സ്വകാര്യ മേഖലയിലും ശമ്പളം അനിശ്ചിതത്വത്തില്‍
തിരുവനന്തപുരം: നോട്ട് പ്രതിസന്ധി മൂലം സ്വകാര്യമേഖലയിലും തൊഴിലാളികളുടെ ശമ്പളം അനിശ്ചിതത്വത്തില്‍. ബിസിനസിലെ സ്തംഭനാവസ്ഥയും അക്കൗണ്ടുകളില്‍ നിന്ന് ആവശ്യത്തിന് പണം ലഭിക്കാത്തതും കാരണം ജീവനക്കാര്‍ക്കു സമയത്തിനു ശമ്പളം നല്‍കാനാവാതെ വന്‍കിടക്കാരും ചെറുകിടക്കാരുമായ സംരംഭകര്‍ ഒരുപോലെ വലയുകയാണ്. ഒന്നാം തിയതി കൃത്യമായി ശമ്പളം നല്‍കുന്ന പല സ്ഥാപനങ്ങളിലും ഇന്നലെ ജീവനക്കാര്‍ക്കു ശമ്പളം നല്‍കിയിട്ടില്ല. വരുംദിവസങ്ങളില്‍ ശമ്പളം നല്‍കുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്.
ഓരോ മാസവും ആദ്യവാരത്തിലാണ് സ്വകാര്യ സംരംഭകര്‍ ജീവനക്കാര്‍ക്കു ശമ്പളം നല്‍കുന്നത്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ കൃത്യമായി ഒന്നാം തിയതി തന്നെ ശമ്പളം നല്‍കുമ്പോള്‍ ചിലയിടങ്ങളില്‍ അത് ഏതാനും ദിവസങ്ങള്‍ നീണ്ടുപോകാറുണ്ട്. എന്നാല്‍ ഇത്തവണ ഏതു ദിവസം ശമ്പളം നല്‍കാനാവുമെന്ന് തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കാനാവാത്ത അവസ്ഥയിലാണ് സംരംഭകര്‍.
പണത്തിന്റെ ലഭ്യതക്കുറവു കാരണം സാധാരണക്കാര്‍ വളരെ അത്യാവശ്യമല്ലാത്ത സാധനങ്ങള്‍ വാങ്ങുന്നതും സേവനങ്ങള്‍ സ്വീകരിക്കുന്നതും ഒഴിവാക്കുന്നതിനാല്‍ ഉല്‍പാദകരും വ്യാപാരികളും വിവിധ സര്‍വിസ് ദാതാക്കളും ഗണ്യമായ തോതിലുള്ള വരുമാന നഷ്ടം നേരിടുകയാണ്. അതോടൊപ്പം ബാങ്ക് അക്കൗണ്ടിലുള്ള പണം പിന്‍വലിക്കുന്നതിലുള്ള പരിമിതി പ്രതിസന്ധി രൂക്ഷമാക്കുന്നു.
കറന്റ് അക്കൗണ്ടില്‍ നിന്ന് ആഴ്ചയില്‍ 50,000 രൂപ വരെ പിന്‍വലിക്കാമെങ്കിലും അതു മിക്ക സ്ഥാപനങ്ങളിലും തൊഴിലാളികള്‍ക്കു ശമ്പളം നല്‍കാന്‍ പര്യാപ്തമല്ല. ബാങ്കുകളില്‍ ആവശ്യത്തിനു നോട്ട് എത്താത്തതു മൂലം പലര്‍ക്കും ഈ തുക പൂര്‍ണമായി ലഭിക്കുന്നുമില്ല.
സംസ്ഥാനത്തെ ചെറുകിട സംരംഭകരിലധികവും കറന്റ് അക്കൗണ്ട് ഇല്ലാത്തവരാണ്. അവര്‍ക്കു സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാനാവുന്നത് 24,000 രൂപ മാത്രമാണ്. നോട്ടിന്റെ ലഭ്യതക്കുറവു മൂലം അതും പൂര്‍ണമായി ലഭിക്കാത്ത സാഹചര്യവുമുണ്ട്.
തോട്ടം തൊഴിലാളികളുടെ വേതനം തൊഴിലുടമകള്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നല്‍കി കലക്ടര്‍മാര്‍ അതു തൊഴിലാളികള്‍ക്കു കൈമാറാന്‍ മന്ത്രിസഭ തീരുമാനമെടുത്ത് നടപ്പാക്കിത്തുടങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ ഫലപ്രദമായിട്ടില്ല.
പണത്തിന്റെ ലഭ്യതക്കുറവു മൂലം ഈ തുക പൂര്‍ണമായി കലക്ടര്‍ക്കു കൈമാറാന്‍ തോട്ടം ഉടമകള്‍ക്കു സാധിച്ചിട്ടില്ല. ഇതുമൂലം തോട്ടം തൊഴിലാളികളുടെ വേതനവും മുടങ്ങുകയാണ്. നിത്യക്കൂലിയും ആഴ്ചക്കൂലിയും വാങ്ങുന്ന നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ ഇതിനേക്കാള്‍ കടുത്ത പ്രതിസന്ധിയിലാണ്.
റിയല്‍ എസ്റ്റേറ്റ് രംഗത്തെ അനിശ്ചിതാവസ്ഥയെ തുടര്‍ന്ന് മിക്ക കരാറുകാരും നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്തിവച്ചതുകാരണം ഈ മേഖലയില്‍ രൂക്ഷമായ തൊഴിലില്ലായ്മ നിലനില്‍ക്കുകയാണ്.
നിര്‍ത്തിവച്ച പ്രവൃത്തികള്‍ എന്നു പുനരാരംഭിക്കുമെന്നു പറയാന്‍ പോലും സാധിക്കാത്ത സാഹചര്യത്തിലാണ് കരാറുകാര്‍. മറ്റുള്ള അസംഘടിത തൊഴില്‍മേഖലകളില്‍ ജോലി ചെയ്യുന്നവരും സമാന അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."