ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍
ശ്രീകാര്യം: പൊലിസ് സ്റ്റേഷനില്‍ വിളിപ്പിച്ച് ചോദ്യം ചെയ്ത ബീറ്റ് ഫോറസ്റ്റ് ഓഫിസറെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
വഴുതക്കാട് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫിസിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസറായ കുളത്തൂര്‍ കിഴക്കുംകര ഗുരുദാസന് ജയകുമാരി ദമ്പതികളുടെ മകന് സുജിത്തി (35) നെയാണ് കുളത്തൂര്‍ പൗണ്ട് കടവിന് സമീപം റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് നൈറ്റ് പെട്രോളിങ് നടത്തുകയായിരുന്ന തുമ്പ പൊലിസ്് സംശയകരമായ സാഹചര്യത്തില്‍ ബൈക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സുജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
ഡ്രൈവിങ് ലൈസന്‍സിലെ വിലാസമാണ് ആളെ തിരിച്ചറിയാന്‍ സഹായകമായത്. പൊലിസ് അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. രണ്ടു ദിവസം മുമ്പ് സുജിത്തുമായി പിണങ്ങിയ ഭാര്യ മീര മകന് ആദിയുമൊത്ത് സ്വന്തം വീട്ടിലേയ്ക്ക് പോയിരുന്നു. വഞ്ചിയൂരിലെ ഡേ കെയറിലാക്കിയ മകനെ ചൊവ്വാഴ്ച സുജിത്ത് വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയതില്‍ പ്രകോപിതയായ ഭാര്യ വഞ്ചിയൂര്‍ പൊലിസില്‍ സുജിത് തന്നെ മര്‍ദിച്ചതായും കുട്ടിയെ പിടിച്ചുകൊണ്ടു പോയതായും പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സുജിത്തിനെ വഞ്ചിയൂര്‍ പൊലിസ് വിളിപ്പിക്കുകയും കുട്ടിയെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനും തുടര്‍ന്ന് കൗണ്‍സിലിങിന് അടുത്തദിവസം തന്നെ സ്റ്റേഷനിലെത്താനും നിര്‍ദേശിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം വീട്ടിലേയ്ക്ക് പോയ സുജിത്തിനെ രാത്രിയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഭാര്യ തനിക്കെതിരെ പരാതി നല്‍കിയതിന്റെ മനോവിഷമമാകാം മരണകാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബുധനാഴ്ച രണ്ടു മണിയോടെ കുളത്തൂര്‍ കോലത്തുകര ശ്മശാനത്തില്‍ സംസ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."