മിക്ക ബാങ്കുകളിലും പണം തീര്‍ന്നു നോട്ടില്ല; നോട്ടിനായുള്ള ഓട്ടവും നിലക്കുന്നു!
മലപ്പുറം: 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് ആഴ്ചകള്‍ പിന്നിട്ടിട്ടും അറുതിയില്ല. നോട്ടുമാറ്റാനും പണം പിന്‍വലിക്കാനും വരിനില്‍ക്കാന്‍ ആവശ്യക്കാര്‍ തയാറാണ്. പക്ഷേ, ജില്ലയിലെ മിക്ക ബാങ്കുകളിലും പണം തീര്‍ന്നതാണ് നോട്ടിനുള്ള നെട്ടോട്ടത്തിനു പോലും സാധിക്കാതായിരിക്കുന്നത്.
ഒന്നിനുപിറകേ ഒന്നായി ജില്ലയിലെ മിക്കവാറും എ.ടി.എം കൗണ്ടറുകള്‍ക്കെല്ലാം പൂട്ടുവീണിട്ടുണ്ട്. പ്രധാന നഗരങ്ങളിലെ ചുരുക്കം ചില എ.ടി.എമ്മുകളില്‍ മാത്രമാണ് അല്‍പമെങ്കിലും പണമുള്ളത്. ഇതോടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് പണംതികയാതെ പൊതുജനം വലയുകയാണിപ്പോള്‍.
പണമില്ലാത്തതിനെ തുടര്‍ന്നു പല ബാങ്കുകളും ജില്ലയില്‍ ഇന്നലെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. പണമെത്തുമെന്നു ബാങ്കുകള്‍ പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച ഉറപ്പ് ലഭ്യമായിട്ടില്ല. 2000 രൂപ നോട്ടുകളും കാലിയായതാണ് ബാങ്കുകളെ പ്രതിസന്ധിയിലാക്കിയത്. താല്‍കാലിക പ്രതിസന്ധി തീര്‍ക്കാന്‍ ജില്ലയ്ക്ക് 500 കോടിയെങ്കിലും വേണമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. എന്നാല്‍, നോട്ട് അസാധുവാക്കിയതിനു ശേഷം ജില്ലയിലെ ചെസ്റ്റുകളിലെത്തിയത് വെറും 40 കോടി രൂപയുടെ പുതിയ നോട്ടുകള്‍ മാത്രമാണ്.
ബാക്കിയുള്ളതു മറ്റു ജില്ലകളിലെ കറന്‍സി ചെസ്റ്റുകളില്‍നിന്നു വായ്പയെടുക്കുകയാണ് ചെയ്തത്. എന്നാല്‍, മറ്റു ജില്ലകളില്‍ ലഭിക്കുന്ന തുകയും നിലച്ചതോടെ ജില്ലയിലെ ബാങ്കുകള്‍ കാലിയായി. നവംബര്‍ മാസം അവസാനിച്ചതോടെ ശമ്പളത്തിനുള്ള നെട്ടോട്ടമാണ് ഇന്നു മുതല്‍. ട്രഷറികള്‍ വഴിയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം വിതരണം ചെയ്യുന്നത്. എന്നാല്‍, ഇതിനാവശ്യമായ പണം ബാങ്കുകളില്‍നിന്നു ട്രഷറികളിലേക്ക് എത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."