സ്വര്‍ണം: വീണ്ടുവിചാരമില്ലാത്ത അടുത്ത തീരുമാനം
കറന്‍സി നിരോധനത്തിന് പിന്നാലെ രാജ്യത്ത് സ്വര്‍ണത്തിനും നിയന്ത്രണം. വിവാഹിതരായ സ്ത്രീകള്‍ക്ക് 500 ഗ്രാം(62.5 പവന്‍) സ്വര്‍ണവും അവിവാഹിതകള്‍ക്ക് 250 ഗ്രാം (31.25 പവന്‍) സ്വര്‍ണവും മാത്രമേ നിയമപരമായി സൂക്ഷിക്കാനാവൂവെന്നാണ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. പുരുഷന്മാര്‍ക്ക് സൂക്ഷിക്കാവുന്ന പരമാവധി സ്വര്‍ണത്തിന്റെ അളവ് 100 ഗ്രാം (12.5 പവന്‍) ആണ്. അളവില്‍ കൂടുതല്‍ സ്വര്‍ണം കൈവശം വച്ചാല്‍ ആദായനികുതി വകുപ്പിന് റെയ്ഡിലൂടെ കണ്ടെത്താമെന്നും കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവ് വ്യക്തമാക്കുന്നു. നവംബര്‍ 29ന് ലോക്‌സഭ പാസാക്കിയ ആദായനികുതി നിയമഭേദഗതി പ്രകാരമാണ് പുതിയ നിയന്ത്രണം. അതേസമയം വെളിപ്പെടുത്തിയ വരുമാനം ഉപയോഗിച്ചു വാങ്ങിയ സ്വര്‍ണത്തിനും പൈതൃകസ്വത്തായി ലഭിച്ച സ്വര്‍ണത്തിനും നിയന്ത്രണം ബാധകമാവില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
1961ലെ ഇന്‍കംടാക്‌സ് നിയമത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ഉറവിടം വ്യക്തമാക്കാതെ കൈവശംവച്ചിട്ടുള്ള സ്വത്തിന് ടാക്‌സ് ഈടാക്കാനുള്ള വകുപ്പ് ശക്തിപ്പെടുത്തുന്നതാണു ഭേദഗതി. ഇതുപ്രകാരം ഇത്തരത്തിലുള്ള സ്വത്ത്, അത് സ്വര്‍ണമോ മറ്റെന്തെങ്കിലുമോ ആണെങ്കിലും അതിന്റെ മൂല്യത്തിന്റെ 60 ശതമാനം നികുതിയും 25 ശതമാനം സര്‍ചാര്‍ജും ഈടാക്കാനാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.
സ്വത്ത് പരിശോധിക്കുന്ന ഉദ്യോഗസ്ഥന് അത് അനധികൃതമാണെന്നു കണ്ടെത്തിയാല്‍ കണ്ടുകെട്ടാനും പിന്നീട് കൃത്യമായ വിവരങ്ങള്‍ നല്‍കി നിയമപരമായി നേടിയ പണം കൊണ്ട് സമ്പാദിച്ചതാണെന്ന് ബോധ്യപ്പെടുത്തിയാല്‍ തിരിച്ചുനല്‍കാനും അധികാരം നല്‍കുന്നതാണ് വ്യവസ്ഥകള്‍. ഇതോടൊപ്പമാണ് ഒരാള്‍ക്ക് കൈവശംവയ്ക്കാവുന്ന സ്വര്‍ണത്തിന്റെ പരിധിയും കേന്ദ്ര ധനമന്ത്രാലയം നിജപ്പെടുത്തിയത്. വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം, അവിവാഹിതക്ക് 250 ഗ്രാം, പുരുഷന് നൂറു ഗ്രാം എന്നിങ്ങനെ സ്വര്‍ണം കൈവശം വയ്ക്കുന്നതിന് അനുവാദമുണ്ടാകും. ഇതില്‍ കൂടുതല്‍ സ്വര്‍ണം, പരിശോധനയില്‍ കണ്ടെത്തിയാല്‍ അതിന് വ്യക്തമായ ഉറവിടം കാണിക്കേണ്ടിവരും.അത് അന്വേഷണ ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സ്വര്‍ണം കണ്ടുകെട്ടും. അല്ലെങ്കില്‍ നിര്‍ദിഷ്ട ടാക്‌സേഷന്‍ നിയമം (രണ്ടാം ഭേദഗതി) ബില്‍, 2016 പ്രകാരമുള്ള 85 ശതമാനം നികുതിയും സര്‍ചാര്‍ജും അടയ്‌ക്കേണ്ടിവരും.
പരമ്പരാഗതമായി കിട്ടിയ സ്വര്‍ണത്തിന് നികുതി വേണ്ടെന്നു പറയുന്നുണ്ട്. എന്നാല്‍ ഇത്തരം സ്വര്‍ണം ഉരുക്കി പുതിയ മോഡല്‍ ആഭരണം തീര്‍ക്കുന്നവര്‍ക്കാണ്, അവര്‍ നിയമപ്രകാരം തന്നെയാണ് സ്വര്‍ണം കൈവശം വയ്ക്കുന്നതെങ്കില്‍ കൂടി പുതിയ ഭേദഗതി ഏറെ ദോഷം ചെയ്യുക. പഴയ ആഭരണങ്ങള്‍ നല്‍കി പുതിയതു വാങ്ങുന്നതും തെളിയിക്കുക സാധ്യമല്ല. ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ ഇതു താന്‍ വെളിപ്പെടുത്തിയ പണത്തില്‍ നിന്നാണ് വാങ്ങിയതെന്നു തെളിയിക്കലും പ്രയാസമാണ്.
നിക്ഷേപം എന്ന നിലയില്‍, ജോലിയിലൂടെ ടാക്‌സ് അടച്ച് നേടിയ പണത്തില്‍ നിന്ന് മിച്ചംപിടിച്ചു വാങ്ങിയ സ്വര്‍ണമാണെങ്കിലും അതിന് കണക്കുകാണിക്കാന്‍ പലരും വിയര്‍ക്കുമെന്നു തീര്‍ച്ച. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന്റെ ഔചിത്യത്തിന് കാര്യങ്ങള്‍ വിടുമ്പോള്‍ അത് അഴിമതിക്കു വഴിവയ്ക്കും. എങ്കില്‍ ബില്ലില്‍ ഉള്‍പ്പെടാതെ സ്വര്‍ണം വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഇതോടെ പിടിവീഴുമെന്ന് ഉറപ്പാണ്.
ലോകത്തുതന്നെ സ്വര്‍ണ ഉപയോഗത്തില്‍ രണ്ടാം സ്ഥാനത്താണ് രാജ്യം. ഏതാണ്ട് ആയിരം മെട്രിക് ടണ്ണാണ് രാജ്യത്തെ ഉപഭോഗം. പരിഭ്രാന്തരായ ജനം സ്വര്‍ണം വിറ്റഴിക്കാന്‍ നോക്കുന്നത് സ്വര്‍ണവില്‍പ്പന കുത്തനെ ഇടിയുന്നതിനു കാരണമാകും. ഇത് ഇടത്തരക്കാരെയാണ് കൂടുതല്‍ ബാധിക്കുക. സ്വര്‍ണവില്‍പനയില്‍ വന്‍ഇടിവ് ഉണ്ടാകുന്നതു നികുതി നഷ്ടമുണ്ടാക്കുകയും ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. സ്വര്‍ണം നിക്ഷേപമായി സൂക്ഷിക്കുന്നവരാണെന്നും അത് രാജ്യത്തിന് ഉപകാരമാകുന്ന വിധത്തില്‍ ഉപയോഗിക്കാനാണ് പുതിയ നിയമമെന്നുമാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ സൂക്ഷിപ്പുള്ള സ്വര്‍ണം പുറംരാജ്യങ്ങളിലേക്ക് ഒഴുകും. ഇത് തടയാന്‍ നിലവിലുള്ള സംവിധാനം പര്യാപ്തമല്ല. കറന്‍സി നിരോധനം വന്നതോടെ പുറംരാജ്യങ്ങളില്‍ നിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതിന് സഹായകമാകുന്ന നിലയില്‍ കറന്‍സി നിരോധനത്തിന് മുന്‍പുതന്നെ അന്യരാജ്യങ്ങളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതില്‍ ഇളവ് വരുത്തിയിരുന്നു.
നോട്ട് നിരോധനം വന്നപ്പോള്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനു മറ്റുള്ളവരുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ച പോലെ വീട്ടിലും കുടുംബത്തിലുമുള്ള മറ്റുള്ളവരുടേത് ആണെന്നു വാദിക്കുന്നതും കണ്ടുകെട്ടുന്നതിനു തടസമാണ്. നോട്ടുനിരോധനം പോലെ തികച്ചും അവധാനത ഇല്ലാത്തതും രാജ്യത്തിനു പുറത്തേക്ക് സ്ഥിരനിക്ഷേപം ഒഴുകുന്നതുമാണ് പുതിയ വ്യവസ്ഥകള്‍. ഇത് അഴിമതിക്ക് വ്യക്തമായ വഴിതുറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."