കേച്ചേരി വ്യാജ സിദ്ധന്റെ മരണം നിരവധി കുടുംബങ്ങള്‍ ആശങ്കയില്‍
പിതൃസ്വത്തായി ലഭിച്ചതടക്കം വിറ്റ് കിട്ടിയ പണമെല്ലാം വ്യാജ സിദ്ധന്റെ പ്രാര്‍ഥന കേന്ദ്രം നിര്‍മിക്കാനായാണ് ഉപയോഗിച്ചത്.
മാള: ഇറാക്ക് സിദ്ധനെന്നറിയപ്പെട്ടിരുന്ന ജമാലുദ്ദീന്‍ അല്‍ ബാഗ്ദാദിയെന്ന വ്യാജ സിദ്ധന്‍ മരണപ്പെട്ടുവെന്നറിഞ്ഞ നിരവധി കുടുംബങ്ങള്‍ ആശങ്കയില്‍. മയില്‍പ്പീലിതങ്ങളെന്നുമറിയപ്പെട്ടിരുന്ന ജമാലുദ്ദീന്‍ എന്ന വ്യാജ സിദ്ധന്‍ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഇതുമൂലം മാള കൊച്ചുകടവിലെ നിരവധി കുടുംബങ്ങളാണ് ആശങ്കയിലായത്.
ഭൂമി,സാമ്പത്തികം എന്നിവയുമായി ബന്ധപ്പെട്ട് ഈ കുടുംബങ്ങളും ജമാലുദ്ദീനുമായി ഹൈക്കോടതിയില്‍ കേസുണ്ട്. ഇയാള്‍ മരണപ്പെട്ടതോടെ ഈ കേസിന്റെ ഗതിയെന്താകുമെന്നാണ് അവരുടെ ആശങ്ക. 2001 ലാണ് ഈ വ്യാജ സിദ്ധന്റെ വലയിലകപ്പെട്ട് കൊച്ചുകടവിലെ 13 കുടുംബങ്ങള്‍ ഒന്നാകെ കുന്നംകുളം കേച്ചേരി ഇയ്യാലിലുള്ള ഇയാളുടെ താവളത്തിലെത്തിയത്. 13 കുടുംബങ്ങള്‍ ഒന്നാകേയും ഒന്‍പത് കുടുംബങ്ങളിലെ ഏതാനും അംഗങ്ങളുമാണ് വ്യാജ സിദ്ധന്റെ വലയിലകപ്പെട്ടത്.
കൊച്ചുകടവിലെ വീടുകളും പുരയിടങ്ങളും കൃഷിയിടങ്ങളുമടക്കം കിട്ടിയ വിലക്ക് വിറ്റാണ് 13 കുടുംബങ്ങള്‍ കേച്ചേരിയിലെത്തിയത്. വ്യാജ സിദ്ധന്റെ നിര്‍ദേശാനുസരണമാണിത്തരത്തില്‍ ചെയ്തത്.
തങ്ങളുടേതായതെല്ലാം വിറ്റുകിട്ടിയ പണമെല്ലാം വ്യാജ സിദ്ധന് സമര്‍പിക്കുകയായിരുന്നു അയാളുടെ വലയിലകപ്പെട്ടവര്‍. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ എത്തി വിറ്റ വീടുകളും സ്ഥലങ്ങളും തിരിച്ചു വാങ്ങാനൊരുങ്ങിയപ്പോള്‍ മുപ്പത് ലക്ഷം രൂപ വരെയാണ് വില പറഞ്ഞത്.പിതൃസ്വത്തായി ലഭിച്ചതടക്കം വിറ്റ് കിട്ടിയ പണമെല്ലാം വ്യാജ സിദ്ധന്റെ പ്രാര്‍ഥന കേന്ദ്രം നിര്‍മിക്കാനായാണ് ഉപയോഗിച്ചത്. കുറച്ചു പണം ബിസിനസുകളിലും മുടക്കിയിരുന്നു. വ്യാപാര സ്ഥാപനങ്ങളിലും മറ്റും വില്‍പനക്കാരായും കൃഷിപ്പണിക്കാരുമായും മറ്റുമാണ് കൊച്ചുകടവില്‍ നിന്നും പോയവരെ നിയോഗിച്ചിരുന്നത്.
വിവിധയിനങ്ങള്‍ക്ക് മുടക്കിയതും പണിക്കൂലിയുമായി അരക്കോടി രൂപയാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്. തിരികെ പോരാന്‍ നേരം ഇവര്‍ പണം ചോദിച്ചെങ്കിലും നിഷേധാത്മക നിലപാടായിരുന്നു സ്വീകരിച്ചത്. ഇതേതുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. ഇതിനിടയിലാണ് വ്യാജ സിദ്ധന്റെ മരണം.
ബന്ധുമിത്രാദികളെയെല്ലാം മറന്ന് മായാവലയത്തിലകപ്പെട്ട് കൊച്ചുകടവില്‍ നിന്ന് പോയവര്‍ സാവധാനമാണ് വ്യാജ സിദ്ധന്റെ തനിനിറം തിരിച്ചറിഞ്ഞത്. അതിനാല്‍തന്നെ നാല് കുടുംബങ്ങളൊഴികെ ബാക്കിയെല്ലാ കുടുംബങ്ങളും തിരികെ പോന്നു. മഹല്ലിനെയും ജനങ്ങളേയും ധിക്കരിച്ച് പോയി തിരികെ എത്തിയവരെ മഹല്ലും നാട്ടുകാരും സ്വീകരിച്ചു.
ബാക്കിയുള്ളവരില്‍ പലരും ബിസിനസും മറ്റുമായി കുന്നംകുളത്ത് കഴിയുന്നതിനൊപ്പം ചിലര്‍ വ്യാജ സിദ്ധനുമായുള്ള ബന്ധം തുടരുന്നുമുണ്ട്. ഇതിലൊരാളുടെ 11 സെന്റ് ഭൂമിയും വീടും ഇയാളുടെ കൈപ്പിടിയിലാണ്. വ്യാജ സിദ്ധന്റെ സഹോദരന്റെ പേരിലാണ് ഈ ഭൂമി. വ്യാജ സിദ്ധനില്‍ നിന്നും വാങ്ങിയ പണം തിരികെ കൊടുക്കുമ്പോള്‍ ഭൂമി വിട്ടു നല്‍കാമെന്ന കരാര്‍ ലംഘിക്കപ്പെട്ടുവെന്നാണ് അറിയുന്നത്.
കഴിഞ്ഞ ദിവസം മരണപ്പെട്ട വ്യാജ സിദ്ധന്റെ മൃതദേഹം പ്രാര്‍ഥനാകേന്ദ്രത്തിന്റെ മുറ്റത്ത് വിരിച്ച മാര്‍ബ്ബിള്‍ പാളികള്‍ മാറ്റി കുഴിയെടുത്താണ് അടക്കം ചെയ്തത്. നേരത്തെ പരാതികളെ തുടര്‍ന്ന് രണ്ടായിരാമാണ്ട് ജൂലൈ 20 നടക്കം പലവട്ടം ഇയാള്‍ക്കെതിരെ പൊലിസ് നടപടി സ്വീകരിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം പൊലിസ് നടപടിയില്‍ നിന്ന് പിന്മാറുന്ന അവസ്ഥയായിരുന്നു.
2000 ജൂലൈ 20 ന് അതിസാഹസികമായി ചാവക്കാട് എസ്.ഐയുടേയും വടക്കേക്കാട് എസ്.ഐയ്യുടേയും നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇയാളെ പിടികൂടിയെങ്കിലും മണിക്കൂറുകള്‍ക്കകം വിട്ടയക്കുകയാണുണ്ടായത്. മറ്റൊരു ജമാലുദ്ദീനെയാണ് ഉദ്ദേശിച്ചതെന്നും ആള് മാറിപ്പോയതാണെന്നുമായിരുന്നു പൊലിസ് ഭാഷ്യം. കൂളിമുട്ടത്തെ തികച്ചും നിരപരാധിയും 1991 ല്‍ മരിച്ചു പോയതുമായ ജമാലുദ്ദീന്റെ പേരാണ് അന്ന് പൊലിസ് മാധ്യമങ്ങളോട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."