ങിയ സര്‍ക്കാര്‍ എല്‍.പി സ്കൂളിന് ഒരേക്കര്‍ സ്ഥലം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്ഥലം സമീപവാസികള്‍ കൈയേറിയതായി ആരോപണമുണ്ട്. സ്കൂളിന്റെ ആധാരവും മറ്റു രേഖകളും മുന്‍പ് മോഷ്ടിക്കപ്പെട്ടിരുന്നു. ഇത് മൂലം സ്ഥലത്തെക്കുറിച്ചുള്ള വ്യക്തമായ രേഖകള്‍ സ്കൂള്‍ അധികൃതരുടെ കൈവശമില്ല. ഒരു വര്‍ഷം മുന്‍പ് സ്കൂളിന് ചുറ്റുമതില്‍ കെട്ടുന്നതിനായി കുറ്റിപ്പുറം പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ മതില് നിര്‍മാണവും സമീപവാസികള്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് പി.ടി.എ ഭാരവാഹികള്‍ പഞ്ചായത്തിലും റവന്യൂവിലും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം അധികൃതര്‍ സ്ഥലം അളക്കാന്‍ എത്തിയത്. ഇതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. സ്കൂളിന്റെ സ്ഥലം സ്വകാര്യ വ്യക്തികളില്‍ നിന്നും തിരിച്ചു പിടിക്കാന്‍ ആവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."