ആ മുറിയില്‍ നിശബ്ദത മാത്രമാണ് ബാക്കിയുള്ളത്...
വമ്പന്‍ ക്ലബുകളെ കീഴടക്കി യൂറോപ്പ ലീഗിനു സമാനമായ ലാറ്റിനമേരിക്കന്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് കുതിച്ചെത്തിയ ഒരു കുഞ്ഞന്‍ ക്ലബിന്റെ സ്വപ്ന യാത്ര ആ രാത്രിയില്‍ കൊളംബിയന്‍ മല നിരകളുടെ താഴ്‌വാരത്തില്‍ അവസാനിച്ചു...
ബ്രസീലിയന്‍ ഫുട്‌ബോള്‍ ടീം ഷാപ്പ്‌കൊയെന്‍സിന്റെ ഡ്രസിങ് റൂമില്‍ നിശബ്ദത മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത്. രംഗ ബോധമില്ലാത്ത മരണത്തിന്റെ കോമാളിത്തരത്തില്‍ ഞെട്ടല്‍ മാറാതെ നില്‍ക്കുകയാണ് ഫുട്‌ബോള്‍ ലോകം. ചരിത്രത്തിലാദ്യമായി ഒരു മേജര്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിക്കാനായി പുറപ്പെട്ട ബ്രസീലിയന്‍ ഫുട്‌ബോള്‍ ടീം ഷാപ്പ്‌കൊയെന്‍സിന്റെ കിനാവുകള്‍ കൊളംബിയന്‍ മല നിരകളില്‍ വിമാനാപകടത്തിന്റെ രൂപത്തില്‍ കത്തിയമര്‍ന്നത് ഹൃദയ വേദനയോടെയാണ് ഫുട്‌ബോള്‍ ലോകം ശ്രവിച്ചത്. ഇതിഹാസ താരങ്ങളായ പെലെ, മറഡോണ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി തുടങ്ങി ലോകമെമ്പാടുമുള്ള താരങ്ങളും ടീമുകളും എന്നന്നേക്കുമായി യാത്ര പോയ താരങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
കൊളംബിയന്‍ ക്ലബ് അത്‌ലറ്റിക്കോ നാഷണലുമായി കോപ്പസുഡാമേരിക്കാനയുടെ ഫൈനലിന്റെ ആദ്യ പാദ പോരാട്ടത്തിനായാണ് ടീം കൊളംബിയയിലേക്ക് യാത്ര തിരിച്ചത്. 70 പേര്‍ മരിച്ച ദുരന്തത്തില്‍ ക്ലബുമായി ബന്ധപ്പെട്ട 40 പേരുണ്ടായിരുന്നു. 20 കളിക്കാര്‍ക്കു പുറമേ കോച്ചും സപ്പോര്‍ട്ടിങ് സ്റ്റാഫുകളും. ടീമിലെ 20 കളിക്കാരില്‍ 17 അംഗങ്ങളും പരിശീലകനടക്കമുള്ള സ്റ്റാഫുകളും മരണത്തിനു കീഴടങ്ങി. മൂന്നു താരങ്ങള്‍ മാത്രമാണ് രക്ഷപ്പെട്ടത്. സ്റ്റാര്‍ട്ടിങ് ഇലവനിലെ പതിനൊന്നില്‍ പത്തു പേരും ലോകത്തോടു വിട പറഞ്ഞു. അപകടത്തില്‍ രക്ഷപ്പെട്ടത് ഗോള്‍ കീപ്പര്‍ ജാക്‌സണ്‍ ഫോള്‍മാന്‍, പ്രതിരോധക്കാരന്‍ അലന്‍ റുസ്‌ക്കല്‍, സാംപിയര്‍ നെറ്റോ എന്നീ താരങ്ങളായിരുന്നു. മൂന്നു പേരില്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെട്ട ഏക താരം നെറ്റോയായിരുന്നു. ഫൈനല്‍ മത്സരത്തിനായി ടീമിനൊപ്പം യാത്ര ചെയ്യാതെ നാട്ടില്‍ തന്നെ നിന്ന ഒന്‍പതു താരങ്ങളും രക്ഷപ്പെട്ട മൂന്നു പേരും മാത്രമാണ് ടീമില്‍ ഇനി അവശേഷിക്കുന്നത്.
വിവരമറിഞ്ഞപ്പോള്‍ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ മൈതാനങ്ങളില്‍ മത്സരം തുടങ്ങും മുന്‍പ് മരണത്തിനു കീഴടങ്ങിയവര്‍ക്കായി മൗനമാചരിച്ചു. ക്ലബിന്റെ ഹോം മൈതാനമായ ഷപ്പ് കോണ്ടയില്‍ പതിനായിരക്കണക്കിനു ടീം അനുകൂലികളാണ് കണ്ണീരോര്‍മകളുമായി തടിച്ചു കൂടിയത്. ഒരു നാടിന്റെ സ്വപ്നങ്ങള്‍ക്കു കടും നിറങ്ങള്‍ സമ്മാനിച്ച ഒരുപറ്റം താരങ്ങളുടെ വിയോഗം അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. പലരും വിങ്ങി പൊട്ടിയും ഗാനങ്ങള്‍ ആലപിച്ചും കൈകള്‍ ചേര്‍ത്തുപിടിച്ചും ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചും തങ്ങളുടെ വേദന പങ്കുവച്ചു. ദുരന്തത്തില്‍ ഒരു ഫുട്‌ബോള്‍ ടീം തന്നെ ഇല്ലാതായി പോകുന്ന വിധിയുടെ ക്രൂരതയാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. പടിപടിയായി ഉയര്‍ന്നു വന്ന ടീമാണ് ഷാപ്പ്‌കൊയെന്‍സ്. 43 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1973ലാണ് ക്ലബ് ആരംഭിക്കുന്നത്. ബ്രസീലിലെ സാന്റ കാതറിനയിലെ ഷാപ്പ്‌കൊ നഗരത്തിലാണ് ക്ലബിന്റെ ആസ്ഥാനം. കൊറിന്ത്യന്‍സും പാല്‍മിറെസും സാവോ പോളോയും ഫ്‌ളെമംഗോയും ഫ്‌ളുമിനെന്‍സും ഉള്‍പ്പെട്ട ഫസ്റ്റ് ഡിവിഷനായ സീരി എയിലേക്ക് 2014ലാണ് ക്ലബ് പ്രവേശിച്ചത്.
ഷാപ്പ്‌കൊയെന്‍സിന്റെ കുതിപ്പ് അര്‍ഥ വിരാമത്തിലാവരുതെന്നു ബ്രസീലിലെ ഫുട്‌ബോള്‍ ക്ലബുകളൊന്നടങ്കം തീരുമാനിച്ചിട്ടുണ്ട്. അടുത്ത സീസണിലേക്ക് ഷാപ്പ്‌കൊയെന്‍സിനു താരങ്ങളെ ലോണില്‍ നല്‍കാമെന്നു മുന്‍നിര ക്ലബുകളെല്ലാം പ്രഖ്യാപിച്ചു കഴിഞ്ഞു. കോപ്പ സുഡാമേരിക്കാനയുടെ ഫൈനല്‍ ഇനി നടക്കില്ല. സ്വാഭാവികമായും കപ്പ് കൊളംബിയന്‍ ടീം അത്‌ലറ്റിക്കോ നാഷണലിനു ലഭിക്കും. എന്നാല്‍ കപ്പ് ഷാപ്പ്‌കൊയെന്‍സിനു നല്‍കി തങ്ങളുടെ ആദരം പ്രകടിപ്പിക്കാന്‍ കൊളംബിയന്‍ ക്ലബിനു ഒട്ടും ആലോചിക്കേണ്ടി വന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."